ചുടലച്ചാരം

ചുടലച്ചാരം

ജീവന്‍ ജെ.

കിനാക്കളില്‍ നിറയെ ദൈവരാജ്യമായിരുന്നു
ജലം പോലെ നീതിയും
നീര്‍ച്ചോല പോലെ സത്യവും ഒഴുകുന്ന ദൈവരാജ്യം

ഖനി അയാള്‍ക്ക്, സുവിശേഷത്തിന്റെ മുത്തും
പവിഴവും വിളയുന്നിടമായതും അതിനാലാണ്

ഒരു പുലരിയില്‍ അയാള്‍ ഭീകരനായി
മാവോയിസ്റ്റും രാജ്യദ്രോഹിയുമായി
തിരുകിക്കയറ്റിയ തെളിവുകളാല്‍
കൊടുംകുറ്റവാളിയായി
പുറത്തുവിട്ടാല്‍ രാജ്യസുരക്ഷ
അപകടത്തിലാകുമെന്നതിനാല്‍
അഴിക്കുള്ളിലായി

84 വയസ്സും
വിറവാതവുമുള്ള ഭീകരന്‍
ഒരു സിപ്പര്‍ കപ്പിനായി അപേക്ഷിച്ചു
അന്ധയും ബധിരയുമായ
ദേവത അതു നിരസിച്ചു

അയാള്‍ പക്ഷേ അക്ഷോഭ്യനും
അചഞ്ചലനുമായിരുന്നു
തനിക്കായെരിഞ്ഞ
തിരിനാളങ്ങളെ നോക്കി
അയാള്‍ പുഞ്ചിരിച്ചു
'എന്നെയോര്‍ത്തല്ല, നിങ്ങളെയും
കുഞ്ഞുങ്ങളെയും ഓര്‍ത്ത്' എന്നു മന്ത്രിച്ചു
നിലവിളിക്കേണ്ടത്
അയാളുടെ ബാധ്യതയായിരുന്നില്ല
നമ്മുടേതായിരുന്നു
ഹൃദയവും മനസ്സാക്ഷിയും മരിച്ചുമരവിച്ച
നമ്മുടെ കണ്ണീര്‍ഗ്രന്ഥികള്‍
പക്ഷേ, കത്തിപ്പോയിരുന്നു

നാം തിരക്കിലായിരുന്നു
പതിവു 'കച്ചവടങ്ങള്‍ക്കു' പുറമെ,
കുര്‍ബാന 'തിരിക്കണം'
ഇസ്രായേലിനെ രക്ഷിക്കണം
ലവ് ജിഹാദ് ചെറുക്കണം
ഇസ്ലാമിന്റെ കാര്യം തീരുമാനമാക്കണം
അണിയറയില്‍ പുതിയ
ബാന്ധവങ്ങളൊരുക്കണം
പുതിയ അതിഥികള്‍ക്ക്
പ്രാതലൊരുക്കണം
ഇതിനിടെ അയാള്‍ മരിച്ചു
സാരമില്ലെന്നേ
ഇത്രയും നാള്‍ ജീവിച്ചില്ലേ?
എന്നായാലും മരിക്കേണ്ടതല്ലേ?
രോഗിയായിരുന്നില്ലേ?
കര്‍മ്മഫലമല്ലേ? ഭീകരനായിരുന്നില്ലേ?
ചിതാഭസ്മകലശം
വൃത്തിയായി പൂജിച്ചില്ലേ?
'ജാഗ്രത'യോടെ വെബിനാര്‍ നടത്തി സ്മരണാഞ്ജലിയര്‍പ്പിച്ചില്ലേ?

ചെയ്യേണ്ടത് ഇതാണ്:
തൊഴുതു മടങ്ങിയ ആ കലശത്തില്‍നിന്ന്
ഒരു നുള്ള് ചാരമെടുത്ത്,
നാം ശീതീകരിച്ചു സൂക്ഷിക്കുന്ന
'നമ്മുടെ യേശുവിന്റെയും'
മനസ്സാക്ഷിയുടെയും മേല്‍ വിതറുക
ഉയിര്‍ക്കാതിരിക്കില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org