എം ഡി ദേവസ്സി മൈപ്പാന്‍, എടക്കുന്ന്
മാത്തനച്ചായന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യക്തിയായിരുന്നു. സമൂഹത്തിലെ ഏത് വിഷയങ്ങളിലും ഇടപെടുന്ന ഒരാളായിരുന്നു. ഭരിക്കുന്ന മന്ത്രിമാരുടെയിടയിലും ഉന്നത ഉദ്യോഗസ്ഥരുടെയിടയിലും പൊലീസുവകുപ്പിലും സ്വാധീനമുള്ളയാളുമായിരുന്നു. സഭയിലെ മെത്രാന്മാരും പുരോഹിതരും മാത്തനച്ചായനെ ബഹുമാനിച്ചിരുന്നു. പക്ഷെ, ഉള്ളില്‍ എല്ലാവര്‍ക്കും വെറുപ്പായിരുന്നു.
കുറെ കാലം കഴിഞ്ഞപ്പോള്‍ മാത്തനച്ചായന് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹം തോന്നി. ഈ ലോകത്തിലേക്കാള്‍ സുഖം സ്വര്‍ഗത്തിലുണ്ടെന്നുള്ള തോന്നലാണ് അതിന് പ്രേരിപ്പിച്ചത്. വെറുതെയങ്ങ് സ്വര്‍ഗത്തില്‍ പോകാന്‍ പറ്റില്ലല്ലോ അതിന് ചില ക്രമങ്ങളുണ്ട്. അങ്ങോട്ട് പോകണമെങ്കില്‍ ഇവിടെ മരിക്കണം. എന്നു വച്ചാല്‍ ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പിരിയണം. അങ്ങനെ ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരിക്കെ മാത്തനച്ചായന്‍ ഒരു ദിവസം കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. എങ്കിലും ആത്മാവ് ഉടനെ സ്വര്‍ഗത്തിലേക്ക് പോയില്ല. ആത്മാവിന് ഒരാഗ്രഹം തോന്നി. ''ജീവിച്ചിരുന്നപ്പോള്‍ എല്ലാവരും എന്നെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നല്ലോ. മരിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നോട് എന്തൊക്കെയാണ് ചെയ്യുന്നത് എന്നൊന്ന് കാണണം.'' അതുകൊണ്ട് ആത്മാവ് ആ പരിസരത്തു തന്നെ ചുറ്റിക്കറങ്ങി. മാത്തനച്ചായന്റെ കാവല്‍ മാലാഖ ആത്മാവിനോട് പറഞ്ഞു. ''ഉടനെതന്നെ സ്വര്‍ഗത്തിലേക്ക് കൊണ്ടുചെല്ലാനാണ് എന്നോടു പറഞ്ഞിരിക്കുന്നത്.''
ആത്മാവ് പറഞ്ഞു. ''ഒരാഴ്ച കഴിഞ്ഞു ചെന്നാലും, എന്നോട് ആരും ഒന്നും പറയുകയില്ല.''
ആത്മാവ് അവിടെത്തന്നെ ചുറ്റിക്കറങ്ങി. ''എത്രമാത്രം ജനങ്ങളാണ് ഞാന്‍ വസിച്ച ശരീരത്തെ കാണാന്‍ വരുന്നത്. വലിയ വലിയ ആള്‍ക്കാര്‍ വിവരമറിഞ്ഞ് ഇവിടെ എത്തിയിട്ടുണ്ട്. അടുത്തുള്ള അരമനയിലെ മെത്രാനും വന്നിട്ടുണ്ട്.'' ആത്മാവ് സന്തോഷം കൊണ്ട് പുളകമണിഞ്ഞു.
പിറ്റേന്ന് 4 മണിക്കാണ് സംസ്‌ക്കാര ശുശ്രൂഷ. ശവമഞ്ചത്തില്‍ വയ്ക്കുന്ന റീത്തുകള്‍ മാറ്റാന്‍ രണ്ടുപേര്‍ നില്‍പ്പുണ്ടായിരുന്നു. 4 മണിയോട് അടുത്തപ്പോള്‍ അവിടെ ഒരു ജനസമുദ്രം തന്നെയായിരുന്നു. ഈ സമയം ആത്മാവ് ആ പന്തലില്‍ തന്നെ ചുറ്റുന്നുണ്ടായിരുന്നു. മൂന്ന് മെത്രാന്മാരുടെ കാര്‍മ്മികത്വത്തില്‍ സംസ്‌ക്കാര ശുശ്രൂഷ ആരംഭിച്ചു. ഒരു മെത്രാന്റെ പ്രസംഗം ഗംഭീരമായിരുന്നു. ശുശ്രൂഷ പള്ളിയില്‍ എത്തിയപ്പോള്‍ ആത്മാവ് വളരെ സന്തോഷത്തോടെ, കൂടെത്തന്നെയുണ്ടായിരുന്നു. സെമിത്തേരിയില്‍ നിന്നും എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി, എല്ലാവരും പുറത്തുവന്നു.
ഒരു തുള്ളി കണ്ണുനീര്‍ പോലും ഇയാളില്‍ നിന്നും എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞില്ല. പല പ്രാവശ്യം, ഇയാളോട് അനുതപിക്കാനും നേര്‍വഴിക്ക് നടക്കാനും ഞാന്‍ പറഞ്ഞതാണ്. ഇയാള്‍ അതൊന്നും അനുസരിച്ചില്ല.
''മെത്രാന്മാര്‍ ഉള്‍പ്പെടെ എല്ലാവരും എന്നെ ഇവിടെ ഇത്രമാത്രം ആദരിക്കുന്നെങ്കില്‍ സ്വര്‍ഗത്തിലും എനിക്ക് എന്ത് സ്ഥാനമായിരിക്കും ലഭിക്കുക. അതുകൊണ്ട് ഏഴിന്റെ കര്‍മ്മം കൂടി കഴിഞ്ഞിട്ടു പോകാം.'' അങ്ങനെ തീരുമാനിച്ചുകൊണ്ട് ആത്മാവ് പള്ളി പരിസരത്തുതന്നെ കഴിച്ചുകൂട്ടി.
ഏഴാം ദിവസം വന്നു. വളരെ ജനങ്ങള്‍ പള്ളിയില്‍ വന്നിട്ടുണ്ട്. റാസാ കുര്‍ബാനയാണ് നടക്കുന്നത്. കുര്‍ബാനയും ഒപ്പീസും കഴിഞ്ഞപ്പോള്‍ പാരിഷ് ഹാളില്‍ ചെന്നുനോക്കി. വലിയ സദ്യയാണ് ഒരുക്കിയിരിക്കുന്നത്. അവിടത്തെ പ്രാര്‍ഥനയ്ക്കുശേഷം എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ആത്മാവ് എല്ലാവരുടെയും മുമ്പിലൂടെ കടന്നുപോയി. മരിച്ച ദിവസത്തെപ്പോലെ ഇന്ന് എന്നെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ആത്മാവിന് നിരാശ തോന്നി. വളരെ ദുഃഖിച്ച് പുറത്തിറങ്ങുമ്പോള്‍ മാത്തനച്ചായന്റെ കാവല്‍ മാലാഖ ആത്മാവിനെ അന്വേഷിച്ച് വരികയാണ്. മാലാഖയെ കണ്ടപ്പോള്‍ ആത്മാവ് സങ്കടത്തോടെ പറഞ്ഞു. ''ഇന്ന് എന്നെ ആര്‍ക്കും വേണ്ട. എന്നെ ഉപേക്ഷിച്ച് എല്ലാവരും പോയി.'' മാലാഖ ചിരിച്ചുകൊണ്ട് പറഞ്ഞു, ''ഇങ്ങനെയൊക്കെയാണ് ഈ ലോകം. ഇത്ര ദിവസമായിട്ടും കാണാത്തതുകൊണ്ട് നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ് ഞാന്‍ വന്നിരിക്കുന്നത്.'' മാലാഖ ആത്മാവിനെയും കൂട്ടിക്കൊണ്ട് സ്വര്‍ഗത്തിലേക്ക് പുറപ്പെട്ടു.
സ്വര്‍ഗത്തില്‍ തനിക്ക് ലഭിക്കാന്‍ പോകുന്ന സ്വീകരണത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ട് ആത്മാവ് മാലാഖയുടെ കൂടെ നടന്നു. കുറെ ദൂരം എത്തിയപ്പോള്‍ ആത്മാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാലാഖ പറഞ്ഞു. ''ആ കാണുന്നതാണു സ്വര്‍ഗകവാടം.'' ആത്മാവ് നന്നേ ക്ഷീണിച്ചിരുന്നു. കവാടത്തിനോടു ചേര്‍ന്നുള്ള വിശാലമായ ഒരു മുറിയിലേക്ക് മാലാഖ ആത്മാവിനെ കൂട്ടിക്കൊണ്ടു പോയി. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ന്യായാധിപന്റെ മുമ്പില്‍ മാലാഖ ആത്മാവിനെ ഹാജരാക്കി. ന്യായാധിപനെ കണ്ടപ്പോള്‍ ആത്മാവിന് അല്‍പം ഭയം തോന്നിത്തുടങ്ങി. ന്യായാധിപന്‍ ആത്മാവിനോട് ചോദിച്ചു. ''ഇവിടെ വരാന്‍ പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞല്ലോ എവിടെയായിരുന്നു ഇത്രയും ദിവസം?'' ആത്മാവ് ഒന്നും മിണ്ടിയില്ല. മാത്തനച്ചായന്റെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ ന്യായാധിപന്‍ ആജ്ഞാപിച്ചു. അപ്പോള്‍, കുറെ മാലാഖമാര്‍ ഓരോ നിറകുപ്പിയുമായി കടന്നുവന്നു. ആത്മാവിന് ഒന്നും മനസ്സിലായില്ല. മാലാഖയോട് ആത്മാവ് സ്വകാര്യമായി ചോദിച്ചു. ''ആ കുപ്പികളില്‍ എന്താണ്?'' മാലാഖ വളരെ ശാന്തമായി പറഞ്ഞു. ''അത് ഭൂമിയിലെ മനുഷ്യരുടെ കണ്ണുനീരാണ്. 56-ാം സങ്കീര്‍ത്തനത്തില്‍ വായിച്ചിട്ടില്ലേ, നിന്റെ കണ്ണുനീര്‍ ഞാന്‍ കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട് എന്ന്.'' ആത്മാവ് പറഞ്ഞു, ''ഞാനതൊന്നും വായിച്ചിട്ടില്ല.'' ആത്മാവിനോട് മാലാഖ വിശദമായി പറഞ്ഞു.
''ഭൂമിയിലെ മനുഷ്യര്‍ക്ക് മൂന്ന് തരം കണ്ണുനീരുണ്ട്. ആനന്ദത്തിന്റെ കണ്ണുനീര്‍, വേദനയുടെ കണ്ണുനീര്‍, പശ്ചാത്താപത്തിന്റെ കണ്ണുനീര്‍. ഞങ്ങളെ മനുഷ്യന്റെ കാവലിന് വിടുമ്പോള്‍ രണ്ടു കുപ്പി തന്നിട്ട് പറയും, വേദനയുടേയും, പശ്ചാത്താപത്തിന്റെയും കണ്ണുനീര്‍ ഓരോ കുപ്പിയിലും തിരിച്ച് ശേഖരിക്കുക, ആനന്ദത്തിന്റെ കണ്ണുനീര്‍ ദൈവം നേരിട്ട് സ്വീകരിച്ചുകൊള്ളും. ആ മാലാഖമാര്‍ കൊണ്ടു വന്നിരിക്കുന്നത് നീ വേദനിപ്പിച്ച മനുഷ്യരുടെ കണ്ണുനീരാണ്.''
ന്യായാധിപന്‍ മാത്തനച്ചായനെ അടുത്തേക്ക് വിളിച്ചു. മാത്തനച്ചായന്‍ വളരെ വിനയത്തോടെ ന്യായാധിപന്റെ മുമ്പില്‍ നിന്നു. കുപ്പിയുമായി വന്ന മാലാഖമാരില്‍ ഒന്നാമന്‍ തന്റെ കയ്യിലുള്ള കുപ്പി ന്യായാധിപന്റെ മുമ്പില്‍ വച്ചിട്ടു പറഞ്ഞു, ''ഇത് മാത്തന്‍ചേട്ടന്റെ അടുത്ത് താമസിച്ചിരുന്ന ത്രേസ്യാമ്മ ചേച്ചിയുടെ കണ്ണുനീരാണ്. അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കള്ളക്കേസുണ്ടാക്കി ഭീഷണിപ്പെടുത്തി അവരെ ഇറക്കി വിട്ട് ആ സ്ഥലം മാത്തന്‍ചേട്ടന്‍ കൈക്കലാക്കി. അന്നത്തെ ആ ചേച്ചിയുടെ കണ്ണുനീരാണിത്.'' രണ്ടാമത്തെ മാലാഖ കുപ്പിവച്ചിട്ട് പറഞ്ഞു, ''ഇത് കൊല്ലപ്പെട്ട മത്തായിയുടെ മക്കള്‍ സഹായം തേടി ചെന്നപ്പോള്‍ അവരെ സഹായിക്കാതെ ഭീഷണിപ്പെടുത്തി ഈ മാത്തന്‍ ചേട്ടന്‍ പറഞ്ഞുവിട്ടു. ആ കുടുംബത്തിലെ അംഗങ്ങളുടെ കണ്ണുനീരാണിത്.'' ന്യായാധിപന്‍ മുമ്പിലേക്കു നോക്കിയപ്പോള്‍ പിന്നേയും കുപ്പിയുമായി നില്‍ക്കുന്ന മാലാഖമാരെ കണ്ടു. ന്യായാധിപന്‍ മാത്തനച്ചായന്റെ കാവല്‍ മാലാഖയെ അടുത്ത് വിളിച്ച് തന്റെ കയ്യിലുള്ള കുപ്പി കാണിക്കാന്‍ പറഞ്ഞു, മാലാഖ രണ്ട് കാലിക്കുപ്പി ന്യായാധിപന്റെ മുമ്പില്‍ വച്ചു. കുപ്പി കണ്ട ന്യായാധിപന്‍ വളരെ ഗൗരവത്തോടെ മാത്തനച്ചായനെ നോക്കി. മാലാഖ പറഞ്ഞു, ''ഒരു തുള്ളി കണ്ണുനീര്‍ പോലും ഇയാളില്‍ നിന്നും എനിക്ക് ശേഖരിക്കാന്‍ കഴിഞ്ഞില്ല. പല പ്രാവശ്യം, ഇയാളോട് അനുതപിക്കാനും നേര്‍വഴിക്ക് നടക്കാനും ഞാന്‍ പറഞ്ഞതാണ്. ഇയാള്‍ അതൊന്നും അനുസരിച്ചില്ല.'' മാത്തനച്ചായന്‍ ഒന്നും മനസ്സിലാവാതെ മിഴിച്ചു നിന്നു.
ന്യായാധിപന്‍ വളരെ ശാന്തമായി മാത്തനെ അടുത്തു ചേര്‍ത്തു നിര്‍ത്തിയിട്ടു പറഞ്ഞു, ''ഒന്നും മനസ്സിലാവുന്നില്ല. അല്ലേ? സ്വര്‍ഗത്തില്‍ നിന്നും മാലാഖമാരെ കാവലിന് വിടുമ്പോള്‍ രണ്ട് കുപ്പികൊടുത്തു വിടും. ഒന്ന് വേദനയുടെ കണ്ണുനീര്‍ ശേഖരിക്കാനും മറ്റേത് പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ ശേഖരിക്കാനും. എന്നാല്‍ നിന്റെ രണ്ടു കുപ്പിയും കാലിയാണല്ലോ.'' ന്യായാധിപന്റെ മുമ്പില്‍ മറ്റു മാലാഖമാര്‍ അവരുടെ കയ്യിലെ കുപ്പി കാണിച്ചുകൊണ്ട് പറഞ്ഞു. 'നീ വേദനിപ്പിച്ചവരുടെ കണ്ണുനീരാണ് ഇതെല്ലാം. പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ അല്‍പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നിനക്കു രക്ഷപ്പെടാമായിരുന്നു. കര്‍ത്താവിന്റെ കരുണ നിന്റെ മുമ്പിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. അത് കാണാന്‍ നിനക്ക് കഴിഞ്ഞില്ല. നിന്റെ അഹന്ത നിന്റെ കണ്ണിനെ മൂടിക്കളഞ്ഞു. ഇനി കരുണ ലഭിക്കാനും പോകുന്നില്ല, ആത്മാവ് ശരീരത്തില്‍ നിന്നും വേര്‍പിരിഞ്ഞാല്‍ കരുണയുടെ ഒഴുക്ക് എന്നന്നേക്കും നിലച്ചുപോകും. അനുതാപ കണ്ണുനീരിന്റെ അളവ് നോക്കിയാണ് അവിടെ വിധി തീര്‍പ്പാക്കുന്നത്.
ഇത്രയും കേട്ടപ്പോള്‍ മാത്തനച്ചായന്റെ മുഖഭാവം മാറി വല്ലാത്തൊരു രൂപഭാവം മുഖത്തു വന്നു. പെട്ടെന്ന് മിഖായേല്‍ മാലാഖ അവിടെയെത്തി. മാത്തനച്ചായനെ തള്ളിക്കൊണ്ടുപോയി പുറകിലെ വാതില്‍ തുറന്ന് താഴേക്ക് തള്ളിയിട്ടു. മാത്തനച്ചായന്‍ അലമുറയിട്ട് വിലപിച്ചുകൊണ്ട് അതില്‍ ചെന്ന് വീണു. അവിടെ വിലാപത്തിന്റേയും പല്ലു ഞെരിച്ചിലിന്റെയും ശബ്ദം മാത്രമെ ഉണ്ടായിരുന്നുള്ളൂ. സാത്താന്റെ അട്ടഹാസവും കേള്‍ക്കാമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് കാവല്‍മാലാഖ സ്വയം പറഞ്ഞു, ''എത്രയോ ഉപദേശം ഈ മനുഷ്യന് കൊടുത്തു. ഒന്നും അനുസരിച്ചില്ല. സ്വര്‍ഗംവരെ തന്റെ സമ്പത്തുകൊണ്ട് വാങ്ങാമെന്ന് ഈ മനുഷ്യന്‍ വിചാരിച്ചു.'' ഈ സമയം മാലാഖയ്ക്ക് ഒരു സന്ദേശം വന്നു. ഭൂമിയില്‍ ഒരു കുഞ്ഞ് ജനിച്ചിരിക്കുന്നു. ആ കുഞ്ഞിന്റെ കാവല്‍ക്കാരനായി മാലാഖയെ നിയമിച്ചിരിക്കുന്നു. ഉടന്‍ പുറപ്പെടുക.'' മാലാഖ അതിവേഗം ഭൂമിയിലേക്ക് പുറപ്പെട്ടു.