ഈര്‍ക്കിലിക്കായ്

ഈര്‍ക്കിലിക്കായ്

ത്രീഡി ബേബി (പി.പി. റാഫേല്‍)
ആയത്തുപടി

പള്ളിപ്പെരുന്നാളു കൂടുവാന്‍ പോയപ്പോ
പേരക്കിടാവെന്നോടൊന്നു ചൊല്ലി
അമ്മൂമ്മ പള്ളിയില്‍ പോയി വരുന്നേരം
കോലുമ്മേലുള്ളൊരയിസ്ക്രീം വേണം.

പള്ളിക്കടുത്തേയ്ക്കു ചെല്ലുന്ന നേരത്ത്
റോഡിന്നിരുവശോം കണ്ടു ഞാനാ
കോലുമ്മേലുള്ളൊരയിസ്ക്രീം പിള്ളേര്
ചപ്പിക്കുടിച്ചു നടക്കുന്നത്.

തെല്ലൊന്നടുത്തേയ്ക്കുചെന്നു ഞാന്‍ ചോദിച്ചു
ഒന്നിനെന്താ വില കൊണ്ടുപോകാന്‍
ഒന്നില്ല രണ്ടിനിന്നൊറ്റ രൂപ മതി
എന്നു ചെല്ലിയയാള്‍ തന്നു കയ്യില്‍

കൊണ്ടുപോകാനൊരു മാര്‍ഗ്ഗമില്ലാതെ ഞാന്‍
ആരും കാണാതെ മടിയില്‍ വച്ചു
തെല്ലു നടന്നപ്പോഴൊന്നിനു പോയെന്ന
തോന്നലുണ്ടെങ്കിലും പളളീക്കേറി

കുര്‍ബാന കണ്ടു മടങ്ങുന്ന നേരത്തും
മടിയൊന്നു നോക്കാന്‍ ശ്രമിച്ചില്ല ഞാന്‍
അടിവയര്‍ തൊട്ടൊന്നു നോക്കിയപ്പോള്‍
എന്തോ ഘനമായിട്ടുണ്ടെന്നെനിക്കു തോന്നി.

പെട്ടെന്നുചെന്നെന്‍റെ കൊച്ചുമോനെ കണ്ടു
ഐസ്ക്രീം കൊടുക്കാന്‍ തിടുക്കമിട്ടു
വണ്ടികിട്ടി ഞാന്‍ വലിഞ്ഞു കേറി
തത്ര പെട്ടെന്നു ഞാനവന്‍റടുത്തുമെത്തി

എന്നെ കണ്ടപ്പോഴെ മടിയില്‍ പിടിച്ചവന്‍
ഐസ് ക്രീമെടുക്കാന്‍ പിടുത്തമിട്ടു
കോലല്ലേയുള്ളൂ ഈ ചോരനിറം മുണ്ടില്‍
എങ്ങനെ വന്നെന്നറിഞ്ഞില്ല ഞാന്‍

പെട്ടെന്നു വിട്ടു പിറുപിറുത്തു ഈ
ഈര്‍ക്കിലിക്കാണോ ഞാന്‍ കാത്തിരുന്നേ
എന്നുള്ള ദേഷ്യത്തില്‍ നോക്കുന്ന കണ്ടപ്പോള്‍
എന്‍ മനമാകെ തകര്‍ന്നുപോയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org