Latest News
|^| Home -> Pangthi -> പലവിചാരം -> കോവിഡിന്റെ ആനുകൂല്യം നേടുന്നവര്‍ ആരെല്ലാം?

കോവിഡിന്റെ ആനുകൂല്യം നേടുന്നവര്‍ ആരെല്ലാം?

Sathyadeepam

ലിറ്റി ചാക്കോ

വാര്‍ഷിക സമ്മേളനമാണെത്തുന്നത്. ഇന്ന്, നാളെ, മറ്റന്നാള്‍ തീരുമെന്നു പലനാള്‍ കാത്തിരുന്നിട്ടും കാര്യമുണ്ടായിട്ടില്ലിതുവരെ. ഒരു വര്‍ഷം മുന്‍പുണ്ടായിരുന്ന അതേ ഗ്ലാമറില്‍ ആ കുഞ്ഞന്‍വൈറസ് തന്നെയാണിപ്പോഴും രാജാപ്പാര്‍ട്ട് കളിക്കുന്നത്.
നഷ്ടങ്ങളുടെ കണക്കുകള്‍ നാം നിരന്തരം കേള്‍ക്കുന്നു. തകര്‍ന്ന സാമ്രാജ്യങ്ങളുടെ ആ വര്‍ത്തനങ്ങള്‍. തിരികെ വരാനാവാതെ ഉഴറുന്ന വിപണിയും വി ദ്യാഭ്യാസമേഖലയും തുടങ്ങി എത്രയെത്ര ആവര്‍ത്തനങ്ങള്‍!
എന്നാല്‍ കോവിഡിന്റെ കാലത്തു നേട്ടമുണ്ടാക്കിയ എത്രയോ പേരെയും നമ്മള്‍ കണ്ടു. ഓണ്‍ലൈന്‍ പഠനത്തിനും ഇ-കണ്ടന്റുകള്‍ക്കും പ്രത്യേകം മാര്‍ക്കു നല്കിയിരുന്ന കോളങ്ങള്‍ ഇനി മുതല്‍ യു.ജി.സി.യുടെ മൂല്യനിര്‍ണ്ണയത്തിനു കാണില്ലായിരിക്കാം. എന്നിരുന്നാലും ഒരു ബ്ലെന്‍ഡ് ലേണിങ്ങിനു വന്‍ സാദ്ധ്യത തുറന്നു കൊടുക്കുകയാണ് കോവിഡ് കാലം ചെയ്തത്. കഥ, തിരക്കഥ, അഭിനയം, സംവിധാനം തുടങ്ങി പബ്ലിഷിംഗിലും ഡിസ്ട്രിബ്യൂഷനിലും വരെ എത്തിനില്‍ക്കുന്നുണ്ട് ഇന്ന് അദ്ധ്യാപന മേഖല. നാളെ ലോകം പഴയനിലയിലേക്കു തിരികെ വരുമ്പോള്‍ ഈ ആര്‍ജ്ജിത നൈപുണ്യങ്ങള്‍ അദ്ധ്യാപനത്തില്‍ ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
പരിസ്ഥിതിയും ഒന്നു റിഫ്രഷ് ആയിട്ടുണ്ട്. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് ഇടിവു തട്ടിയിരിക്കുന്നു, വിനോദ സഞ്ചാരമേഖലകളും പരിസ്ഥിതി ലോലപ്രദേശങ്ങളും നൈര്‍മ്മല്യം തിരികെ നേടിയിരിക്കുന്നു. അന്തരീക്ഷ മാലിന്യങ്ങള്‍ കുറഞ്ഞ് ആകാശക്കാഴ്ചകള്‍ വ്യക്തത നേടുന്നു. അനാവശ്യമായി നാം ചെലവാക്കിയിരുന്ന ഓരോ ഊര്‍ജ്ജകണികയും നാം അടക്കിവെയ്ക്കാന്‍ പഠിച്ചിരിക്കുന്നു. ധൂര്‍ത്തുകളും ആഡംബരങ്ങളും കു റച്ച് ആഘോഷങ്ങള്‍ എല്ലാം ചാരിറ്റിയിലേക്കു നമ്മള്‍ വഴിമാറ്റിയിരിക്കുന്നു. എത്രയോ പേരാണ് ഈ സൗജന്യത്തില്‍ ലളിതമായ ആഘോഷങ്ങളിലേക്ക് മാറിയത്! കോവിഡ് നല്കിയ നന്മ!


ആരോഗ്യരംഗത്തെക്കുറിച്ചാണ് രണ്ടു വാക്കു കൂടുതല്‍ പറയാനുള്ളത്. ആരോഗ്യമേഖലയാണല്ലൊ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആരോഗ്യവകുപ്പ്, ആരോഗ്യമന്ത്രി, ആരോഗ്യപ്രവര്‍ത്തകര്‍… അംഗീകാരങ്ങളും അറിയിപ്പുകളുമായി നിരന്തരം സാന്നിദ്ധ്യമറിയിച്ചിരുന്ന ഒരു വിഭാഗം. കേള്‍ക്കുമ്പോഴൊക്കെ നാം നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായി മാസ്‌കുകള്‍ വെച്ചും സാമൂഹിക അകലം പാലിച്ചും അനാവശ്യമെന്ന വാക്കിനു കീഴില്‍ വരുന്ന എല്ലാം വെട്ടിക്കുറച്ചും നാം സ്വയം നിയന്ത്രിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞയാഴ്ച ചില കണക്കുകളിലൂടെ കണ്ണോടിച്ചപ്പോള്‍, അവിടെ തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ‘ഞെട്ടിപ്പിക്കുന്ന’വയായിരുന്നു. ആശുപത്രി സന്ദര്‍ശനങ്ങളും ചെക്കപ്പുകളുമൊക്കെ നമ്മള്‍ കാര്യമായങ്ങ് വെട്ടിക്കുറച്ചു. ആരോഗ്യരക്ഷയ്ക്ക് ആശുപത്രിയേക്കാള്‍ നല്ല മറ്റു ബദല്‍ മാര്‍ഗ്ഗങ്ങളുണ്ടെന്നു നമ്മള്‍ തിരിച്ചറിഞ്ഞു. പ്രാവര്‍ത്തികമാക്കി. പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഫലപ്രദമെന്ന് നമ്മള്‍ സ്വയം ബോധവല്‍ക്കരണം നടത്തി. പരമ്പരാഗത പ്രതിരോധങ്ങളാണ് മരുന്നുകളേക്കാള്‍ ഗുണം ചെയ്യുന്നതെന്ന തിരിച്ചറിവിലാണ് ആശുപത്രികളിലെ പേരു കേട്ടതും തിരക്കേറിയതുമായ പല ഒ.പി. സെക്ഷനുകളും അടച്ചിട്ടു പോകുന്ന അവസ്ഥയിലേക്കു വരെ വഴി തെളിച്ചത്. അടിയന്തിര സ്വഭാവമല്ലാതെയുള്ള എല്ലാ ചികിത്സകളും മാറ്റിവയ്ക്കാവുന്നതാണെന്നും അങ്ങനെ വന്നാലും നമ്മള്‍ പെട്ടെന്നൊന്നും മരിച്ചുപോകുന്നില്ലെന്നും നമുക്ക് തിരിച്ചറിവുണ്ടാക്കിത്തന്നതും കോവിഡ് തന്നെയാണ്. ചോറുപോലെ വാരിത്തിന്നിരുന്ന ഗുളികകളിലായിരുന്നില്ല നമ്മുടെ ജീവന്‍ നിന്നിരുന്നതെന്ന് ചിലരെങ്കിലും മനസ്സിലാക്കുന്നു.
നമുക്കിനിയും ഒരു വെളിവു കൂടി വീഴാനുണ്ട്. കോവിഡ് പോയിക്കഴിഞ്ഞാലും ഇതെല്ലാം ഓര്‍മ്മയിലുണ്ടായിരിക്കണമെന്ന ഒരു വെളിവ്.

Leave a Comment

*
*