
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുദിന ദിവ്യബലി ഇന്‍റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യുന്നതു തുടരണമെന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. കോവിഡ് മൂലമുള്ള ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് മാര്‍പാപ്പയുടെ പ്രഭാത ദിവ്യബലിയും സുവിശേഷപ്രസംഗവും ഇന്‍റര്‍നെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പതിവ് വത്തിക്കാന്‍ ആരംഭിച്ചത്. ഇറ്റലിയില്‍ ലോക്ഡൗണിന് ഇളവുകള്‍ വരികയും ഇറ്റലിയിലെ പള്ളികള്‍ തുറന്ന് ദിവ്യബലികള്‍ ആരംഭിക്കുകയും ചെയ്തതോടെ മെയ് 18-ന് വത്തിക്കാന്‍ ഇത് അവസാനിപ്പിച്ചു. എന്നാല്‍ മറ്റ് അനേകം രാജ്യങ്ങളില്‍ പള്ളികള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഈ രാജ്യങ്ങളിലുള്ള നിരവധി വിശ്വാസികള്‍ക്ക് ഇന്‍റര്‍നെറ്റിലൂടെ കാണാനാകുന്ന മാര്‍പാപ്പയുടെ ദിവ്യബലി ആശ്വാസമായിരുന്നു. അതുകൊണ്ട് പേ പ്പല്‍ ദിവ്യബലിയുടെ സംപ്രേഷണം തുടരണമെന്നാണ് ആവശ്യം.
മാര്‍പാപ്പയോടും ലോകത്തിലെ എല്ലാ വിശ്വാസികളോടും ഒപ്പം ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന അനുഭവമാണ് ഈ ദിവ്യബലിയില്‍ സംബന്ധിക്കുമ്പോള്‍ തങ്ങള്‍ക്കു ലഭിച്ചിരുന്നതെന്നും സംപ്രേഷണം തുടരണമെന്നും ആവശ്യപ്പെട്ടു കെനിയയിലെ ഒരു മഠത്തില്‍ നിന്നുള്ള സന്യാസിനിമാര്‍ വത്തിക്കാനു കത്തെഴുതി. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും സമാനമായ അഭ്യര്‍ത്ഥനകള്‍ വത്തിക്കാനില്‍ ലഭിച്ചിട്ടുണ്ട്. ചൈനയില്‍ ആയിരകണക്കിനാളുകള്‍ മാര്‍ പാപ്പയുടെ ദിവ്യബലിയുടെ തത്സമയ സംപ്രേഷണം കണ്ടിരുന്നതായാണ് റി പ്പോര്‍ട്ട്. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ലോക്ഡൗണിന് ഇളവുകള്‍ വന്നെങ്കിലും ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇളവുകള്‍ നല്‍കിയിട്ടില്ല.