ദശാംശം

ദശാംശം

കഥ – ജയ്‌മോന്‍ ദേവസ്യ, തലയോലപ്പറമ്പ്

ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ പള്ളിയില്‍ കയറി അച്ചനെ കാണണം. കുറച്ചു ദിവസമായി സണ്ണി ചിന്തിക്കുന്നതാണ്.
ഒരു ദിവസം പോയിരുന്നു. അച്ചന്‍ ഇല്ലാതിരുന്നതിനാല്‍ തിരിച്ചുപോന്നു.
സ്വന്തം ഇടവകവികാരിയെയല്ല. അമ്മയുടെ ഇടവകയിലെ വികാരിയച്ചനെ കാണാനാണ്.
വരുമാനത്തില്‍ നിന്നും മാറ്റിവയ്ക്കുന്ന ദശാംശം പള്ളിക്ക് നല്‍കുന്ന ഒരു പതിവു ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്. അതു നല്‍കാനാണ്.
ഇന്നത്തെക്കാലത്ത് പലരുമിത് ചെയ്യാറില്ലെങ്കിലും കൃത്യമായി ദശാംശം നല്‍കുന്നതില്‍ സണ്ണി പിശകു കാട്ടാറില്ല. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നു കിട്ടുന്ന ശമ്പളം വച്ചല്ല, ഭൂമിയിലെ വരുമാനത്തിന്റെ തുക കൂടി കൂട്ടിയാണ് നല്‍കുന്നത്.
ദശാംശമായി ഇങ്ങനെ ലഭിക്കുന്ന പണം പള്ളി യില്‍നിന്നും പാവപ്പെട്ടവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്. മത ചിന്തകളില്ലാതെ പറ്റുന്നവരെയെല്ലാം സഹായിക്കുന്ന പതിവാണ് മിക്ക പള്ളികളിലും.
ഇത്തവണത്തെ ദശാംശം അമ്മവീടിനടുത്തുള്ള കപ്പേളപ്പള്ളി പുതുക്കി പണിയുന്നതിന് നല്‍കണമെന്നത് അമ്മച്ചിയുടെ ആഗ്രഹമാണ്. ഗതകാല സുഖസ്മരണങ്ങള്‍ ഉള്ള കപ്പേളയായതിനാലാവും ഇതിന്റെ പുനര്‍നിര്‍മ്മാണത്തിന് ഇത്തവണത്തെ ദശാംശം നല്‍കണമെന്ന ചിന്ത വന്നത്. ആ കപ്പേള മുറ്റത്ത് കളിച്ചുവളര്‍ന്ന ആള്‍ക്ക് അതില്ലാതിരിക്കില്ലല്ലൊ.
എന്നാല്‍ പിന്നെ അമ്മച്ചിയുടെ ആഗ്രഹം നിറവേറ്റിയേക്കാം എന്നു കരുതിയാണ് കുറച്ചധികം പണവുമായി അച്ചനെ കാണാന്‍ എത്തിയത്.
അവിടുത്തെ വികാരിയച്ചന്‍ പൊതുവെ പരുക്കന്‍ പ്രകൃതമാണ്. പ്രതിപക്ഷ ബഹുമാനമില്ലാതെ ആളുകളോട് സംസാരിക്കുന്ന ആളാണെന്ന് ഒന്നു രണ്ടു തവണ സംസാരിച്ചതില്‍ നിന്നും മനസ്സിലായിരുന്നു. എന്നാലും സാരമില്ല.
'ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും' എന്നല്ലേ കര്‍ത്താവീശോമിശിഹാ പഠിപ്പിച്ചിരിക്കുന്നത്.
പള്ളിമേടയില്‍ എത്തിയപ്പോള്‍ പ്രായമായ ഒരമ്മച്ചി അച്ചന്റെ മുറിയുടെ പുറത്ത് നില്‍ക്കുന്നുണ്ട്. കണ്ടുപരിചയം തോന്നി. ചേടത്തിയെ നോക്കി ചിരിച്ചു. മാസ്‌ക്കുള്ളതിനാല്‍ മനസ്സിലായൊ എന്നറിയില്ല. ദയനീയ കണ്ണുകളോടെ അവര്‍ എന്നെയും നോക്കി.
വളരെ ബുദ്ധിമുട്ടിയാ ണ് ചേടത്തിയുടെ ജീവിതം എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.
അച്ചനോട് സഹായം ചോദിക്കുവാനായിരിക്കാം നില്‍ക്കുന്നത്. അവരുടെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ സണ്ണിയുടെ ഉള്ളില്‍ ഒരു സങ്കടം തോന്നി.
കുറച്ചുനേരം കാത്തു നിന്നപ്പോള്‍ അകത്തെ മുറിയില്‍ നിന്ന് സ്വീകരണ മുറിയിലേയ്ക്ക് അച്ചന്‍ ഇറങ്ങി വന്നു.
ആദ്യം കണ്ടത് ചേടത്തിയെ ആയിരിക്കാം.
സ്വതവേയുള്ള ഗര്‍വോടെ ചോദിച്ചു.
'ഉം എന്താ?'
'അച്ചാ. ചേട്ടന് തീര്‍ ത്തും പാടില്ല. എന്തേലും ചെയ്യണം.'
'ഇവിടെ ഒന്നും തന്നെ ഇരിപ്പില്ലല്ലൊ' എന്ന് പറഞ്ഞു കൊണ്ട് ധര്‍മം പോലെ എന്തോ ചില്ലറയും കൊടുത്ത് അദ്ദേഹം അവരെ പറഞ്ഞു വിട്ടു.
അവര്‍ പോയ പുറകെ അച്ചന്റെ മുറിയില്‍ കയറി, അച്ചന്‍ ലോകകാര്യങ്ങള്‍ സംസാരിച്ചു.
സഭയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വളരെ അസ്വസ്ഥനാണ് അച്ചന്‍.
കപ്പേളയുടെ നിര്‍മ്മാ ണത്തിന് അമ്മച്ചിയുടെ ആഗ്രഹപ്രകാരം ദശാംശം നല്‍കാമെന്നു പറയാന്‍ ചെന്ന സണ്ണി, അച്ചന്റെ വായില്‍ നിന്നും സഭ എത്തിപ്പെട്ട കുരുക്കിലെ കാര്യങ്ങളെല്ലാം കേട്ടു.
സഭ നിയന്ത്രിക്കേണ്ടവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനിറങ്ങിയതിന്റെ പിടിപ്പു കേട്.
സഭ വിഷമത്തിലായി എന്നാണ് അച്ചന്റെ വാദം. സത്യത്തില്‍ സഭയാണോ വിഷമത്തിലായത്? കച്ചവടത്തിനിറങ്ങിയവരല്ലെ?
എത്ര ഉന്നതരായാലും അവര്‍ അല്ലല്ലൊ സഭ! ഇതാക്കെ എല്ലാവര്‍ക്കും അറിയാമെങ്കിലും, ആര്‍ക്കും മിണ്ടാന്‍ ധൈര്യമില്ല.
ക്രിസ്തീയത ലവലേശം ഇല്ലാത്ത ന്യായീകരണമാണല്ലൊ എന്നോര്‍ത്തു എല്ലാം മൂളി കേട്ട സണ്ണിക്ക്, എന്തുകൊണ്ടോ ദശാംശം നല്‍കാന്‍ കൊണ്ടുവന്ന പണം അച്ചന്റ കയ്യില്‍ നല്‍കാന്‍ താല്പര്യം തോന്നിയില്ല. സണ്ണിയുടെ മനസ്സു നിറയെ ആ ചേടത്തിയുടെ മുഖവും അവരുടെ ദൈന്യതയും ആയിരുന്നു.
അച്ചനുമായി സംസാരമെല്ലാം കഴിഞ്ഞു തിരികെ പോരുമ്പോള്‍ കവലയിലെ റോഡരുകില്‍ ആ ചേടത്തി നില്‍ക്കുന്നുണ്ട്.
വണ്ടി ഒതുക്കി നിര്‍ത്തി, ചേടത്തിയുടെ അടു ക്കലേക്ക് ചെന്നു.
ചേടത്തിയുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു.
'എന്തുപറ്റി ചേടത്തി?' സണ്ണിയുടെ ചോദ്യം.
'മോനെ. വീട്ടില്‍ ഞാനും ചേട്ടനും മാത്രമേയുള്ളൂ.' അവര്‍ വിമ്മിഷ്ടപ്പെട്ടു പറഞ്ഞു.
'ചേട്ടന് അസുഖം കുറച്ചു കൂടുതലായിട്ടുണ്ട്. ചങ്കിന് വിഷമം ഉണ്ട്. എനിക്കും അതുപോലെ തന്നെ കുഴപ്പം ഉണ്ട്.'
ബദ്ധപ്പെട്ട് അവര്‍ പറഞ്ഞ ബാക്കിയില്‍ നിന്നും, ഇത്രയും കാര്യങ്ങള്‍ കൂടി മനസ്സിലായി.
ചേട്ടത്തിയുടെ ഭര്‍ത്താവിന് രണ്ടു ദിവസമായി അസ്വസ്ഥത കൂടുതല്‍ ആണ്. മെഡിക്കല്‍ കോളജില്‍ കൊണ്ട് പോകണം. കോവിഡായതിനാലും, ബസ്സില്‍ കയറിയാത്ര ചെയ്യാന്‍ വയ്യാത്തതിനാലും ഓട്ടോ വിളിച്ച് ആശുപത്രിയില്‍ പോകാന്‍ അവര്‍ക്ക് പണം ഇല്ലാതെ വന്നപ്പോഴാണ്സഹായത്തിനായി പള്ളിയില്‍ എത്തിയത്. ഇടവകയില്‍ നിന്നും ഒരു മാസം മുന്‍പ് ചെറിയ ഒരു സഹായം ലഭിച്ചിരുന്നു. ഇനിയും നല്‍കാന്‍ അവിടെ ഫണ്ടില്ല എന്നാണ് പറയുന്നത്.
'അമ്മച്ചീ. സഹായത്തിനു മക്കള്‍ ആരുമില്ലേ?'
'അവര്‍ ഞങ്ങളെ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ് മോനെ. പറഞ്ഞിട്ട് കാര്യമില്ല. രണ്ടു പേരും ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപ്പെടുന്നവരാണ്.'
രണ്ടു മക്കളുള്ളതില്‍ മുറിച്ചുണ്ടുമായി ജനിച്ച മൂത്തവന്‍ ലോട്ടറി കച്ചവടമാണ്. ലോക്ഡൗണ്‍ ആയതോടെ അവന് പണിയൊ ന്നും ഇല്ല. രണ്ടാമന്‍ തടിമില്ലില്‍ പണിക്ക് പോകുന്നു.
രണ്ടു പേരും ഭാര്യമാരുടെ വീട്ടിലാണ് താമസം.
അല്ലേല്‍ തന്നെ ഈ മലമൂട്ടില്‍ നിന്നാല്‍ എന്തു പണി കിട്ടും? പണിയുടെ സൗകര്യത്തിനാണ് അവിടെ താമസം. അവരുടെ കഥ കേട്ടപ്പോള്‍ വല്ലാ തായി.
ചേടത്തിയുടെ സ്ഥാനത്ത് സ്വന്തം അമ്മയെ ഓര്‍ത്തതോടെ, ഒന്നും മിണ്ടാതെ, സണ്ണി ഡോര്‍ തുറന്ന് അവരെ കാറില്‍ കയറ്റി.
വീട് ചോദിച്ചു. സാവധാനം ആ വീട്ടിലേക്ക് പോയി. വീട്ടിലെ അവസ്ഥ വളരെ പരിതാപകരം തന്നെ ആണ്. ചേടത്തിയുടെ ഭര്‍ത്താവിന് ശ്വാസംമുട്ടല്‍ നല്ല രീതിയില്‍ ഉണ്ട്. കിടപ്പാണ്. കോവിഡും അതിന്റെ ഭീകരതയുമൊന്നും ഓര്‍ത്തില്ല.
'ചേടത്തി. ചേട്ടനെ ഒരുക്ക്. പെട്ടെന്ന്.' രണ്ടു പേരെയും കാറില്‍ കയറ്റി നേരെ മെഡിക്കല്‍ കോളേജിലേക്ക് പോയി.
അവിടെ കാഷ്വാലിറ്റിയില്‍ എത്തിച്ച്, ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു. ഡോക്ടറെ കണ്ട് കാര്യങ്ങള്‍ അവതരി പ്പിച്ചു. അഡ്മിറ്റാക്കി.
പോരാന്‍ നേരം ചേടത്തിയുടെ കയ്യിലേക്ക് ദശാംശം നല്‍കാന്‍ മാറ്റി വച്ചിരുന്ന പണം വച്ചു കൊടുത്തു. ദൈവത്തിന് ആലയമൊരുക്കാന്‍ വച്ചിരുന്ന തുക. ദശാംശപണം ആണെന്ന് അറിയാം.
അമ്മച്ചി ഇതറിഞ്ഞാല്‍ എതിരു നില്‍ക്കില്ല. ഉറപ്പാണ് അക്കാര്യം. മരുന്നിനും ഭക്ഷണത്തിനും വേണ്ടി പാവപ്പെട്ട ഒരാള്‍ക്ക് വേണ്ടി ചെലവഴിക്കുന്നതിലും വലുതല്ല പള്ളി പണി.
രാത്രി വൈകി, പോരാന്‍ നേരം ചേടത്തിയോട് യാത്ര പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടേല്‍ അറിയിക്കണം എന്ന് പറഞ്ഞ് ഫോണ്‍ നമ്പരും നല്‍കി. തിരികെ പോരുമ്പോള്‍ അച്ചനെ കാണാന്‍ പോയ പള്ളിയുടെ മുന്‍പില്‍ വെറുതെ വണ്ടി നിര്‍ത്തി, ഇരുട്ടില്‍ ഇറങ്ങി.
വികാരിയച്ചന്‍ താമസിക്കുന്ന മേടയാകെ ഇരുളു മൂടിയിരിക്കുന്നു. വിജനമായ പള്ളി പരിസരത്തു നിന്നും സുഗന്ധമുള്ള ഒരു ചെറിയ കാറ്റ്. ആ കാറ്റ് ഒരു മരപ്പണിക്കാരന്റെ ഗന്ധം പേറിയിരുന്നു.
തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ആ തച്ചന്റെ ഗന്ധം. ആ ഗന്ധമിപ്പോള്‍ സണ്ണിയുടെ ശരീരത്തിലും നിറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org