സ്നേഹത്തണലില്‍

സ്നേഹത്തണലില്‍

എം. ആര്‍. ജോണ്‍, കൈപ്പട്ടൂര്‍

കവിത

അമ്മേ, നിന്നുടെ സ്നേഹത്തണലില്‍
തളര്‍ന്നുറങ്ങും തനയന്‍ ഞാന്‍
ജീവിതയാത്രയിലാശ്രയമില്ലാ-
തലഞ്ഞു കരയും പഥികന്‍ ഞാന്‍.

തെറ്റിയ വീണക്കമ്പിയിലപശ്രുതി-
നാദമുണര്‍ത്തും മൂഢന്‍ ഞാന്‍
ദുഃഖക്കടലില്‍ സാന്ദ്രതലങ്ങളില്‍
മുങ്ങിത്താഴുമൊരന്ധന്‍ ഞാന്‍.

ഒരിറ്റു സ്നേഹത്തുള്ളിക്കായ് ഞാന്‍
കരഞ്ഞുറങ്ങിയ രാവുകളില്‍
കണ്ണീരൊപ്പാന്‍ കൈകള്‍ പിടിക്കാ-
നാരും വന്നില്ലെന്‍ ചാരേ.

നിന്നുടെ സ്നേഹത്തണലിലുറങ്ങി
മെല്ലെ മിഴികള്‍ തുറന്നപ്പോള്‍
കൈകളിലെന്നെ കോരിയെടുത്തത്-
അമ്മേ നിന്നുടെ വാത്സല്യം.

ചേര്‍ത്തുപിടിച്ചെന്‍ മനസ്സിലൊരായിര
-മുമ്മകള്‍ തന്നതു നീയല്ലേ?
കണ്ണീരൊപ്പി പുത്തന്‍പാതയി-
ലെന്നെ നയിച്ചതു നീയല്ലേ?

ജീവിതയാത്രയിലെന്നുമെനിക്കൊരു
തുണയും കാവലുമാകേണം.
തിന്മയില്‍ വീഴാതെന്നും നിന്നുടെ
മകനായെന്നെ വളര്‍ത്തേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org