പ്രണയം

പ്രണയം
Published on
  • ടോമി മാത്യു

കൂര്‍ത്ത പച്ചമുള്ളുകള്‍ തന്‍ വന്യമാംചുംബനം

ശിരസില്‍ ഏറ്റുവാങ്ങിയപ്പോഴും

പുഞ്ചിരിയായിരുന്നു നിന്‍

ചാന്ദ്രശോഭയുള്ള മുഖത്ത് പടര്‍ന്നത്

കരിമ്പാറകള്‍ നെറ്റിയില്‍ വിരിയിച്ച

ചെമ്പൂക്കളില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടു നിണം

കവിളുകളില്‍ ചെറുപുഴകളായപ്പോള്‍

തീപിടിച്ചത് രക്തമുറയുന്ന മഞ്ഞിന്‍ തണുപ്പില്‍

നീപിറന്നകാലിത്തൊഴുത്തിന്നായിരുന്നു

അപ്പോഴും നിന്‍ വൈഢ്യൂര്യമിഴിക്കോണുകളില്‍

തെളിഞ്ഞത് നിസംഗതയുടെ പോക്കുവെയിലല്ല

ജനതയുടെ ഉയിര്‍പ്പിന്റെ ഉന്മാദമായിരുന്നു

ചാട്ടവാറുകള്‍ തലങ്ങും വിലങ്ങും നിന്‍ മേനിയില്‍

രക്തച്ചാലുകള്‍ വെട്ടിയപ്പോഴും

ആലയില്‍ കൂര്‍ത്ത ഇരുമ്പാണികള്‍

പച്ചമാംസം തുളച്ചപ്പോഴും

കരള്‍ പറിയുന്നകഠോര നൊമ്പരം

നിന്നെ കൂടുതല്‍ ഉന്മത്തനാക്കി

അത്രമേല്‍ ആഴമായിരുന്നു നിന്‍ പ്രണയത്തിന്

കോലം കെടുത്തി കുരിശേറ്റി

ചെങ്കനല്‍ ചുട്ടുപഴുപ്പിച്ച കുന്തമുനയാല്‍

ഒടുങ്ങാത്ത പകയോടെ അവര്‍ കുത്തിക്കീറിയ

നിന്‍ ഹൃത്തില്‍ അപ്പോഴും ജനിക്കാത്ത എനിക്കായ്

പ്രണയം കാത്തു സൂക്ഷിച്ച നിന്നെ

ഞാനെങ്ങനെ പ്രണയിക്കാതിരിക്കും

ഇല്ല, കഴിയില്ല നിന്നെ എന്‍

നെഞ്ചില്‍ കുടിയിരുത്താരിക്കാന്‍

എന്‍ നെഞ്ചില്‍ കുടിയിരുത്താതിരിക്കാന്‍

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org