സഹനസൂനം

സഹനസൂനം

ഫാ. തോമസ് പാട്ടത്തില്‍ച്ചിറ CMF

സഹങ്ങളാകുന്ന മുള്ളുകള്‍ തന്നുടെ-
സഹജയായ് സൂനമൊന്നങ്കുരിച്ചു!
സകലേശസൂനുവാമുദ്യാനപാലകന്‍
സഖിയായവളെ കരുതിവച്ചു!

സപ്തകനാളതില്‍ ജ്ഞാനസ്‌നാനത്തിനാല്‍
സര്‍വ്വാധിനാഥനു കാണിയ്ക്കയായ്,
സന്നിധേയര്‍പ്പിതയായൊരാ
മുത്തിനുസംജ്ഞയന്നക്കുട്ടിയെന്നു കിട്ടി!

സംഫുല്ലമലരായി ശോഭിച്ചയവളൊരു-
സൗന്ദര്യകേദാരമായിരുന്നു!
സമകന്യകയവള്‍ക്കൊരുപാടു മോഹന-
സംബന്ധാലോചനക്കാരുമെത്തി!

സമ്പത്തുപാടേ വെടിഞ്ഞേശുനാഥനെ
സാമോദമനുകരിക്കാന്‍ തുനിഞ്ഞ,
സംപൂജ്യഫാന്‍സീസസ്സീസ്സി തന്‍ശിഷ്യയായ്
സന്യസ്തയായവളല്‍ഫോന്‍സയായ്!

സല്‍ക്കര്‍മ്മമേറെ നിറഞ്ഞാരാജീവനില്‍
സിന്ധുപോല്‍ ദീനങ്ങളാര്‍ത്തിരമ്പി!
സീമകള്‍ ഭേദിച്ച നൊമ്പരക്കാറ്റതില്‍
സാധുവാ വെണ്‍പൂവുലഞ്ഞിരുന്നു!

സാരൂപ്യമില്ലാത്ത നോവുകള്‍ തന്നുടെ-
സാരം കുരിശ്ശിലവള്‍ ഗ്രഹിച്ചു.
സംഘാതപീഠകള്‍ ഹൃദയവിശുദ്ധിതന്‍-
സാമകമെന്നവള്‍ വിശ്വസിച്ചു!

സംഖ്യയെഴാത്തയസ്വാസ്ഥ്യങ്ങളൊക്കെയും
സമ്മതത്തോടെ സഹിച്ചയവള്‍,
സങ്കടച്ചുഴികളില്‍പോലും പരാതിതന്‍-
സ്വരമൊന്നുപോലുമുയര്‍ത്തിയില്ല!

സഹ്യമല്ലാത്ത ബഹുവിധയാതനാ-
സാന്ദ്രമായിത്തീര്‍ന്ന നിശീഥങ്ങളില്‍,
സംഭ്രമം തെല്ലുമില്ലാതെ സഹിഷ്ഠയായ്
സ്‌നേഹിച്ചു മേല്‌മേല്‍ തന്‍ കാന്തനെ!

സമചിത്തനായ് സര്‍വ്വപീഢകളേറ്റ തന്‍-
സംരക്ഷകന്റെ തിരുമുറിവില്‍,
സദയമൊളിപ്പിക്കണേ, തന്നെയുമെന്ന്
സാദരം കേണുപ്രാര്‍ത്ഥിച്ചിരുന്നു!

സമയാവസാനേ സമസ്തരോഗങ്ങളും
സംഹാരതാണ്ഡവമാടീടവേ,
സംവത്സരങ്ങള്‍ മുപ്പത്താറു ജീവിച്ചു
സംതൃപ്തയായവള്‍ മിഴിയടച്ചു!

സംസ്‌കാരവേളയില്‍ റോമുലൂസ് പാതിരി
സംശുദ്ധയെന്നു വിളിച്ചവളെ.
സമാശയം തേടി ബാലകരെന്നുമാ-
സമാധിയില്‍ പുഷ്പ,തിരികള്‍ വച്ചു!

സൗവര്‍ണ്ണസൗഭാഗ്യസോപാനമേറിയാ-
സുമമിന്നു പുണ്യവതിയുമായി.
സ്വസ്തിതേ,യല്‍ഫോന്‍സക്യ,ഞങ്ങള്‍ക്കു നീ
സഹനവരമെന്നുമേകീടണേ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org