സഹനപുഷ്പം-വി.മറിയം ത്ര്യേസ്യ

സഹനപുഷ്പം-വി.മറിയം ത്ര്യേസ്യ

വര്‍ഗ്ഗീസ് പുതുശ്ശേരി, വേങ്ങൂര്‍

കേരളനാടേ! അഭിമാനപൂരിതമാകണം നിന്‍ അന്തഃരംഗം!
ഒക്ടോബര്‍ പതിമൂന്നിന്‍ പുലരൊളി അരുണകിരണം ചാര്‍ത്തി കിഴക്കുദിക്കുമ്പോള്‍
വിശുദ്ധസുഗന്ധം പരത്തി അള്‍ത്താരയില്‍ ഒരു സഹനപുഷ്പം കൂടി വിരിയുന്നു!
വിശുദ്ധിതന്‍ വെള്ളരിപ്രാവാം വി.മറിയം ത്ര്യേസ്യായെ അഞ്ജലികൂപ്പി വണങ്ങിടാം!

'നിത്യപ്രകാശ'ത്തിന്‍ ചൈതന്യം ചുറ്റും പ്രസരിക്കും കെടാവിളക്കാണു നീ!
തന്‍പ്രിയമണവാളന്‍; യേശുവേ ആത്മനാ പ്രീതിപ്പെടുത്തുവാന്‍-
തീവ്രമാം സഹനത്തിന്‍ നെരിപ്പോടായ് വെന്തു നീറിപ്പുകഞ്ഞവള്‍!
ആത്മനാഥനായ്! ആത്മാക്കളെ നേടാന്‍ മെഴുതിരിയായ് ഉരുകിത്തീര്‍ന്നവള്‍!

ജഡികമോഹങ്ങളെ വരുതിക്ക് നിറുത്തുവാന്‍ കുറുക്കുവഴികളെത്ര?
മുള്ളരഞ്ഞാണം എടുത്തണിഞ്ഞും സ്വയം ചമ്മടിടി അടിയേറ്റു പിടഞ്ഞും
കൂര്‍ത്ത 'ഞെരിഞ്ഞില്‍' നിറച്ച് തലയിണ റോസാ ദളങ്ങളായ് ചമഞ്ഞും
നിഷ്ഠൂരമാം പീഢകള്‍ നാഥനില്‍ നിന്നും കിനിയുന്ന അനുഗ്രഹ തേന്‍തുള്ളിയായ്!

നിഗ്രഹിച്ചീടിനാള്‍! നീര്‍ക്കുമിള പോലുള്ള ദുരാഭിലാഷങ്ങളെ!
പ്രാര്‍ത്ഥന, ഉപവാസ, പ്രാശ്ചിത്താദികള്‍ വിശുദ്ധിതന്‍ പടവുകളായ്
നിരാലംബര്‍, രോഗാതുരര്‍, തിരസ്കൃതര്‍ കയ്പ് കുടിച്ചവരില്ലെന്നും
ദര്‍ശിച്ചു! വോറോനിക്ക തുണിത്തുണ്ടില്‍ പതിഞ്ഞൊരു തിരുമുഖഛായയോ!

ക്രൂശിതന്‍ യേശുവിന്‍ പഞ്ചക്ഷതങ്ങള്‍ സ്വയമേവ ഏറ്റുവാങ്ങി!
ക്രൂശിതന്‍ തന്‍റെ മുള്‍മുടി പലവുരു ശിരസ്സിലണിഞ്ഞു സായൂജ്യമായ്
മുള്‍ച്ചട്ടയാലേ ദേഹം മുറിഞ്ഞു; ചോരയൊലിക്കും ക്രൂശിതനോട് ചേര്‍ന്നു!
സഹനത്തിന്‍ മാസ്മര മാദ്ധ്യസ്ഥശക്തിയെ ക്രൂശിലെ ദാഹമകറ്റാന്‍ നേദിച്ചു നീ!

കുടുംബങ്ങള്‍ തന്‍ മദ്ധ്യസ്ഥയായ് വിരാജിക്കും പാവനചരിതയോ!
"സല്‍ക്കുടുംബങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം ചമയ്ക്കുന്നു" – ചാവറ താതന്‍ തന്‍-
ചാവരുള്‍ അന്വര്‍ത്ഥമാക്കുവാന്‍ നിന്‍ മദ്ധ്യസ്ഥം തേടുന്നോരടിയര്‍-
ക്കെന്നെന്നും വരമാരി തൂകണേ! പുണ്യപ്രവാഹമേ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org