Latest News
|^| Home -> Poems -> നിലവിളി

നിലവിളി

Sathyadeepam

ഫാ. വര്‍ഗ്ഗീസ് തൊട്ടിയില്‍

”നുറുങ്ങിയ ഹൃദയത്തെ അങ്ങ് നിരസിക്കുകയില്ല.”

ഒരാളുടെ സത്യസന്ധമായ നിലവിളികള്‍ക്കപ്പുറത്ത് അവനുണ്ട്. യഥാര്‍ത്ഥ പശ്ചാത്താപത്തോടെ നിലവിളിക്കുമ്പോള്‍ ഹൃദയം മാംസളമാവുന്നു. ഭൂതകാലത്തെ തിരുത്താനാവില്ലെങ്കിലും കുറ്റബോധമില്ലാതെ പുലരാനും നിശ്ചയ ദാര്‍ഢ്യത്തോടെ തുടരാനും സത്യസന്ധമായ നിന്റെ നിലവിളി നിമിത്തമായേക്കാം.

‘കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു’ എന്നു പറഞ്ഞാണ് ഹാഗാറിന്റെയടുക്കല്‍ ദൈവത്തിന്റെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത്. ആ വാക്കുകളിലൂടെ ദൈവം അവളുടെ കണ്ണു തുറന്നു. കണ്ണീരുകൊണ്ട് കലങ്ങിപ്പോയ കാഴ്ചകളെയൊക്കെ വീണ്ടെടുത്ത് നിന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കിണര്‍ സൃഷ്ടിക്കുന്നത് അവന്‍ തന്നെ. പിന്നെയെപ്പോഴും ഹാഗാറിന്റെ കുട്ടിയോടു കൂടെ ദൈവം ഉണ്ടായിരുന്നു. അതിനാല്‍ അവന്‍ വളര്‍ന്ന് സമര്‍ത്ഥനായൊരു വില്ലാളിയായിത്തീര്‍ന്നു. ഹൃദയം നുറുങ്ങിയുള്ള ഒരു നിലവിളിക്കും ആകാശം ചെവികൊടുക്കാതിരുന്നിട്ടില്ല.

മരുഭൂമിയിലൂടെ സംവത്സരങ്ങള്‍ നീണ്ടയാത്ര! ജനത്തിന്റെ പിറുപിറുപ്പ് മുഴുവന്‍ നേതാവിനെ ഒറ്റപ്പെടുത്തുന്ന കഠോര വചനങ്ങളാണ്. അല്ലെങ്കില്‍ത്തന്നെ വിക്കനായ മനുഷ്യന്‍ മോശ! കുടിക്കാന്‍ വെള്ളമില്ലാതെ ഉഴറുന്ന ജനതയ്ക്കുവേണ്ടി മോശ കര്‍ത്താവിനോട് നിലവിളിച്ചു. ദൈവം ഹോറെബിലെ പാറയില്‍ നിന്നും ജലം നല്കി മോശയുടെ നേതൃത്വത്തെ ധൈര്യപ്പെടുത്തി. കരഞ്ഞു തളര്‍ന്നവര്‍ക്കെന്നും ദൈവം രക്ഷയായി കൂടെയുണ്ട്.

ഒടുവില്‍ ഒരുവന്‍ / ഒരുവള്‍ എത്തിച്ചേരേണ്ട നിലപാടാണീ നിലവിളി. പറ്റിപ്പോയതിനെയോര്‍ത്ത് കരയുക; പറ്റുകള്‍ വീട്ടാന്‍ വേണ്ടി കരയുക, ഒന്നും പറ്റാതിരിക്കാന്‍ വേണ്ടി കരയുക; സാധാരണ ഭക്തന്മാരുടെ നിലവിളികളൊക്കെ അപ്രകാരമാണ് അടയാളപ്പെടുത്തപ്പെടുന്നത്. എന്നാല്‍ അവനില്ലാത്തതിന്റെ, അവന്റെ കൂടെ സഞ്ചരിക്കാന്‍ പറ്റാത്തതിന്റെ ശൂന്യതാബോധം സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ നിന്നും നിലവിളിക്കുക. പിന്നെ നിന്റെ ജീവിതം നിന്റേതല്ല, അവനെ സാക്ഷ്യപ്പെടുത്തുന്ന പ്രഘോഷണത്തിന്റെ നാള്‍വഴികളാണ്.

ജസെബെലിന്റെ വാളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ബേര്‍ഷെബായിലേക്ക് പലായനം ചെയ്യുന്ന ഏലിയാ, മരുഭൂമിയില്‍ വച്ച് മരണത്തിനായി നിലവിളിച്ച് പ്രാര്‍ത്ഥിക്കുന്നു. ”കര്‍ത്താവേ മതി; എന്റെ പ്രാണനെ സ്വീകരിച്ചാലും? ഞാന്‍ എന്റെ പിതാക്കന്മാരേക്കാള്‍ മെച്ചമല്ല.” വാടാമുള്‍ ച്ചെടിയുടെ തണലില്‍ കിടന്നുറങ്ങുന്ന ഏലിയായെ കര്‍ത്താവിന്റെ ദൂതന്‍ തട്ടിയുണര്‍ത്തുന്നു. ചുടുകല്ലില്‍ ചുട്ടെടുത്ത അപ്പവും ഒരു പാത്രം വെള്ളവും നല്കി അവനെ ശക്തനാക്കുന്നു. കര്‍ത്താവിന്റെ മലയായ ഹോറെബിലേക്ക് ഏലിയാ എത്തിച്ചേരുന്നത് പ്രാണരക്ഷാര്‍ത്ഥമുള്ള ഒരു നിലവിളി പ്രാര്‍ത്ഥനയുടെ ഒടുവിലാണ്. ദൈവത്തെ വിളിച്ച് നിലവിളിക്കുന്നവനെ ദൈവം ഒരിക്കലും തള്ളിക്കളയുന്നില്ല.

അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടുനിന്ന പാപിനിക്ക് അവന്‍ ആശ്വാസം പകര്‍ന്നു. ആ കണ്ണീരിനെ അധികസ്‌നേഹമായി അവന്‍ വ്യാഖ്യാനിക്കുന്നു. സ്‌നേഹിച്ചുകൊണ്ട് കരയുമ്പോള്‍ മനസ്താപം ആശ്വാസത്തിനും രക്ഷയ്ക്കും കാരണമാകുന്നു. മനുഷ്യര്‍ ഇനിയും അവളുടെ പാപകരമായ ഭൂതകാലത്തെ ഓര്‍ത്തിരുന്ന് എത്ര പിറുപിറുത്താലും അവള്‍ ഇനിയൊരിക്കലും ആ പഴയകാല ഓര്‍മ്മകളാല്‍ പീഡിപ്പിക്കപ്പെടുകയില്ല. കാരണം കര്‍ത്താവ് അവളോട് ക്ഷമിച്ചിരിക്കുന്നു എന്ന് അവള്‍ക്കനുഭവപ്പെട്ടു അതാണ് രക്ഷ!

മകളുടെ പൈശാചികബാധ മാറിക്കിട്ടാന്‍ അവന്റെയടുക്കല്‍ കരഞ്ഞപേക്ഷിക്കുന്ന കാനാന്‍കാരിയോട് അവന്‍ പറയുന്നത് ”സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്.” ഹൃദയം നുറുങ്ങിയ അവളുടെ നിലവിളികള്‍ക്കുള്ളില്‍ അവന്‍ കണ്ടെത്തിയത് വലിയ വിശ്വാസമാണ്. വിശ്വാസിയുടെ കരച്ചിലും ഭക്തന്റെ കണ്ണീരും അവന്‍ ഒപ്പിയെടുത്ത് അവര്‍ ആഗ്രഹിക്കുന്നതുപോലെ സംഭവിക്കട്ടെയെന്ന് മന്ത്രിക്കുന്നു.

അവനെ തള്ളിപ്പറഞ്ഞതിനാല്‍ ഉള്ളുരുകി കരയുന്ന പത്രോസിന്റെ കവിള്‍ത്തടങ്ങളിലെ നീര്‍ച്ചാല്‍, ”നീയെല്ലാമറിയുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീയറിയുന്നു” എന്നു വെളിപ്പെടുത്തുന്ന ഹൃദയം നൊന്തുള്ള അനുതാപമാണ്. കരഞ്ഞു തളര്‍ന്നവര്‍ക്കെന്നും ദൈവം ശാന്തിയായ് കൂടെയുണ്ട്.

ഒടുവില്‍, കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ആ സ്ത്രീ! വെള്ളവസ്ത്രം ധരിച്ച ദൂതന്‍ അവളോട് ചോദിച്ചു; ”സ്ത്രീയേ നീയെന്തിനാണ് കരയുന്നത്?” അവളുടെ മറുപടി യഥാര്‍ത്ഥ സ്‌നേഹത്തിന്റെ നിര്‍വ്യാജമായ കരുതലിന്റെ, വെളിപ്പെടുത്തലാണ്. ”എന്റെ കര്‍ത്താവിനെ അവര്‍ എടുത്തുകൊണ്ടു പോയി.” എന്തെങ്കിലും ലഭിക്കാന്‍ വേണ്ടിയല്ല ആ നിലവിളി. തെറ്റു ചെയ്തതിനെയോര്‍ത്തുള്ള വിലാപമോ അനുതാപത്തിന്റെ കണ്ണീര്‍പ്പെയ്‌ത്തോ അല്ലത്. കര്‍ത്താവില്ലാത്തതിനാല്‍ ശൂന്യമായിപ്പോയ ജീവിതത്തിന്റെ നെടുവീര്‍പ്പാണ്. എല്ലാവരും അവനെ വിളിച്ച് കരയുമ്പോള്‍ ഇതാ ഒരുവള്‍ അവനുവേണ്ടി കരയുന്നു. അവള്‍ വന്നത് അവനെ എടുത്തു കൊണ്ടുപോകാനാണ്.

ഒടുവില്‍ ഒരുവന്‍ / ഒരുവള്‍ എത്തിച്ചേരേണ്ട നിലപാടാണീ നിലവിളി. പറ്റിപ്പോയതിനെയോര്‍ത്ത് കരയുക; പറ്റുകള്‍ വീട്ടാന്‍ വേണ്ടി കരയുക, ഒന്നും പറ്റാതിരിക്കാന്‍ വേണ്ടി കരയുക; സാധാരണ ഭക്തന്മാരുടെ നിലവിളികളൊക്കെ അപ്രകാരമാണ് അടയാളപ്പെടുത്തപ്പെടുന്നത്. എന്നാല്‍ അവനില്ലാത്തതിന്റെ, അവന്റെ കൂടെ സഞ്ചരിക്കാന്‍ പറ്റാത്തതിന്റെ ശൂന്യതാബോധം സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ നിന്നും നിലവിളിക്കുക. പിന്നെ നിന്റെ ജീവിതം നിന്റേതല്ല, അവനെ സാക്ഷ്യപ്പെടുത്തുന്ന പ്രഘോഷണത്തിന്റെ നാള്‍വഴികളാണ്. നിലവിളിയില്‍ നിന്നും അവനെക്കുറിച്ച് വിളിച്ചു പറയുന്നിടത്തേക്ക് സഞ്ചരിക്കാനാവുകയാണ് എന്റെ കര്‍മ്മവഴികളിലെ ധര്‍മ്മപഥം.

Leave a Comment

*
*