രൂപാന്തരീകരണം

രൂപാന്തരീകരണം

ജോസ് കൊച്ചുപുരയ്ക്കല്‍, ചെമ്പ്

ഞാനറിയുംമുമ്പേ, എന്‍റെ അമ്മ
പൊക്കിള്‍ക്കൊടിയാലെന്നെ ചേര്‍ത്തുകെട്ടി
പിന്നെ, നെഞ്ചോടുചേര്‍ത്ത്, അമ്മിഞ്ഞപാലു തന്നു.
നിര്‍ലോഭ സ്നേഹമായിരുന്ന അമ്മയും ഞാനും
എന്നും ഒന്നായിരുന്നു!

സ്നേഹവായ്പാല്‍ കൈക്കുമ്പിളില്‍
പോറ്റിവളര്‍ത്തി സ്വന്തക്കാര്‍, ബന്ധുക്കള്‍
ഒന്നായവര്‍ തന്‍ നിസ്വാര്‍ത്ഥ സ്നേഹത്തലോടലാല്‍
കാലുറച്ചു ഞാന്‍, കരുത്തനായി…
ഞാനും അവരും എന്നും ഒന്നായിരുന്നു.

ഉള്ളോരും ഇല്ലാത്തോരും തമ്മിലെ ജല്പനങ്ങള്‍
ആവോളം കണ്ടും കേട്ടും പഠിച്ചുവളര്‍ന്നുവന്നു
വര്‍ഗസമര കഥകളും ഗിരിപ്രഭാഷണങ്ങളും
വായിച്ചുരാവേറെ വെളുപ്പിച്ചു ഞാന്‍…

എന്‍റെയും നിന്‍റെയും വേര്‍തിരിവേറെ കണ്ടുവന്നു
സ്വാര്‍ത്ഥത എന്നിലും പത്തിവിടര്‍ത്തി
പെണ്ണൊരാള്‍ പിന്നെ കൂടെ വാസമാക്കി.
ഞാനുമെന്‍ ഭാര്യയും മക്കളും മാത്രമായൊരു കൊച്ചു ലോകം
വൃഥാ മെനഞ്ഞു ഞാന്‍, ഓടിയലഞ്ഞു.
സ്നേഹവും സ്വാര്‍ത്ഥതയും പിന്നെയും കെട്ടുപിണഞ്ഞു.

മാളോരെ, നിങ്ങള്‍ക്കറിയുമോ?
സ്വാര്‍ത്ഥത തന്നളവുകോല്‍? സ്നേഹത്തിന്‍റേതും?
ഇതു രണ്ടും കെട്ടുപിണഞ്ഞാല്‍ പിന്നേതളവുകോല്‍?

ഇരുനില മാളിക പണിത്, ഭിത്തികളുയര്‍ത്തി ഭദ്രമാക്കി
മുന്നിലായൊരു ഭീകര ഗെയിറ്റും പിടിപ്പിച്ചു
കാണികള്‍, വേണ്ടവര്‍, മിത്രങ്ങള്‍ –
കട്ടുറുമ്പുകള്‍ ഇത്തിക്കണ്ണികളാണെന്നു സദാ നിനച്ചു
"നമ്മള്‍" – "ഞങ്ങളും" പിന്നെ "അവരു"മായി വേര്‍പിരിഞ്ഞു.
ബാഹ്യലോക സംസര്‍ഗ്ഗത്തിനു വിരാമമിട്ടു
ഗെയിറ്റിനു മുന്നിലായൊരു ബോര്‍ഡും പിടിപ്പിച്ചു
"നായയുണ്ട് അകത്ത്, സൂക്ഷിക്കണം"
അങ്ങനെയെന്‍റെ രൂപാന്തരീകരണവും പൂര്‍ത്തിയായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org