വിശുദ്ധര്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വഴികാട്ടികളാണ്

വിശുദ്ധര്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വഴികാട്ടികളാണ്

ക്രൈസ്തവപ്രത്യാശയെക്കുറിച്ചുള്ള മതബോധനത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ വിശുദ്ധന്മാരിലേക്കാണ് വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകസമൂഹത്തിന്‍റെ ശ്രദ്ധ ഫ്രാന്‍സിസ് പാപ്പ പതിപ്പിച്ചത്. വിശ്വാസത്തിന് സാക്ഷികളായി നമുക്ക് മുന്നേ കടന്നുപോയവര്‍ വലിയ പ്രത്യാശയാണ് നമുക്ക് പ്രദാനം ചെയ്തത്. ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും വിശുദ്ധിയില്‍ ജീവിക്കാന്‍ ഏവര്‍ക്കും സാധ്യമാണ് എന്ന് വിശുദ്ധരുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.

വിശുദ്ധി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുക എന്നല്ല. ദൈവം നമ്മളെ ഭരമേല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതാണത്. നമ്മുടെ ജോലിയില്‍, രോഗത്തില്‍, സഹനങ്ങളില്‍, ബുദ്ധിമുട്ടുകളില്‍ ദൈവത്തോട് തുറവുള്ളവരായിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അങ്ങനെ നമുക്ക് വിശുദ്ധരാവാന്‍ പറ്റും. എന്തു ചെയ്യുമ്പോഴും ദൈവത്തിന്‍റെ സഹായത്താല്‍ നമുക്ക് വിശുദ്ധിയില്‍ ചെയ്യാന്‍ സാധിക്കും എന്ന ബോധ്യമാണ് അടിസ്ഥാനമായി ഉണ്ടാവേണ്ടത്. ഹെബ്രാ. 12:1-ല്‍ നമ്മള്‍ വായിക്കുന്നതുപോലെ നമുക്ക് ചുറ്റും സാക്ഷികളുടെ വലിയ ലോകമുള്ളതിനാല്‍ നമ്മളെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്ക് നീക്കിക്കളയാം. നമുക്കായ് നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിതീര്‍ക്കാം. ഈ സാക്ഷികള്‍ നമ്മുടെ വിശുദ്ധന്മാരാണ്.

സഭയുടെ ആരാധനാക്രമത്തിലും കുദാശപരികര്‍മങ്ങളിലും പുണ്യവാന്മാരുടെ ഐക്യത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജ്ഞാനസ്നാനനിമിഷം മുതല്‍ നമ്മളോടൊപ്പം വിശുദ്ധരുടെ അനുധാവനം ഉണ്ടാവാന്‍ വേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കുന്നു. വിവാഹമെന്ന കുദാശയിലും മരണം വരെ വിശ്വസ്തരായി പരസ്പരം നിലകൊള്ളുവാന്‍ ദമ്പതികള്‍ക്കായ് വിശുദ്ധരുടെ മാദ്ധ്യസ്ഥം നമ്മള്‍ അപേക്ഷിക്കുന്നു. തിരുപ്പട്ട ശുശ്രൂഷാവേളയിലും നവവൈദികനുവേണ്ടി എല്ലാ വിശുദ്ധരോടും പ്രാര്‍ത്ഥിക്കാന്‍ അവിടെ സമ്മേളിക്കുന്ന ദൈവജനത്തോട് ബിഷപ്പ് ആവശ്യപ്പെടുന്നുണ്ട്.

ക്രൈസ്തവആത്മീയജീവിതശൈലി ആര്‍ക്കും അപ്രാപ്യമായതല്ല. നമ്മളെ സഹായിക്കാന്‍ നമുക്ക് മുന്നേ കടന്നുപോയ വിശുദ്ധരുടെ സഹായം തേടണം. നമ്മളെ ഭരമേല്‍പിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ യഥാവിധം നടപ്പിലാക്കുവാന്‍ ദൈവം സഹായിക്കും. കാരണം ക്രൈസ്തവജീവിതം ഒറ്റയ്ക്കുള്ള യാത്രയല്ല. ദൈവം കൂടെയുണ്ട് എന്ന ബോധ്യത്തിലുള്ള യാത്രയാണത്. നമുക്ക് മുന്നേ കടന്നുപോയ വിശുദ്ധര്‍ വഴികാട്ടികളാവുന്നു. പുണ്യവാന്മാരുടെ ഐക്യത്തിലുള്ള പ്രത്യാശയെക്കുറിച്ചുള്ള ബോധ്യത്തില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. വിശുദ്ധരാവണമെന്ന പ്രത്യാശ നമ്മളെ നയിക്കട്ടെ.

കര്‍മനിരതനായ ദൈവത്തെയാണ് ബൈബിളിന്‍റെ ആദ്യതാളുകളില്‍തന്നെ നമ്മള്‍ വായിക്കുന്നത്. ആ കര്‍മ്മം പ്രപഞ്ചസൃഷ്ടിയാണ്. തന്‍റെ സൃഷ്ടി മനോഹരമായിരിക്കുന്നു എന്ന് ദൈവം സ്വയം അഭിമാനിക്കുന്നതായും ഉല്‍പത്തിപുസ്തകത്തി ലെ സൃഷ്ടിവിവരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നമ്മളെ ഭരമേല്‍പിച്ച ജീവിതങ്ങളോടും അതിന്‍റെ ഉത്തരവാദിത്വങ്ങളോടും ഉത്സാഹത്തോടെയും തീക്ഷ്ണതയോടെയുമുള്ള അര്‍പ്പണമാണ് ആവശ്യമായിരിക്കുന്നത്. കാരണം നമ്മുടെ ജീവിതത്തോട്, അത് സൃഷ്ടിക്കുന്ന സഹനത്തോട,് സുവിശേഷാത്മകമായി, വിശ്വസ്തതയോടെയുള്ള പങ്കുചേരലിലാണ് വിശുദ്ധിയുടെ ചൈതന്യം കുടികൊള്ളുന്നത്. ഓര്‍ക്കുക, ജീവിതാവസ്ഥയാവുന്ന കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്നവന്‍ ദൈവരാജ്യത്തിന് അര്‍ഹനല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org