മഞ്ഞുപോലെ ഉറഞ്ഞവര്‍

മഞ്ഞുപോലെ ഉറഞ്ഞവര്‍

സുധ അജിത്

ആനിയമ്മ, മരുമകള്‍ റോസ് മേരിയുടെ അനക്കമറ്റ ശരീരത്തിലേക്കു നോക്കി നിശ്ചലയായിരുന്നു. ശാന്തയായി ഉറങ്ങുന്ന റോസ് മേരി. ഇന്നലെ വരെ പലപ്പോഴും ഒരു ദുഃഖപുത്രിയെ പോലെ അവള്‍ തന്റെ മുന്നില്‍ ഉരുകി നിന്നു. ചിലപ്പോള്‍ അമിത സന്തോഷം ഭാവിച്ച് തുരുതുരെ തന്നോട് വര്‍ത്തമാനം പറഞ്ഞു പൊട്ടിച്ചിരിച്ചു. അലക്‌സിന്റെ മുന്നില്‍ അവളുടെ അതിരുകവിഞ്ഞ ക്ഷമാശീലം കണ്ട് പലപ്പോഴും അതിശയം കൂറിയിട്ടുണ്ട്.

ഒരിക്കല്‍ക്കൂടി അവര്‍ എഴുന്നേറ്റ് ശവപ്പെട്ടിക്കു സമീപമുള്ള അണയാറായ മെഴുകുതിരികള്‍ മാറ്റി പുതിയവ കൊളുത്തിവച്ചു. അതെല്ലാം ചെയ്യുമ്പോഴും തന്നിലെ നിശ്ചേതനാവസ്ഥ അവരെ അത്ഭുതപ്പെടുത്തി. തന്റെ മനസ്സ് കല്ലുകളായി രൂപാന്തരം പ്രാപിച്ചുവോ എന്നവര്‍ സംശയിച്ചു. ഇന്നലെ വരെ സ്വന്തം മകളെപ്പോലെ താന്‍ സ്‌നേഹിച്ചിരുന്നവളാണ് മുന്നില്‍ മരിച്ചു കിടക്കുന്നത്.

പുറത്തപ്പോഴും മഞ്ഞുവീഴ്ച തുടര്‍ന്നുകൊണ്ടിരുന്നത് ഗ്ലാസ്സ് വിന്‍ഡോയിലൂടെ കാണാമായിരുന്നു. കോണിഫറസ് മരങ്ങളില്‍ നിന്നും ഇറ്റിറ്റുവീഴുന്ന മഞ്ഞുതുള്ളികള്‍.

ആരൊക്കെയോ ഗ്ലാസ്സ് വാതില്‍ നീക്കി മെല്ലെ കടന്നുവരുന്നത് അറിഞ്ഞു.

ഏതാനും പുരുഷന്മാര്‍. ന്യൂയോര്‍ക്കിലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ പലരും അതിലുണ്ട്. മകന്റെ സുഹൃത്തുക്കള്‍ ആണ് അവരെല്ലാം. ഓരോരുത്തരായി കടന്നുവന്ന് മരുമകളുടെ മുമ്പില്‍ ശിരസ്സുകുനിച്ച് അല്പനേരം നിന്നു. പിന്നെ ശവപ്പെട്ടിക്കു മുകളില്‍ ഓരോ പൂവ് അല്ലെങ്കില്‍ റീത്തുവച്ച് കടന്നുപോയി.

പുറത്തപ്പോള്‍ മഞ്ഞുവീഴ്ച തുടര്‍ന്നു കൊണ്ടിരുന്നു. വൃക്ഷശിഖരങ്ങളില്‍ അട്ടിയായി മഞ്ഞുറഞ്ഞു കിടന്നു. സമയം പ്രഭാതമാണെങ്കിലും താഴെ പാര്‍ക്കു ചെയ്യുന്ന ഏതാനും കാറുകളും, നിരത്തും മഞ്ഞുകൊണ്ട് മൂടപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ മരുമകളുടെ ശരീരത്തിനും പുറത്തെ അന്തരീക്ഷത്തിനും ഒരേ അവസ്ഥ. അല്ലെങ്കില്‍ത്തന്നെ റോസ് മേരി എന്നു പേരായ തന്റെ മരുമകള്‍ എല്ലായ്‌പ്പോഴും തണുത്തുറഞ്ഞ മഞ്ഞു പോലെയായിരുന്നുവല്ലോ എന്നവരോര്‍ത്തു; മകന്റെ മുന്നില്‍ പ്രത്യേകിച്ചും.

ഇപ്പോള്‍ ആളുകള്‍ ഓരോരുത്തരായി വന്ന് മടങ്ങിക്കഴിഞ്ഞു. ആരൊക്കെയോ അന്വേഷിച്ചു, 'എപ്പോഴായിരുന്നു സംഭവിച്ചത്? എങ്ങനെയായിരുന്നു?'

'ഇന്നു രാവിലെ ഞാന്‍ വന്നു നോക്കുമ്പോള്‍ ഇവള്‍ മരിച്ചു കിടക്കുകയായിരുന്നു. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് അറിയില്ല.'

അവര്‍ നിര്‍വ്വികാരയായി അറിയിച്ചു. സത്യത്തില്‍ അവര്‍ക്ക് അപ്പോള്‍ ഏതു വികാരമാണ് പ്രകടിപ്പിക്കേണ്ടത് എന്നറിയില്ലായിരുന്നു. മനസ്സിന്റെ അടിത്തട്ടില്‍ ഏതൊക്കെയോ വികാരങ്ങള്‍ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. ചില സമയങ്ങളില്‍ ആ സന്ദര്‍ഭത്തില്‍ ഒട്ടും അനുയോജ്യമല്ലാത്ത സന്തോഷവും, മറ്റു ചിലപ്പോള്‍ ഹൃദയാഴങ്ങളില്‍ ഉറയുന്ന ദുഃഖവും ഒരുപോലെ അവരെ മഥിച്ചു. സന്തോഷം വരുമ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കണമെന്നും അല്ലാത്തപ്പോള്‍ പൊട്ടിക്കരയണമെന്നും അവര്‍ക്കു തോന്നി. എന്നാല്‍ ഒന്നിനും അപ്പോള്‍ അവര്‍ക്കു കഴിഞ്ഞില്ല. അതുകൊണ്ട് പുറമേ നിര്‍വ്വികാരതയുടെ മൂടുപടമണിഞ്ഞ് അവര്‍ ഇരുന്നു. റോസ് മേരിയുടെ ശരീരത്തിലെ ശീത കിരണങ്ങളെ ആവാഹിച്ചെന്നോണം അവര്‍ ചലനമറ്റിരുന്നു.

അല്പം കഴിഞ്ഞ് മകന്‍ അകത്തു നിന്നും പുറത്തേക്ക് വന്നു. അവന്റെ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവം അവരെ വീര്‍പ്പുമുട്ടിച്ചു. അവന്‍ രാവിലെ തന്നെ മദ്യം സേവിച്ചിട്ടുണ്ടെന്നു തോന്നി. റോസ് മേരിയുടെ മരണം അവനെ അല്പം പോലും ബാധിച്ചിട്ടില്ല. റോസ് മേരി അവന് ആരായിരുന്നു? ഭാര്യയോ അതോ വര്‍ഷങ്ങളോളം ദാമ്പത്യ തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ട വിനീതവിധേയയായ അടിമയോ?…

അകലെ നാട്ടിലെ പള്ളിയില്‍ ഒരു മഞ്ഞുകാലത്ത് നടന്ന അവരുടെ വിവാഹച്ചടങ്ങുകള്‍ അവരോര്‍ത്തു. കിരീടധാരിണിയായി ശുഭ്രവസ്ത്രത്തിനുള്ളില്‍ ശാലീന സുന്ദരിയായ മരുമകള്‍. ലില്ലിപ്പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവള്‍ അവയുടെ ശാലീനതയും കടം വാങ്ങി. നേര്‍ത്ത മൂടുപടത്തിനുള്ളില്‍ ലജ്ജക്കു പകരം ഘനീഭവിച്ച മഴമേഘങ്ങള്‍ കൂട്ടിമുട്ടുവാന്‍ പാകത്തില്‍ തുടിച്ചു നിന്നു. ഒരു കുറ്റവാളിയെപ്പോലെ നമ്രശിരസ്‌ക്കയായി അവള്‍ അള്‍ത്താരക്കു മുന്നില്‍ നിന്നു. ചിലപ്പോഴൊക്കെ ഒരു ബലിമൃഗത്തിന്റെ നിര്‍വ്വികാരത അവളെ വന്നു മൂടുന്നതും കണ്ടു. വിവാഹപ്പിറ്റേന്ന് മകന്റെ മുഖത്തു കണ്ട ദാര്‍ഢ്യം എന്തൊക്കെയോ ഊഹിക്കുവാന്‍ തന്നെ പ്രേരിതയാക്കി.

ആഞ്ഞടിച്ച കാറ്റില്‍ ഏതാനും മഞ്ഞുതുള്ളികള്‍ ജാലകത്തില്‍ കളം വരച്ചു കൊണ്ട് പരന്നൊഴുകി. ഇപ്പോഴും പുറത്തു തുടര്‍ന്നു കൊണ്ടിരിക്കുന്ന മഞ്ഞുവീഴ്ച സന്ദര്‍ശകരുടെ വരവു കുറച്ചിരിക്കുന്നു.

ഏതാനും മണിക്കൂറുകള്‍ കൊണ്ട് അവിടെ വന്നു പോയ യൂറോപ്യന്‍ സുന്ദരികളുടെ കണക്കെടുക്കാനാവാതെ അവര്‍ വിരല്‍ മടക്കുകയും നിവര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നു. തുടര്‍ച്ചയായി ചെയ്തു കൊണ്ടിരുന്ന ആ ചലനങ്ങള്‍ നോക്കി പലരും നിശ്ശബ്ദം അവര്‍ക്കു മുന്നിലൂടെ കടന്നുപോയി. മറ്റു ചിലര്‍ നേരിയ അമ്പരപ്പോടെ അവരെ സൂക്ഷിച്ചു നോക്കി. ഒരു പക്ഷെ ഈ സ്ത്രീ ഒരു ഭ്രാന്തിയായി മാറുകയാണോ എന്നവര്‍ സംശയിച്ചിരിക്കാം. നാട്ടിലാണെങ്കില്‍ ഈ അവസ്ഥയെ ഭ്രാന്ത് എന്നു തന്നെ ആളുകള്‍ വിളിക്കുമായിരുന്നു.

ആനിയമ്മ അപ്പോള്‍ മരുമകളുടെ വാക്കുകളോര്‍ക്കുകയായിരുന്നു.

'ഇല്ലമ്മച്ചീ… എനിക്ക് അലക്‌സിച്ചായനെ കുറ്റപ്പെടുത്താനാവുകയില്ല. കാരണം ഞാനും ഒരു തരത്തില്‍ പാപിയാണ്. മറൊരു പുരുഷനെ പ്രേമിച്ച് അവനുമായി ശരീരം പങ്കിട്ടവള്‍… അതു പക്ഷെ അയാളെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിച്ചായിരുന്നു. പക്ഷെ എന്റെ അപ്പന്‍ എല്ലാ വ്യാമോഹങ്ങളും തകര്‍ത്തുകളഞ്ഞു. നിര്‍ബ്ബന്ധപൂര്‍വ്വം എന്നെ അലക്‌സിച്ചായന്റെ തലയില്‍ കെട്ടി വക്കുകയായിരുന്നു.'

പിന്നീട് അവള്‍ ഏതോ പാപത്തിനു പ്രായശ്ചിത്തമെന്നോണം കൈയ്യിലെ വേദപുസ്തകം നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.

വിവാഹത്തിനു മുമ്പ് മരുമകള്‍ മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് നാട്ടില്‍ കഥകള്‍ പ്രചരിച്ചിരുന്നു.

അതെ, എല്ലാ മറിഞ്ഞിട്ടും റോസ് മേരിയുടെ അപ്പന്റെ പണക്കൊഴുപ്പ് ആണ് തങ്ങളെ വീഴ്ത്തിയത്. വിദേശത്തെ ബിസിനസ്സില്‍ മുടക്കുവാന്‍ മകന് അയാള്‍ നല്ലൊരു തുക സ്ത്രീധനമായി വാഗ്ദാനം ചെയ്തു. പിന്നെ അതീവസുന്ദരിയായ റോസ് മേരിയുടെ കൈപിടിക്കുവാന്‍ അവന് വിഷമമുണ്ടായില്ല. പുതുമോടിയായ മകനോടും മരുമകളോടുമൊപ്പം വിമാനത്തിലിരിക്കുമ്പോള്‍ ആനിയമ്മയുടെ മനസ്സില്‍ ആറടി മണ്ണിനടിയില്‍ വി ശ്രമിക്കുന്ന ഭര്‍ത്താവിന്റെ വാക്കുകള്‍, ഏതോ ബൈബിള്‍ വചനം പോലെ മുഴങ്ങി.

'അനര്‍ഹമായ് കൊയ്തു കൂട്ടുന്ന ധനവും ആഡംബരവും വിനയുണ്ടാക്കും.'

പക്ഷെ മരുമകളുടെ കറുത്ത മിഴിയാഴങ്ങളിലെ ജലരേഖയും ചുണ്ടുകളില്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന മൗനവിഷാദവും അവര്‍ക്ക് ആനന്ദവും സമാശ്വാസവും നല്‍കി. ഒരിക്കലും മരുമകളുമായി ഒരേറ്റുമുട്ടല്‍ നടത്താതെ നല്ല അമ്മായിയമ്മയായി തനിക്കു ജീവിക്കാം. അങ്ങനെ തന്നെ വര്‍ഷങ്ങള്‍ കടന്നുപോയി. പക്ഷെ മദ്യ ലഹരിയില്‍ പലപകലുകളിലും രാത്രികളിലും തന്റെ കിടക്കറയില്‍ സ്വര്‍ണ്ണത്തലമുടിക്കാരികളുമൊത്ത് അഴിഞ്ഞാടുന്ന മകന്‍ അവരുടെ ഉറക്കം കെടുത്തി. അസ്വാസ്ഥ്യത്തിന്റെ കരടുകള്‍ ഹൃദയ ധമനികളില്‍ രക്തത്തോടൊപ്പം അലിഞ്ഞു ചേര്‍ന്ന് ശരീരമാസകലം ഒഴുകിപ്പടര്‍ന്നു.

'ദുഷ്ടര്‍ പുല്ലു പോലെ മുളച്ചു പൊങ്ങുന്നു; തിന്മ ചെയ്യുന്നവര്‍ തഴച്ചു വളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായി നശിപ്പിക്കപ്പെടും. നീ ഈ ബൈബിള്‍ വചനം കേട്ടിട്ടുണ്ടോടാ.'

ഉപദേശങ്ങളെ നിസ്സാരമായ ഒരു പുഞ്ചിരിയില്‍ ഒതുക്കി അവന്‍ പിന്തിരിയും. അപ്പോള്‍ സ്വയം ഭിത്തിയില്‍ ശിരസ്സ് ആഞ്ഞിടിച്ചു അവര്‍ ആക്രോശിക്കും.

'നിന്നെ പ്രസവിച്ച ഈ വയറിനെ ഞാന്‍ ശപിക്കുകയാണ്. പ്രസവിച്ച അന്നുതന്നെ നിന്നെ കഴുത്തുഞെരിച്ച് കൊന്നു കളഞ്ഞെങ്കില്‍ എനിക്കിതൊന്നും കാണേണ്ടി വരികയില്ലായിരുന്നു.'

ആ ആക്രോശങ്ങള്‍ അവന്റെ കോപജ്വാലകളെ ഊതി കത്തിച്ചു.

'ഹും… വന്നിരിക്കുന്നു വീണ്ടും ഉപദേശിക്കുവാന്‍.. ചെറുപ്പത്തില്‍ നിങ്ങളുടെ ഉപദേശം കുറെ കേട്ടതാണ്. എന്നാല്‍ അതൊന്നും ജീവിതത്തില്‍ ഉപകാരപ്പെടുകയില്ലെന്ന് മനസ്സിലായി. ഞാന്‍ സമ്പാദിച്ച പണം കൊണ്ട് എന്റെ ഈ വീട്ടില്‍ ഞാന്‍ ഇഷ്ടമുള്ളതു ചെയ്യും. അതില്‍ ഇടപെടാന്‍ നിങ്ങള്‍ വരണ്ട…

ആനിയമ്മയെ ശക്തമായി മുന്നോട്ടു തള്ളി അവന്‍ ഇറങ്ങിനടന്നു. അന്ന് പടികളില്‍ തലയിടിച്ച് അവര്‍ വീഴുക പോലും ചെയ്തു. ഒഴുകിയിറങ്ങിയ ചോരച്ചാലുകള്‍ അവരുടെ ഹൃദയത്തിന്റെ പ്രതീകമായി.

മറ്റു സ്ത്രീകളോടൊത്ത് രമിക്കുന്ന ഭര്‍ത്താവിന്റെ മുന്നില്‍ സഹനത്തിന്റെ പ്രതിരൂപമായി നില്ക്കുന്ന മരുമകള്‍. മിക്കവാറും പകലുകളിലും രാത്രികളിലും ഒരു പരിചാരികയെപ്പോലെ അയാള്‍ക്കു വേണ്ടതെല്ലാം അയാളുടെ കിടക്കറയില്‍ എത്തിച്ചു നല്‍കി നിശ്ശബ്ദം മടങ്ങുന്ന മരുമകള്‍ അവരില്‍ ഉഷ്ണക്കാറ്റായി ആഞ്ഞടിച്ചു.

'വെറുതെയല്ല നിന്നെപ്പോലെ ഒരു ഭാര്യയെ അവനു വേണ്ടാത്തത്. പെണ്ണുങ്ങള്‍ ഇത്രയ്ക്ക് തണുത്തുറയരുത്. അവനെ തിരുത്തി നേര്‍വഴിക്കു നയിക്കേണ്ടത് നീയാണ്.'

ഭൂമിദേവിയുടെ പ്രതിരൂപം പോലെ നിന്ന അവളുടെ കണ്ണു കളപ്പോള്‍ നിറയുന്നത് അവര്‍ കണ്ടു.

'എന്തെങ്കിലും മാര്‍ഗ്ഗമുണ്ടായിരുന്നേല്‍ ഞാന്‍ ഈ ജീവിതം അവസാനിപ്പിച്ചേനേ അമ്മച്ചി. അലക്‌സിച്ചായനെ തിരുത്തുവാന്‍ എനിക്കെന്തര്‍ഹത?'

അന്നൊരു രാത്രിയില്‍ മകനു നല്‍കുവാനുള്ള മദ്യം പകര്‍ന്നതും അതില്‍ ബോട്ടിലിലെ വെളുത്ത ഗുളിക പൊടിച്ചിട്ടതും അവര്‍ തന്നെയായിരുന്നു. അത് അവനു നല്‍കുവാനായി മരുമകളുടെ കൈകളിലേക്ക് നല്‍കുമ്പോള്‍ അവര്‍ ശാന്തചിത്തയായി പ്രതിവചിച്ചു

'ഇനിയുള്ള ദിനങ്ങളില്‍ പാപത്തില്‍ നിന്ന് മോചിതനായി അവന്‍ ശാന്തമായി ഉറങ്ങും. പെറ്റവയറിന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റിയിരിക്കുന്നു.'

അപ്പോള്‍ ആനിയമ്മയുടെ മനസ്സില്‍, മകനെ നല്ലവനാക്കുവാനായി കുട്ടിക്കാലത്ത് അവനെ മടിയിലിരുത്തി പറഞ്ഞു കൊടുത്ത ഉണ്ണിയേശുവിന്റേയും, ഈസോപ്പിന്റേയും കഥകള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

എന്നാല്‍ പിറ്റേന്ന് ഒരിക്കലും ഉണരാതെ ശാന്തമായി ഉറങ്ങിക്കൊണ്ടിരുന്ന മരുമകളെയാണ് അവര്‍ കണ്ടത്. ആ ചുണ്ടുകളില്‍, നിറഞ്ഞ പുഞ്ചിരി അപ്പോഴും തത്തിക്കളിച്ചിരുന്നു. അവള്‍ അതു വരെ അനുഭവിക്കാത്ത ആനന്ദം ആ ചുണ്ടുകളില്‍ കണ്ടു. അപ്പോള്‍ അവര്‍ സമാശ്വസിച്ചു.

'ഭര്‍ത്താവിന്റെ അപഥ സഞ്ചാരത്തിനു കൂട്ടുനില്ക്കുന്ന ഭാര്യക്കു തന്നെയാണ് മരണത്തിനര്‍ഹത… മാത്രമല്ല അവളെ നിരന്തരം നീറ്റിക്കൊണ്ടിരുന്ന ദുഃഖങ്ങളില്‍ നിന്ന് താന്‍ മോചിപ്പിക്കുകയായിരുന്നു.' അവര്‍ ദീര്‍ഘ നിശ്വാസമുതിര്‍ത്തു.

ഏകമകളായ റോസ് മേരിയുടെ അപ്പന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പും അമ്മ അവളുടെ ബാല്യത്തിലും മണ്ണിനടിയിലേക്ക് പോയതുകൊണ്ട് അവളുടെ മരണവിവരം അറിയിക്കുവാന്‍ നാട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആരോ കൊടുത്ത പരാതിയിന്മേല്‍ അസ്വാഭാവികമരണത്തിന് കേസെടുത്ത അമേരിക്കന്‍ പോലീസിന്റെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ അവര്‍ എന്തൊക്കെയോ ഉത്തരങ്ങള്‍ നല്‍കി. അവയ്‌ക്കൊന്നും പക്ഷെ യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടായിരുന്നില്ല. ഒടുവില്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സില്‍ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ശവമെടുക്കുമ്പോഴും, അവര്‍ പുറത്തെ മഞ്ഞിലേക്കു നോക്കി നിര്‍വ്വികാരയായിരുന്നു.

മണിക്കൂറുകള്‍ക്കു ശേഷം ശവമടക്കിനായി പള്ളിയിലേക്ക് പുറപ്പെടുന്ന സംഘത്തിനു വളരെ പിന്നിലായി അവര്‍ നടന്നു. കല്ലറയില്‍ പൂക്കളര്‍പ്പിക്കുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ആ കവിളില്‍ അടര്‍ന്നു വീണു. ശവമടക്കു കഴിഞ്ഞ് ആളുകള്‍ ഓരോരുത്തരായി നടന്നകന്നു.

പള്ളിക്കടുത്ത് കാറില്‍ തന്നെ കാത്തിരിക്കുന്ന മകനെ ഒന്നു നോക്കി അവര്‍ എങ്ങോട്ടെന്നില്ലാതെ വേഗത്തില്‍ നടന്നു.

കാറിലിരുന്ന മകന്റെ 'മമ്മീ…' എന്ന വിളിശബ്ദം ഒരു കൊടുങ്കാറ്റായി അവരുടെ കാതുകളില്‍ വന്നലച്ചു. അപ്പോഴേക്കും ആലിപ്പഴം പോലെ പെയ്തു കൊണ്ടിരുന്ന മഞ്ഞുകട്ടകള്‍ അവരുടെ നെഞ്ചിനുള്ളില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org