ക്രിസ്തുമസ് ദര്‍ശന സംഗീതം

ക്രിസ്തുമസ് ദര്‍ശന സംഗീതം

ഡോ. ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ.

മേഘങ്ങള്‍ തിരശ്ശീലയുയര്‍ത്തീ
മാനത്തന്നാപ്പൊന്‍രാവില്‍
നക്ഷത്രങ്ങള്‍ക്കാശിസ്സു പാടാന്‍,
രക്ഷകജനനമുണര്‍ത്താനും!
കാലംപിന്നോട്ടോടുകയായീ
കാത്തുകഴിച്ചൊരുപൊന്നുദയം
കാണാനായീ, കാലിക്കുടിലില്‍
കാലാതീതന്‍ ഭൂജാതന്‍….
വാനവരെല്ലാം വീണകള്‍മീട്ടീ
വാനിലെ ശാദ്വലസീമകളില്‍…
ദൈവത്തിന്‍ സ്തുതി, ഭൂമിയിലെല്ലാം
ദിവ്യമഹത്ത്വം പൂവണിയാന്‍….
കണ്ണുകളെല്ലാം കാത്തുകഴിച്ചൊരു
കന്യാതനയനെ ദര്‍ശിച്ചൂ
ആട്ടിടയന്മാര്‍, ഗോക്കളുമൊപ്പം,
ആനന്ദത്തില്‍ മുങ്ങിയവര്‍….!
എത്രപ്രവാചകര്‍, രാജാക്കന്മാര്‍,
എങ്ങെങ്ങും ജനനേതാക്കള്‍
കാണാനായില്ലീശ്വരസുതനെ
കാലിക്കൂട്ടിലണഞ്ഞപ്പോള്‍….
സ്വര്‍ണനിശീഥിനി പാലൊളിതൂകീ
സ്വര്‍ഗംപാരിലുദിച്ചപ്പോള്‍
മഞ്ഞിന്‍തുള്ളികള്‍ മാലികതീര്‍ത്തൂ
മാനവനാഥനെയണിയിക്കാന്‍….
ഇന്നും ക്രിസ്മസ് രാത്രി വരുന്നൂ
പാരിനുശാന്തിപൊഴിച്ചിടുവാന്‍
പൊന്നണിയിക്കും പൂക്കളുമായീ
പാപക്കൂരിരുള്‍ നീക്കാനും….
ആയിരമായിരമേകുന്നാരും
ആശംസാമധുഗീതികളില്‍
ശാന്തിസുധാമയസന്ദേശങ്ങള്‍,
കാന്തിപരത്തും ദര്‍ശനവും….
പൊന്നുണ്ണിക്കിന്നേകാം ഹൃദയം
പുല്ക്കുടില്‍പോലെ; പിറന്നിടുവാന്‍
പുതിയൊരു ജീവിതദര്‍ശനമരുളും
പുത്തന്‍ക്രിസ്മസ് നാളരികേ….

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org