കരയേണ്ട, അവനുണ്ടുകൂടെ!

കരയേണ്ട, അവനുണ്ടുകൂടെ!


ജോര്‍ജ് കാളിയാടന്‍

മൃതരെയോര്‍ത്തു നാം ദുഃഖിക്കുന്നു;
നമ്മെയോര്‍ത്ത് അവരും.
കൈയില്‍ കൈചേര്‍ത്തു നടക്കുമ്പോള്‍
അവനും ഞാനും
ഉണ്ട്, ഇപ്പോഴുമുണ്ട്
ജീവനോടെ ഞങ്ങള്‍:
എനിക്കു അവനും
അവനു ഞാനും
ഉണ്ട്, ഇപ്പോഴുമുണ്ട്.
വഴികള്‍ വേറെ
ജന്മവും വേറെ
വിചിത്രമിതെങ്കിലും
അറിയുന്നു
തമ്മിലറിയുന്നു ഞങ്ങള്‍
ആര്‍ക്ക് ആര് ആരെന്ന്.
കൈയില്‍ കൈചേര്‍ത്തു
നടക്കുന്നൂ കാതങ്ങള്‍
ആണ്ടുകള്‍ യുഗങ്ങളായ്
നീളുമീയനന്ത യാത്രയില്‍.
എന്‍റെ സ്വപ്നം
അവനു കാണാമിപ്പൊഴും, പക്ഷെ,
ഞാനാണ്,
ഞാനാണ് അവന്‍റെ സ്വപ്നം.
* * * * * * *
അവന്‍റെ പാദം
തൊട്ടുനമിക്കുമ്പോള്‍
അവനെന്നെ ചേര്‍ന്നു പുണരുമ്പോള്‍
പൊന്നായിത്തീരുന്നു
എന്‍റെ ഓരോ ചുവടും
എന്‍റെ കാല്‍വയ്പ്പുകളോരോന്നും.
ആവേശമായി മാറുന്നു
ആവേശമായ്ത്തീരുന്നു
ഓരോ ശ്വാസവും എന്‍റെ നെഞ്ചി-
നുള്ളിലെ തുടിപ്പുകളും
കാതില്‍ മന്ത്രിക്കുന്നണ്ടവന്‍ മല്ലെ
"നിന്‍റെ സ്വപ്നം മറക്കല്ലേ നീ,
ഒരുനാളും മറക്കല്ലെ നീ"
മണ്ണു മണ്ണിലലിയുമ്പോള്‍
ദേഹവും കഥ
ചെറിയ കഥമാത്രം;
വെറുതെ വായിച്ചു തള്ളുന്ന
നാട്ടുവാര്‍ത്തകള്‍ പോലെ.
വാക്കുകള്‍ പക്ഷെ ജീവിക്കും
ജീവന്‍ പോയി മറഞ്ഞാലും.
നിന്‍റെ വാക്കുകള്‍
ആശീര്‍വചസ്സുകള്‍
ജീവിക്കും എന്നുമെന്നുള്ളില്‍
വചനം മാംസമായെന്നില്‍
അവതരിക്കുന്നു വീണ്ടും
കുടിലില്‍, പാഴ്ത്തൊട്ടിലില്‍
ജീവിക്കും നിന്‍റെ വാക്കുകള്‍.
* * * * * * *
സ്നേഹം മരിക്കുന്നില്ല;
ജീവനാണത്, നീളുന്ന
അര്‍ത്ഥമേകുന്ന, പൊരുളേകുന്ന ജീവന്‍
അതു സൃഷ്ടിക്കുന്നു. ഉയിര്‍പ്പിക്കുന്നു.
മരിക്കില്ല സ്നേഹമൊരിക്കലും
കൈനീട്ടി, കരള്‍ നീട്ടിനല്കുന്നു
നാളെയ്ക്കായ് കൂട്ടിവയ്ക്കാതെ
തനിക്കായ് കരുതിവയ്ക്കാതെ
സമയത്തിനതിരുകള്‍ നീക്കി
സൃഷ്ടിയായ്, സ്ഥിതിയായ് സംരക്ഷകയായ്.
ചലനത്തെ എണ്ണുന്നതാണത്രെ
സമയം; സമയമതാണെങ്കില്‍
കണക്കറ്റ, എണ്ണമില്ലാത്ത (ചലനം)
സ്നേഹം ശാശ്വതനാക്കുമെന്നെ.
കൈയില്‍ കൈചേര്‍ത്തു നടക്കുന്നോ-
രമൂല്യമീ നിമിഷങ്ങളില്‍
തൊട്ടറിയുന്നില്ലേ ഉള്ളത്തില്‍
ആരാണ്? നിനക്കവനാരാണെന്ന്?
ആകയാല്‍, കരയേണ്ട
കരയേണ്ടൊട്ടുമീയാത്രയില്‍
കണ്ണീരവര്‍ക്കായ് പൊഴിക്കേണ്ട നീ
മരിച്ചവര്‍ക്കിടയില്‍ തിരയേണ്ട നീ
* * * * * * *
വെള്ളിനക്ഷത്രം തേടും
ആട്ടിടയരില്‍
വിശന്നും ദാഹിച്ചും/ ഊരില്‍ നിന്നൂരിലേക്ക്
നീതിക്കായി അലയുന്ന
ഓരോ ചെറു ജന്മത്തിലും
അങ്ങേ രാജ്യം വരാനായി
സ്വപ്നം മെനയുന്ന,
കൈകോര്‍ക്കാന്‍ വെമ്പുന്ന,
മനസ്സുകോര്‍ക്കാന്‍ വെമ്പുന്ന
മനുഷ്യവര്‍ണ്ണങ്ങളില്‍;
അവതരിക്കുന്നുണ്ടിപ്പോഴും
അപ്പമായ്, വചനം
മാംസമായി, പാഥേയമായി.
അപ്പം മുറിക്കേണ്ട
ഇന്നീ രാത്രിയില്‍
ആഘോഷം വേണ്ട, ഉയര്‍ത്തേണ്ട
വീഞ്ഞിന്‍ പാനപാത്രവും
മരണം മണക്കുന്ന മൂകത,
എങ്കിലും കരയില്ല ഞാന്‍
ഇന്നീ പെസഹാ രാത്രിയില്‍
കണ്ണീരുവാര്‍ക്കുകില്ലൊട്ടും
തികാഞ്ഞ് ഉറങ്ങാതിരിക്കും ഞാന്‍
പുലരുവാന്‍ കാവലായ് കൂടെ
പുലര്‍ച്ചെ നിന്‍ കൈപിടിച്ചെ-
ന്നാ സ്വപ്നവീഥിയില്‍ നടക്കുവാന്‍
എമ്മാവൂസെന്ന സങ്കല്പം
നമ്മെ എത്തിക്കുമിടത്തേയ്ക്ക്
* * * * * * *
അവനുണ്ട് നിനക്കായ്
നിനക്കു മാത്രമായ്
അന്വേഷിക്കും നീ മാത്രം കണ്ടെത്തീടും
ഒപ്പം ഗുരുവായ്, കാവലായ്, മാലാഖയായ്
ഉരുട്ടി മാറ്റുമീ കല്ലറ തന്‍ കവാടം
ഉയിര്‍ക്കുനീ കെട്ടുകളഴിച്ചുവീണ്ടും
നടക്കൂ നീ ധൈര്യമായ്, അവനുമുണ്ട്
ഒപ്പം ഒരേയൊരടി മുന്നിലായി.

(Dedicated to dear father late K.D. Joseph, Kaliaden
on his 25th Death Anniversary March 3, 2020)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org