പരിസ്ഥിതി: മനുഷ്യരുടെ മനഃപരിവര്‍ത്തനത്തില്‍ സഭയ്ക്കു വലിയ പങ്കു വഹിക്കാനുണ്ട് – ഫ്രാന്‍സിസ് മാര്‍പാപ്പ

പരിസ്ഥിതി: മനുഷ്യരുടെ മനഃപരിവര്‍ത്തനത്തില്‍  സഭയ്ക്കു വലിയ പങ്കു വഹിക്കാനുണ്ട് – ഫ്രാന്‍സിസ് മാര്‍പാപ്പ

പരിസ്ഥിതിയെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആളുകളില്‍ മനഃപരിവര്‍ത്തനമുണ്ടാക്കുന്നതില്‍ ക്രൈസ്തവര്‍ക്കു വലിയ പങ്കുവഹിക്കാനുണ്ടെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പാരിസ്ഥിതിക മാനസാന്തരത്തെ സഭ പ്രോത്സാഹിപ്പിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. 'പൊതുഭവനത്തെയും ഭൂമിയിലെ ജീവന്‍റെ ഭാവിയേയും രക്ഷിക്കുക' എന്ന പ്രമേയവുമായി റോമില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പ പരിസ്ഥിതി സംബന്ധമായി ലൗദാത്തോ സി എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചതിന്‍റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം.

ഭൂമിയെക്കുറിച്ചുള്ള നമ്മുടെ കരുതലും പോരാട്ടങ്ങളും പ്രത്യാശയുടെ സന്തോഷം നമ്മില്‍ നിന്ന് എടുത്തു മാറ്റാതിരിക്കട്ടെ എന്ന് ലൗദാത്തോ സി ഉദ്ധരിച്ചു മാര്‍പാപ്പ ആശംസിച്ചു. സ്വര്‍ഗീയപിതാവിന്‍റെ ശക്തിയിലുള്ള വിശ്വാസമാണ് ഈ പ്രത്യാശയ്ക്ക് അടിസ്ഥാനം. 'എന്‍റെ ഭവനത്തെ പുതുക്കി പണിയുക' എന്ന് വിശുദ്ധഫ്രാന്‍സിസിനു ദൈവം നല്‍കിയ ദൗത്യത്തെ നമുക്കു വിസ്മരിക്കാനാവില്ല. ഇന്ന് നമ്മുടെ പൊതുഭവനമായ ഭൂമിയും പുതുക്കി പണിയല്‍ അര്‍ഹിക്കുന്നു. സുസ്ഥിരമായ ഒരു ഭാവിയുണ്ടാകുന്നതിന് ഇതാവശ്യമാണ്. യുവജനങ്ങള്‍, ആദിവാസികള്‍ എന്നിവരെ പ്രമേയമാക്കി വരാന്‍ പോകുന്ന രണ്ടു സിനഡുകളും പരിസ്ഥിതിയോടുള്ള പ്രതിബദ്ധത ചര്‍ച്ച ചെയ്യും. ഇവര്‍ രണ്ടു കൂട്ടരും പൊതുഭവനത്തിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സഭയുടെ മുന്‍നിരയിലുണ്ടാകാന്‍ പോകുന്നവരാണ്. പാരിസ്ഥിതിക പ്രതിസന്ധിയുടെ അനന്തരഫലങ്ങള്‍ ഏറ്റുവാങ്ങാന്‍ പോകുന്നത് യുവജനങ്ങളായിരിക്കും. അതുകൊണ്ട് തലമുറകള്‍ക്കിടയിലുള്ള സഹകരണം അടിസ്ഥാനപരമായ ഒരു കാര്യമാണ്. നാം സ്വീകരിച്ചിരിക്കുന്ന ഭൂമി നമുക്കു പിന്നാലെ വരാനിരിക്കുന്നവര്‍ക്കു കൂടി അവകാശപ്പെട്ടതാണ് – മാര്‍പാപ്പ വിശദീകരിച്ചു.

ആദിവാസികളില്‍ നിന്ന് കത്തോലിക്കര്‍ക്കു ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെട്ടതായി കാണുന്നതില്‍ മാര്‍പാപ്പ ദുഃഖം പ്രകടിപ്പിച്ചു. അവരുടെ സംസ്കാരങ്ങളെ തകര്‍ക്കുകയും ഉപഭോക്തൃ-മാലിന്യസംസ്കാരം വളര്‍ത്തുന്ന പുതിയ തരം സാമ്രാജ്യത്വങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്തിരിക്കുന്നു. ആദിവാസികള്‍ ഭൂമിയെ ദൈവത്തില്‍നിന്നും തങ്ങളുടെ പൂര്‍വികരില്‍നിന്നും കിട്ടിയ സമ്മാനമായാണ് കരുതുന്നത്. അവര്‍ക്ക് അത് ഒരു ഉത്പന്നമല്ല. അതില്‍ നിന്നു ബാക്കിയെല്ലാവര്‍ക്കും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org