വിശ്വാസത്തിന്‍റെ തഴക്കദോഷം

വിശ്വാസത്തിന്‍റെ തഴക്കദോഷം

സോറണ്‍ കീര്‍ക്കെഗോര്‍ (1813-1855) ഡെന്മാര്‍ക്കിലെ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം എഴുതി, ഇവിടെ "എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതു ക്രൈസ്തവികത ക്രൈസ്തവസാമ്രാജ്യത്തില്‍ പ്രവേശിപ്പിക്കുകയാണ്." ഡെന്മാര്‍ക്കിലെ ലൂഥറന്‍ ക്രൈസ്തവസഭ ഒരു ക്രൈസ്തവ സാമ്രാജ്യമായി എന്നതാണു വിമര്‍ശനം. ഫലമായി മൂന്നു പ്രതിസന്ധികള്‍ ഉടലെടുത്തു. 1. ക്രൈസ്തവികത ബുദ്ധിയുടെ കുറേ തത്ത്വങ്ങളുടെ ആകെത്തുകയായി. 2. സഭ വിശ്വാസമില്ലാത്ത പതിനായിരക്കണക്കിനു വിശ്വാസികളുടെ വലിയ സംഘടനയായി. 3. തങ്ങള്‍ പ്രസംഗിക്കുന്ന ക്രൈസ്തവികത അവര്‍ തന്നെ നിഷേധിക്കുന്ന ആത്മവഞ്ചനയുടെ വൈദികകൂട്ടങ്ങള്‍ ഉണ്ടാക്കി.

"എന്‍റെ കടമ ക്രൈസ്തവമാണ് എന്ന മിഥ്യയില്‍ കഴിയുന്ന ആളുകളെ ചീത്ത പറയുക എന്നതാണ്. അപ്പോഴും ഞാന്‍ ക്രൈസ്തവികതയെ സേവിക്കുന്നു. ഇവിടെ പ്രതിസന്ധി സത്യവിശ്വാസവും പാഷണ്ഡതയും തമ്മിലല്ല… വിശ്വാസബോധം എന്നതുതന്നെയാണു പ്രശ്നം…. അത് അവതരിപ്പിക്കുന്നതിലൂടെ അതു നശിപ്പിക്കപ്പെടുന്നു." "ഈ ആള്‍ക്കൂട്ടം നാശത്തിലേക്കാണ് എന്ന അവബോധമുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെ മനസ്സിലാക്കൂ, തെറ്റിദ്ധരിക്കല്ലേ. ഞാന്‍ അവരെ തല്ലാന്‍ ഉദ്ദേശിക്കുന്നില്ല (ആള്‍ക്കൂട്ടത്തെ തല്ലുകയോ, ഇല്ല) അവരെക്കൊണ്ട് എന്നെ തല്ലിക്കും."

അവരുടെ വിശ്വാസം അലസമായി തഴക്കദോഷമായി പരിണമിച്ചു. "എന്‍റെ ദൗത്യം സത്യത്തിന്‍റെ സേവനമാണ്. അത് അന്തസ്സത്തയില്‍ അനുസരണമാണ്." എനിക്കു ജീവിക്കാന്‍ കൊള്ളാവുന്ന സത്യം കണ്ടെത്തണം. പക്ഷേ, ഞാന്‍ സത്യം എത്തിപ്പിടിക്കുകയല്ല, എന്നെ സത്യം എത്തിപ്പിടിക്കുകയാണ്.

അതു സാധിക്കാന്‍, കുളിക്കാന്‍ ഇറങ്ങുന്നതിനുമുമ്പ് വസ്ത്രമെല്ലാം ഉരിഞ്ഞുമാറ്റുന്നതുപോലെ നഗ്നനാകണം, ആന്തരികമായ ആശയങ്ങളുടെയും അഹന്തയുടെയും മൂടുപടങ്ങള്‍ അഴിച്ചുമാറ്റണം. തീരുമാനത്തിന്‍റെ നിമിഷം ഭ്രാന്തമായ വിശ്വാസത്തിന്‍റെ ചാട്ടമാണ് – അപ്പോള്‍ നിത്യത ഉണരുന്നു. "സത്യമായ ദൈവത്തെ ആശ്ലേഷിക്കുമ്പോള്‍ ദൈവം നിന്‍റെ രഹസ്യപ്രവര്‍ത്തകനാകും. പൊലീസ് വകുപ്പു രഹസ്യ ഏജന്‍റുമാരെ നവീകരിക്കാറില്ല. പക്ഷേ ദൈവം അതും ചെയ്യുന്നു. "പുതിയ നിയമപ്രകാരം ക്രൈസ്തവികത തീവയ്പാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org