ജീവന്റെ ഭക്ഷണം

ജീവന്റെ ഭക്ഷണം

പി.ജെ. ചാക്കോ പുരയ്ക്കല്‍, തോട്ടക്കര

അന്നാ സമൂഹത്തിലെന്തിനോ വന്നൊരു
പയ്യന്‍റെ കയ്യിലിരുന്നൊരഞ്ചപ്പം
അയ്യായിരം പേരെ തീറ്റുവാനത്രയും
വേണ്ടി വന്നില്ല കുറച്ചു മിച്ചം

ശേഷിച്ചതൊക്കെയും ശേഖരിച്ചെപ്പൊഴോ
ആറേഴുകുട്ട നിറഞ്ഞുപോയി
ആ മലമ്പാതയ്ക്കരികിലിരുന്നേശു
അയ്യായിരം പേരെ തീറ്റിവിട്ടു

തന്‍റെ തിരുവചനം കേട്ടിരുന്നവര്‍
അന്നു വിശന്നതറിഞ്ഞതില്ല
മാനസപാത്രം നിറഞ്ഞുപോയന്നവര്‍
മാനസപുത്രന്‍റെ വാക്കു കേട്ട്

ഇസ്രായേല്‍ മക്കളെപോറ്റാന്‍ ദിനംതോറും
മന്നാവര്‍ഷിച്ചതാണന്നു ദൈവം
തന്‍റെ പുത്രനോടു മന്നാവര്‍ഷിക്കുവാന്‍
അങ്ങുന്നരുളിയതായിരിക്കും

ഏശയ്യാവിന്‍റെ തിരുനാവിലിത്തിരി
തീക്കനല്‍ വച്ചൊരൂ ദൈവദൂതന്‍
തന്‍റെ വചനം മുടങ്ങാതെ നല്കുവാന്‍
തന്നോടു കല്പിച്ചു ദൈവമന്ന്

അത്താഴരാത്രിയില്‍ ശിഷ്യരോടൊത്തേശു
അപ്പംമുറിച്ചു മക്കള്‍ക്കു നല്കി
തന്നോടിടറാതെ നില്‍ക്കും ജനങ്ങള്‍ക്ക്
എന്നുമീ ഭക്ഷണം ജീവനേകും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org