മനുഷ്യന്‍റെ അലച്ചിലിന്‍റെ ഉത്തരം

ബിനു തോമസ്, കിഴക്കമ്പലം

സ്ഥലകാലത്തിന്‍റെ കുരുക്കില്‍ അകപ്പെട്ട്, അസ്വസ്ഥഹൃദയനായി, പൂര്‍ണ്ണത തേടി അലയുന്ന മനുഷ്യയാഥാര്‍ത്ഥ്യത്തെ നമ്മള്‍ കഴിഞ്ഞ ലക്കത്തില്‍ കണ്ടു. ഈ ആഗ്രഹത്തിന് സാധ്യമായ വിശദീകരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

ആത്മീയത ഒരു സ്വാഭാവികാഗ്രഹം
ഒന്നാമതായി, പൂര്‍ണ്ണതയ്ക്കുള്ള ആഗ്രഹം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ച ഒരു ആഗ്രഹമാണോ? ഈ ലോകത്തിലെ കുറെയേറെ ആഗ്രഹങ്ങള്‍ മനുഷ്യന്‍റെ ഭാവനാസൃഷ്ടി തന്നെയാണ്. കോടികള്‍ വിലമതിക്കുന്ന സ്പോര്‍ട്സ് കാറില്‍ കറങ്ങിനടക്കാനുള്ള ഒരു ചെറുപ്പക്കാരന്‍റെ മോഹം അവന്‍റെ ഭാവനയില്‍ ഉരുവാകുന്നതാണ്. അതുപോലെ നൂറുകണക്കിന് ആഗ്രഹങ്ങള്‍ മനുഷ്യന്‍ കൊണ്ടുനടക്കുന്നുണ്ട്.

പക്ഷേ, എല്ലാ ആഗ്രഹങ്ങളും കൃത്രിമമല്ല. ഉദാഹരണത്തിന്, വിശപ്പ് എന്നത് മനുഷ്യന്‍ കൃത്രിമമായി ഉണ്ടാക്കുന്നതല്ല. വിശക്കുന്നത് അവന്‍റെ സ്വത്വത്തിന്‍റെ ഭാഗമാണ്. ദാഹിക്കുന്നത് അവന്‍റെ സ്വത്വത്തിന്‍റെ ഭാഗമാണ്. ഇത്തരം സ്വത്വത്തിന്‍റെ ഭാഗമായ ആഗ്രഹങ്ങളെ നമുക്ക് സ്വാഭാവികാഗ്രഹങ്ങള്‍ എന്ന് സംബോധന ചെയ്യാം.

എന്താണ് വിശപ്പുപോലുള്ള ഒരു സ്വാഭാവികാഗ്രഹവും, സ്പോര്‍ട്സ് കാര്‍ പോലുള്ള കൃത്രിമാഗ്രഹവും തമ്മിലുള്ള വ്യത്യാസം? ഏത് ആഗ്രഹത്തിനും അതിനെ തൃപ്തിപ്പെടുത്തുന്ന ഒരു വസ്തുവോ യാഥാര്‍ത്ഥ്യമോ ഉണ്ടാകും. ആഭരണപ്രിയയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നത് സ്വര്‍ണ്ണമാല ആയിരിക്കാം. ഇതിനെ നമുക്ക് ആഗ്രഹത്തിന്‍റെ ലക്ഷ്യവിഷയം എന്നു വിളിക്കാം.

കൃത്രിമാഗ്രഹത്തിന് രണ്ടു പ്രത്യേകതകള്‍ ഉണ്ട്. ഒന്ന്, അതിന്‍റെ ലക്ഷ്യവിഷയം ചിലപ്പോള്‍ വെറും ഭാവനമാത്രമായിരിക്കാന്‍ സാധ്യത ഉണ്ട്. ചന്ദ്രനിലെ കൊട്ടാരത്തില്‍ വസിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കില്‍, അതിനര്‍ത്ഥം ചന്ദ്രനില്‍ കൊട്ടാരമുണ്ട് എന്നല്ല. രണ്ട്, കൃത്രിമാഗ്രഹങ്ങള്‍ ലഭിച്ചില്ലെങ്കിലും മനുഷ്യന്‍റെ ജൈവികമായ നിലനില്‍പ്പ് അപകടത്തില്‍ ആകുന്നില്ല എന്നതാണ്. സ്പോര്‍ട്സ്കാര്‍ ലഭിച്ചില്ലെങ്കിലും ഒരു ചെറുപ്പക്കാരന്‍റെ ജൈവസത്ത അതുപോലെ തന്നെ നില നില്‍ക്കുന്നു.

പക്ഷേ, സ്വാഭാവികാഗ്രഹങ്ങളുടെ ലക്ഷ്യവിഷയം യഥാര്‍ത്ഥമാണ്. വിശപ്പിന്‍റെ ലക്ഷ്യവിഷയം ഭക്ഷണമാണ്. ദാഹത്തിന്‍റെ ലക്ഷ്യവിഷയം വെള്ളമാണ്. മനുഷ്യനില്‍ ഈ ആഗ്രഹങ്ങള്‍ രൂപപ്പെടാന്‍ ഈ ലക്ഷ്യവിഷയങ്ങളുടെ നിലനില്‍പ്പ് അടിസ്ഥാനമാണ്. ഭാവനയില്‍ രൂപപ്പെടുന്ന ഒന്നല്ല ഒരു മനുഷ്യന്‍റെ വിശപ്പ്.

മനുഷ്യന്‍റെ ആത്മീയദാഹം ഇതില്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു? അത് കൃത്രിമമോ അതോ നൈസര്‍ഗ്ഗികമോ? ന്യൂറോ സയന്‍സിന്‍റെയും നരവംശശാസ്ത്രത്തിന്‍റെയും പിന്‍ബലത്തില്‍, ആദ്ധ്യാത്മികത മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ ഭാഗമാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. അപ്പോള്‍, അത് കൃത്രിമമായ ഒരു ആഗ്രഹമല്ല, മറിച്ച് സ്വാഭാവികമാണ്.

ആത്മീയത അലൗകികതയിലേക്കുള്ള ചൂണ്ടുവിരല്‍
രണ്ടാമതായി, സ്വാഭാവികമായ ഈ ആഗ്രഹം മനുഷ്യന്‍റെ പരിണാമദശയിലെ ഒരു കേവല പാര്‍ശ്വഫലമാണോ? തലച്ചോറിലെ അര്‍ത്ഥരഹിതമായ ഒരു ആകസ്മിക മ്യൂട്ടേഷന്‍ മാത്രം? വിശപ്പിന്‍റെ ലക്ഷ്യവിഷയം ഭക്ഷണമായതുകൊണ്ട്, ഭക്ഷണത്തില്‍ നിന്ന് വിശപ്പ് ഉണ്ടായി എന്നര്‍ത്ഥമില്ല. മറിച്ച്, വിശപ്പ് ഉള്ള ജീവിയുടെ പരിണാമത്തില്‍ ഭക്ഷണം തിരിച്ചറിഞ്ഞ് ആഹരിക്കുവാന്‍ അവന്‍ ശീലിച്ചു എന്നു മാത്രമേ പറയാന്‍ സാധിക്കൂ. അതുപോലെ, ഇപ്പോള്‍ അജ്ഞാതമായ ഏതോ പരിണാമപ്രക്രിയയില്‍ നിന്ന്, വിശപ്പുപോലെ ഉരുത്തിരിഞ്ഞ ഒരു ലൗകികാഗ്രഹമായിരിക്കുമോ ദൈവത്തെ തേടിയുള്ള മനുഷ്യന്‍റെ അലച്ചില്‍?

ഭക്ഷണത്തിന്‍റെ അഭാവത്തില്‍, വിശപ്പ് എന്നൊരു നൈസ്സര്‍ഗികാഗ്രഹം ജീവികള്‍ക്ക് ഉണ്ടാവുക സാധ്യമാണെന്ന് കരുതാന്‍ വയ്യ. വെള്ളത്തിന്‍റെ അഭാവത്തില്‍ ദാഹവും, ഇണയുടെ അഭാവത്തില്‍ ലൈംഗികചോദനയും സാധ്യമാണോ? അല്ല. അപ്പോള്‍, പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള ദാഹം, ആ പൂര്‍ണ്ണതയുടെ സാന്നിധ്യത്തിന്‍റെ തെളിവല്ലേ?

അങ്ങനെ ചിന്തിക്കുമ്പോള്‍, അലൗകികതയിലേക്ക് നീളുന്ന മനുഷ്യന്‍റെ പൂര്‍ണ്ണത തേടിയുള്ള അലച്ചില്‍, അലൗകികമായി നിലനില്‍ക്കുന്ന ഒരു സത്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് കരുതുന്നതില്‍ യുക്തിയുണ്ട്. മനുഷ്യന്‍റെയും, മറ്റു ജീവജാലങ്ങളുടേയും ലൗകികവും സ്വാഭാവികവുമായ ആഗ്രഹങ്ങള്‍ – അവയുടെ ലൗകികസത്തയുടെ ഭാഗമായ എന്തും പ്രകൃതിയില്‍ പ്രകടമായ വസ്തുക്കള്‍ കൊണ്ട് വിശദീകരിക്കാന്‍ കഴിയും. ലൗകികമായ വസ്തുക്കളുടെ മാറ്റത്തിലൂടെ രൂപം കൊണ്ട അത്തരം സത്താഘടകങ്ങള്‍, ലൗകികലോകത്തിലേക്ക് ഒതുക്കപ്പെട്ടിരിക്കുന്നു. അങ്ങനെയെങ്കില്‍, അലൗകികമായ ഒരു ലക്ഷ്യവിഷയം ലൗകികമായ പ്രക്രിയയില്‍ പ്രത്യക്ഷപ്പെട്ടതെങ്ങനെ?

ലൗകികതയില്‍നിന്ന് ലൗകികത രൂപംകൊള്ളുന്നത് മനസ്സിലാക്കാന്‍ പ്രയാസമില്ല. വെള്ളത്തില്‍നിന്ന് നീരാവിയോ, കാറ്റില്‍നിന്ന് വൈദ്യുതിയോ, രാസ വസ്തുക്കളില്‍നിന്ന് അമിനോ ആസിഡോ ഒക്കെ ഉണ്ടാകുന്നത് ലൗകികതയില്‍ നിന്ന് ലൗകികത രൂപംകൊള്ളുന്നതിന്‍റെ ഉദാഹരണങ്ങളാണ്.

പക്ഷേ, ലൗകിക പ്രക്രിയയില്‍ നിന്ന് അലൗകികത രൂപം കൊള്ളുന്നതിന് ലൗകിക വിശദീകരണങ്ങള്‍ മതിയാവില്ല. കാലിയായ ഒരു ഐസ് ട്രേയില്‍ ശുദ്ധമായ പച്ചവെള്ളം ഒഴിച്ച് കാലിയായ ഫ്രിഡ്ജില്‍ വച്ചാല്‍, അത് ഐസ് ക്യൂബുകള്‍ ആകുന്നത് നമുക്ക് വിശദീകരിക്കാം. പക്ഷേ, ഫ്രിഡ്ജ് തുറക്കുമ്പോള്‍, ഐസ് ട്രേയില്‍ ചൊക്കളേറ്റ് ക്യൂബുകള്‍ കണ്ടാല്‍ അതിനെ വിശദീകരിക്കാന്‍ പച്ചവെള്ളം മാത്രം കൊണ്ട് കഴിയുകയില്ല. അതുപോലെ, ലൗകികമായ പ്രപഞ്ച പ്രക്രിയയില്‍ അലൗകികമായ ഒരു സത്ത ലക്ഷ്യവിഷയമായിട്ടുള്ള ആഗ്രഹങ്ങള്‍ ഒരു ജീവിയില്‍ പ്രത്യക്ഷപ്പെടുന്നത് ലൗകികമായി മാത്രം വിശദീകരിക്കാന്‍ ആവില്ല. ചോക്കളേറ്റ് ക്യൂബുകള്‍ക്കുള്ള ഏറ്റവും യുക്തമായ വിശദീകരണം, നമ്മള്‍ അറിയാതെ ആരോ ഒരാള്‍ ചൊക്കളേറ്റ് സിറപ്പ് ഐസ് ട്രേയില്‍ ഒഴിച്ചു എന്നതാണ്.

അപ്പോള്‍, പൂര്‍ണ്ണതയെതേടിയുള്ള മനുഷ്യന്‍റെ അലച്ചിലിന്‍റെ- ആദ്ധ്യാത്മികതയുടെ – സാധ്യമായ വിശദീകരണങ്ങളില്‍ ഏറ്റവും യുക്തമായ വിശദീകരണം, ആ ദാഹം മനുഷ്യനില്‍ നിക്ഷേപിച്ച പൂര്‍ണ്ണമായ ഒരു യാഥാര്‍ഥ്യം ഉണ്ട് എന്നതുതന്നെയാണ്.

ഈ വിശദീകരണത്തിന്, ഒരു തികഞ്ഞ ഭൗതികവാദിക്ക് നല്‍കാവുന്ന മറുപടികള്‍ എന്തൊക്കെയാവും? നമുക്ക് ആ മറുപടികളും അവയ്ക്കുള്ള സാധ്യമായ പ്രതികരണങ്ങളും അടുത്ത അധ്യായത്തില്‍ പരിശോധിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org