പ്രത്യാശയുടെ രാജകുമാരന്‍

പ്രത്യാശയുടെ രാജകുമാരന്‍
Published on

രാജകുമാരന്‍ ഒടുവില്‍ ഒരു കുഴിയില്‍ ചെന്ന് പതിച്ചു. വളരെ ആഴമുണ്ടായിരുന്ന ആ കുഴിയില്‍ സൂര്യപ്രകാശം പോലും ശരിയായി എത്തിയില്ല. പതുപതുത്ത മെത്തയില്‍ കിടന്നിരുന്ന രാജകുമാരന് ഈ വീഴ്ച ഒട്ടും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. വീഴ്ചയില്‍ രാജകുമാരന്റെ തല ശക്തിയായി നിലത്തിടിച്ചു, ഒപ്പം എല്ലുകള്‍ക്ക് പൊട്ടല്‍ വീണു, ശരീരമെല്ലാം മുറിവുകളുമായി രാജകുമാരന്‍ നിലവിളിച്ചു.

എന്നാല്‍ ആരുംതന്നെ ആ നിലവിളി കേട്ടില്ല. ഒടുവില്‍ ഇരുട്ടില്‍ തപ്പിനടന്ന് ഒരു കയറിന്റെ തുമ്പ് രാജകുമാരന്‍ കണ്ടെത്തി. അതു തന്നെ കുഴിയുടെ മുകളിലേക്കെത്തിക്കുമെന്നു മനസിലാക്കിയ രാജകുമാരന്‍ അതില്‍ തൂങ്ങി കയറാന്‍ ആരംഭിച്ചു. എന്നാല്‍ ജീവിതത്തില്‍ ഇത്തരം സാഹസികതയൊന്നും ചെയ്തിട്ടില്ലാത്ത രാജകുമാരന്‍ നന്നേ ബുദ്ധിമുട്ടി. തന്റെ മൃദുലമായ ഉള്ളംകൈകള്‍ വേദനിച്ചു തുടങ്ങിയതും അതിനകം കയറുന്നതിനു മുന്‍പേ വീണ്ടും നിലത്തേക്ക് വീണു. വീഴ്ചയുടെ വേദനയില്‍ വീണ്ടും നിലവിളിക്കാനും തുടങ്ങി.

എന്നാല്‍ താന്‍ ഒരു രാജകുമാരനാണെന്നതും പുറംലോകത്തെ സുഖസൗകര്യങ്ങളുടെ ഓര്‍മ്മകളും അദ്ദേഹത്തെ വീണ്ടും വീണ്ടും പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ, ഓരോ തവണയും രാജകുമാരന്‍ വീണുകൊണ്ടിരുന്നു. എന്നാല്‍ ഓരോ തവണ കയറുമ്പോഴും പുതിയ അറിവോടെയാണ് കയറിയിരുന്നത്. എവിടെ കാലു വയ്ക്കണം, എങ്ങനെ ബാലന്‍സ് ചെയ്യണം, എന്നൊക്കെ മനസിലാക്കി ഇടയ്ക്കു വിശ്രമമൊക്കെ എടുത്താണ് കയറ്റം തുടര്‍ന്നിരുന്നത്. എന്നാല്‍ ഓരോ തവണയും മുമ്പത്തേതിനെക്കാള്‍

ഒന്നോ രണ്ടോ അടി കൂടുതല്‍ മാത്രമാണ് അധികമായി കയറാന്‍ സാധിച്ചിരുന്നുള്ളൂ. ഒടുവില്‍ തന്റെ പരിശ്രമം കൊണ്ട് ഫലം കാണാത്തതിന്റെ ദേഷ്യത്തില്‍ നിലത്തുകിടന്നിരുന്ന ഒരു പാറക്കല്ലിന്റെ മൂര്‍ച്ചകൂടിയ ഭാഗം കൊണ്ട് ആ കയര്‍ കണ്ടം തുണ്ടം മുറിക്കാന്‍ തുടങ്ങി. അതോടെ രക്ഷപെടാനുള്ള ആ സാധ്യതയും ഇല്ലാതാക്കി. എന്നാല്‍ വീണ്ടും ഒത്തിരിനാളത്തെ കാത്തിരിപ്പിനൊടുവില്‍ ധൈര്യം സംഭരിച്ച രാജകുമാരന്‍ താന്‍ മുറിച്ചുകളഞ്ഞ കയറിന്റെ കഷണങ്ങള്‍ ഇരുട്ടില്‍ അന്വേഷിക്കുവാന്‍ തുടങ്ങി. കൈയില്‍ കിട്ടിയതെല്ലാം കൂട്ടിക്കെട്ടി വീണ്ടും മുകളിലേക്ക് കയറാനുള്ള ആഗ്രഹത്തെ കൂട്ടിയുറപ്പിച്ചു.

പെട്ടെന്നാണ് ഓര്‍ത്തത് ഇത്ര ഇരുട്ടില്‍ എങ്ങനെയാണ് തനിക്ക് ഈ മുറിഞ്ഞ കയറിന്റെ ഭാഗങ്ങള്‍ കിട്ടുന്നത്. രാജകുമാരന്‍ മുകളിലേക്ക് നോക്കി. 'ഇല്ല ഒന്നും കാണുന്നില്ല, കൂറ്റാക്കൂരിരുട്ടു തന്നെ.' പെട്ടെന്ന് ഒരു നേരിയ പ്രകാശം മുകളില്‍ കാണാന്‍ ഇടയായി. അത് തന്റെ അടുക്കലേക്കു വരുന്നതായി രാജകുമാരന് അനുഭവപ്പെട്ടു, തന്നെ ആരോ സഹായിക്കുന്നതു പോലെ. ആ വെളിച്ചം കുഴിയുടെ ഇരുട്ടില്‍ താന്‍ അറുത്തിട്ട അവസാനത്തെ തുണ്ടു കയറിന്റെ അരുകില്‍ വന്നു നിന്നു. അതും കൂട്ടിക്കെട്ടി രാജകുമാരന്‍ വീണ്ടും മുകളിലേക്ക് കയറാനുള്ള തന്റെ പരിശ്രമം ആരംഭിച്ചു.

ഇനിയുള്ള തന്റെ പരിശ്രമങ്ങള്‍ പുറംലോകത്തുള്ള സുഖങ്ങള്‍ക്കു വേണ്ടിയായിരിക്കില്ല, മറിച്ചു തന്റെ പ്രത്യാശയുടെ ശക്തിയിലായിരിക്കും. പ്രത്യാശ നഷ്ടമാകാതിരിക്കാനുള്ള പരിശ്രമമാണ് ജീവിതം.

പ്രത്യാശ ഒരിക്കലും നമുക്ക് നഷ്ടമാകുന്നതല്ല, അത് നമ്മള്‍ വേണ്ടെന്നു വയ്ക്കുന്നതാണ് ജീവിതത്തിന്റെ അന്ത്യം. ആത്മഹത്യ ഒന്നിനുമുള്ള പരിഹാരമല്ല, എന്നാല്‍ പ്രത്യാശ എന്തിനും ഉള്ള വാതിലാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org