അമ്പിളി മാമനോട്

അമ്പിളി മാമനോട്

കുട്ടിക്കവിത

അലക്സാണ്ടര്‍ നെടുമ്പറമ്പ്, പൂവം

അമ്പിളിമാമനിതെന്തു പറ്റി-
അമ്പമ്പോ മൈതാനത്തൊരറ്റനില്പ്
മുമ്പോട്ടു പോയാല്‍ പടുകുഴിയോ
പിമ്പോട്ടുപോകാനെളുതല്ലയോ
അമ്പളിമാമനപ്പൂനിലാവില്‍
തുമ്പപ്പൂപോലങ്ങ് പൂത്തുലഞ്ഞു
ആ നിലാവില്‍ക്കുളിച്ചെങ്ങളിങ്ങീ
പാരിതിലാനന്ദതുന്ദിലരായ്
മക്കളും പേരക്കിടങ്ങളുമായ്
മാമന്‍റെ താരക്കിടാങ്ങളെല്ലാം
എണ്ണിയാലെത്രയുണ്ടെന്നറിയോ-
ആണെത്ര പെണ്ണെത്രയെന്നറിയോ?
* * * * * *
ചുറ്റിലും താരകക്കുഞ്ഞുമക്കള്‍
പറ്റിപ്പിടിച്ചാ വെണ്‍മേഘമെല്ലാം
കുത്തിയിരുന്നു ചിരിച്ചിടുമ്പോള്‍
ആ ചിരി പൂത്തിരിതന്നെയല്ലേ
എത്രയുണ്ടെണ്ണമെന്നൊന്നറിയാന്‍
എത്ര പണിപ്പെട്ടുനോക്കിയെന്നോ?
എണ്ണിത്തുടങ്ങിയാല്‍ പാതിവഴി
എത്തുമ്പോള്‍ നേരം പുലര്‍ച്ചയാകും.

പിന്നെ ഞാനൊന്നിനേം കാണുകില്ല
എങ്ങോ പോയെവിടെയോപോയൊളിക്കും
കണ്ണുനട്ടങ്ങനെ ഞാനിരിക്കും
എണ്ണിയോരോ നിമേഷങ്ങളുമായ്
മൂവന്തിനേരത്തു വന്നു കേറും
ഏവരും തല്‍സ്ഥിതി സ്വീകരിക്കും.

ഉണ്ടായ കാലം മുതല്‍ക്കു ഞാനീ
മണ്ടത്തരം തന്നെ കാട്ടിടുന്നു.
എന്നാണീ സെന്‍സസെടുത്തു തീരാ-
മെന്നൊന്നുമിന്നു പറഞ്ഞുകൂടാ
ഇങ്ങനെ മുന്നോട്ടുപോകുമെന്നാല്‍
എങ്ങനെയാകുമെന്നാരറിഞ്ഞു?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org