യേശുവിന്‍റെ മൃതസംസ്കാരത്തിനായുള്ള പാഴ്ചെലവുകള്‍

യേശുവിന്‍റെ മൃതസംസ്കാരത്തിനായുള്ള പാഴ്ചെലവുകള്‍

ഫാ. വര്‍ഗ്ഗീസ് പെരുമായന്‍

നോമ്പുകാലത്തെ അഞ്ചാമത്തെ  ആഗ്രഹം ഇതാണ്: "ലാഭനഷ്ട കണക്കുകൂട്ടുലുകളില്ലാതെ, ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ശുദ്ധമായ സ്നേഹത്തെ പ്രതി എന്തെങ്കിലും നന്മ ചെയ്യണം."

യേശു ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്‍റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയെ ശുദ്ധ നാര്‍ദീന്‍ സുഗന്ധ തൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ ആ തൈലം യേശുവിന്‍റെ ശിരസ്സില്‍ ഒഴിച്ചു. അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പറഞ്ഞു: ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നില്ലേ? യേശു പറഞ്ഞു: "ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. എന്‍റെ സംസ്കാരത്തിനുവേണ്ടി ഇവള്‍ എന്‍റെ ശരീരം മുന്‍കൂ ട്ടി തൈലം പൂശുകയാണു ചെയ്തത് (മര്‍ക്കോ. 14:3-9).
നോമ്പുകാലത്തെ അഞ്ചാമത്തെ ആഗ്രഹം ഇതാണ്: "ലാഭനഷ്ടകണക്കുകൂട്ടുലുകളില്ലാതെ, ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ശുദ്ധമായ സ്നേഹത്തെ പ്രതി എന്തെങ്കിലും നന്മ ചെയ്യണം."
യഹൂദ പശ്ചാത്തലത്തില്‍ ഒരു സാധാരണ ജോലിക്കാരന്‍റെ വാര്‍ഷികവരുമാനമാണു 300 ദനാറ. അത്രയും തുക വിലവരുന്ന സുഗന്ധതൈലം "പാഴാക്കുന്നതിനെ" പ്രശംസിച്ച യേശു, നമ്മുടെ ആഡംബരങ്ങളെയും ധൂര്‍ത്തുകളെയും പ്രോത്സാഹിപ്പിക്കുകയില്ലെന്നു വ്യക്തം. മറിച്ച്, ചില 'പാഴ് ചെലവുകള്‍ക്ക്' പിന്നിലെ നിഷ്കളങ്കമായ സ്നേഹത്തെ പ്രകീര്‍ത്തിക്കുകയാണു യേശു ചെയ്തത്. അനേകര്‍ വലിയ തുക ദേവാലയ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചപ്പോള്‍ തന്‍റെ മുഴുവന്‍ സമ്പാദ്യമായ രണ്ടു ചെമ്പുനാണയം നിക്ഷേപിച്ച ദരിദ്രവിധവയെയാണു യേശു പ്രശംസിച്ചതെന്നത് ഇവിടെ ചേര്‍ത്തു വായിക്കണം (മര്‍ക്കോ. 12:41-44).
ലാഭനഷ്ട കണക്കുകൂട്ടലുകളില്ലാത്ത 'പാഴ്ചെലവുകളാണ്' മനുഷ്യബന്ധങ്ങളെ ധന്യമാക്കുന്നത്. ഇത്തരം "പാഴാകലിന്‍റെ" ആത്മീയത അനുദിനം ജീവിക്കുന്നവര്‍ നമ്മുടെ അയല്‍പക്കത്തുതന്നെയുണ്ട്. ഗവണ്‍മെന്‍റ് ആശുപത്രികളിലെ രോഗികള്‍ക്കു പൊതിച്ചോറുമായെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, തളര്‍ന്നുപോയ ജീവിതപങ്കാളിയെ ശുശ്രൂഷിക്കാനായി വ്യക്തിപരമായ എല്ലാ നേട്ടങ്ങളും വേണ്ടെന്നുവച്ചവര്‍ മാനസിക-ശാരീരിക പരിമിതികളുള്ള മക്കളെ പരിചരിക്കാനായി എല്ലാ സന്തോഷങ്ങളും സൃഷ്ടിക്കുന്ന മാതാപിതാക്കള്‍ തങ്ങള്‍ക്കുണ്ടാകാന്‍ സാദ്ധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ചുകൊ ണ്ടു ….ജീവനായി വൃക്ക ദാനം ചെയ്യുന്ന വ്യക്തികള്‍ ഇവരെല്ലാം 'പാഴ്ചെലവിന്‍റെ' സുവിശേഷം പ്രഘോഷിക്കുന്നവരാണ്. യേശു കൂട്ടിച്ചേര്‍ത്തു: "ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും" (മര്‍ക്കോ. 14:9).
എന്നാല്‍ നമ്മുടെ ബന്ധങ്ങളില്‍ പ്രതിഫലചിന്ത വളരെ നിര്‍ണായകമായിരിക്കുന്നു എന്നതും വാസ്തവമാണ്. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പേരു വേണമെന്ന നിര്‍ബന്ധബുദ്ധിയാണു നമുക്ക്. പത്തുവച്ചു നൂറു നേടുന്നവനെ മാത്രമേ ജീവിതത്തില്‍ വിജയിച്ചതായി നാം അംഗീകരിക്കുകയുള്ളൂ. പത്രോസ് പോലും യേശുവിനോടു ചോദിച്ചു: "ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങള്‍ക്കെന്താണു ലഭിക്കുന്നത്?" (മത്താ. 19:27). പത്രോസിന്‍റെ ഈ ചോദ്യം എല്ലാ ശിഷ്യരുടെയും സ്വന്തമാണ്. ഒന്നും പാഴാക്കരുത് എന്ന് ആധുനിക ബിസിനസ്സ് ഗുരുക്കള്‍ ഉപദേശിക്കുന്നു. സ്നേഹത്തെ പ്രതി ചിലതൊക്കെ, സ്വന്തം ജീവന്‍ പോലും, പാഴാക്കാനറിയില്ലെങ്കില്‍ എന്തു ജീവിതമാണ്-യേശു ചോദിക്കുന്നു. പ്രതീക്ഷിച്ചതു കിട്ടാതെ വരുമ്പോള്‍ ഉളവാകുന്ന കലപിലകളാണു സഭാവേദികളിലും കുടുംബബന്ധങ്ങളിലും നിറഞ്ഞുനില്ക്കുന്നത്. എന്തെങ്കിലുമൊക്കെ ലഭിക്കുമെന്നു വാഗ്ദാനം ചെയ്യുന്നിടത്താണു ജനം തടിച്ചുകൂടുന്നത്-ബൈബിള്‍ കണ്‍വെന്‍ഷനാണെങ്കില്‍പ്പോലും. പ്രതിഫലം ഭൗതികനേട്ടങ്ങളാകണമെന്നു നിര്‍ബന്ധമില്ല. പേരും പ്രശസ്തിയും അംഗീകാരവുമെല്ലാം പ്രതിഫലമായി ലഭിച്ചാല്‍ എന്തു ദാനധര്‍മത്തിനും സന്നദ്ധസേവനത്തിനും തയ്യാറാകുന്നവര്‍ നിരവധിയാണ്. "പാഴാക്കലിന്‍റെ" ആത്മീയത തിരിച്ചറിഞ്ഞവരാണ് അവരെന്നു പറയാനാകില്ല.
സ്നേഹത്തെപ്രതി മാത്രം ചെയ്യുന്ന ചില കാര്യങ്ങളെങ്കിലും ജീവിതത്തിലുണ്ടാകണം. ആരും അറിയാത്ത, പ്രശംസിക്കാനിടയില്ലാത്ത, ദൈവം മാത്രം പ്രതിഫലം നല്കുന്ന ചില നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജീവിതത്തില്‍ നിര്‍മലമായ സന്തോഷം അനുഭവപ്പെടും. മൃതസംസ്കാരത്തിനായി ചെയ്യുന്ന 'പാഴ്ചെലവിന്' പ്രതിഫലം ലഭിക്കണമെങ്കില്‍ മരിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്ക്കണം.
യേശുവേ, എന്നിലെ ലാഭനഷ്ട കണക്കുകൂട്ടലുകള്‍ എന്‍റെ എല്ലാ നന്മപ്രവൃത്തികളുടെയും തിളക്കം കുറയ്ക്കുന്നതായി ഞാന്‍ തിരിച്ചറിയുന്നു. നീയുമായുള്ള ബന്ധത്തിന്‍റെ വെളിച്ചത്തില്‍ മാത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന 'പാഴ്ചെലവുകള്‍ക്കായി' എന്‍റെ ഹൃദയത്തെ നീ നിര്‍ബന്ധിക്കണമേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org