ഒരു മഞ്ഞുതുള്ളിയുടെ ക്രിസ്മസ്

ഒരു മഞ്ഞുതുള്ളിയുടെ ക്രിസ്മസ്
Published on

അങ്ങ് അകലെ മലയടിവാരത്ത് ബെത്‌ലെഹം എന്ന ഒരു കൊച്ചു ഗ്രാമമുണ്ട്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ചെറുഗ്രാമത്തില്‍ നടന്ന സംഭവ കഥ. ആ ഗ്രാമത്തോടു ചേര്‍ന്നു പൂല്‍ മേടുകളും, പാറകെട്ടുകളും, ഗുഹകളും. ഇടയന്മാര്‍ തങ്ങളുടെ കാലികളെ പകല്‍ സമയങ്ങളില്‍ ആ പുല്‍മേടുകളില്‍ മേയ്ക്കുകയും, രാത്രികാലങ്ങളില്‍ ഗുഹകളില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു.

അന്നും പതിവു പോലെ സൂര്യന്‍ അസ്തമിച്ചു. സമയം പാതിരാത്രി, കൊടിയ തണുപ്പ്, മഞ്ഞുകണങ്ങള്‍ പെയ്തു തുടങ്ങി.

'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം.' സ്വര്‍ഗീയ ദൈവദൂതന്മാരുടെ ഗാനലാപം കേട്ട് ആ മഞ്ഞുതുള്ളി കണ്ണുയര്‍ത്തി മുകളിലേക്കു നോക്കി. ഒന്നും മനസ്സിലായില്ല. താന്‍ കുറച്ചു മുന്‍പു മാത്രമാണ് ഭൂമിയില്‍ പതിച്ചത്. ഞങ്ങള്‍ വരുന്നതു കാണുമ്പോഴെ മനുഷ്യര്‍ വാതായനങ്ങള്‍ കൊട്ടിയടയ്ക്കും. കട്ടിയുള്ള വസ്ത്രങ്ങള്‍ കൊണ്ട് ശരീരം മറയ്ക്കും. ഞങ്ങള്‍ തൊട്ടാല്‍ ശരീരം കോച്ചി വിറയ്ക്കുമെന്ന ഭയം മൂലം പുല്ലുകള്‍ക്കു പോലും ഞങ്ങളെ ഇഷ്ടമല്ല. എന്തു ചെയ്യാം ഞങ്ങളുടെ വിധി, വിരസമായ ജീവിതം, ജീവിതം തന്നെ മടുത്തു. മഞ്ഞുതുള്ളി ആത്മഗതം ചെയ്തു. കഥന ഭാരത്തോടെ മഞ്ഞുതുള്ളി തല താഴ്ത്തി നിന്നു.

മഞ്ഞുതുള്ളി കാതോര്‍ത്തു, മനോഹരവും, ശ്രുതിമധുരവുമായ വാദ്യസംഗീതത്തിന്റെ അലയടികള്‍. ആകാംഷയോടെ വീണ്ടും ആകാശത്തേക്കു നോക്കി. അങ്ങു കിഴക്ക് സ്വര്‍ണപ്രകാശം വര്‍ഷിച്ചുകൊണ്ടു നില്‍ക്കുന്ന നക്ഷത്രം. ആ സ്വര്‍ഗീയ ഗാനാലാപത്തെ മഞ്ഞുതുള്ളി തിരിച്ചറിഞ്ഞില്ല. ആ നക്ഷത്രത്തെ അവനു മനസ്സിലായില്ല. അന്നു ക്രിസ്തുമസ്സായിരുന്നു. ദൈവപുത്രന്റെ ജനനം അന്നായിരുന്നു.

നിരാശയോടെ തലതാഴ്ത്തി നിന്ന മഞ്ഞുതുള്ളി ശ്രദ്ധിച്ചു. ആരോ തന്നോടു വളരെ ഇമ്പകരമായ സ്വരത്തില്‍ എന്തോ പറയുന്നു.

''പ്രിയ ഹിമഗണമെ, ഇങ്ങോട്ടു നീ ഒന്നു നോക്കിക്കെ, എന്നെ കാണാമോ? നീ എന്തിനാണു നിരാശപ്പെടുന്നത്?''

മഞ്ഞുതുള്ളി പറഞ്ഞു: ''കാണാം.'' സ്വര്‍ഗപ്രഭയില്‍ പ്രശോഭിച്ച് പുല്‍തൊട്ടിലില്‍ കിടക്കുന്ന ഓമന പൈതലിനെ മഞ്ഞുതുള്ളി കണ്ടു. മഞ്ഞുതുള്ളി ഇമവെട്ടാതെ നോക്കി നിന്നു.

''ഞാനാണു ലോകരക്ഷകന്‍. നീ ചുറ്റുപാടും നോക്കിക്കെ...''

മഞ്ഞുതുള്ളി ചുറ്റുപാടും നോക്കി. നൂറുകണക്കിനു നക്ഷത്രങ്ങള്‍ മിന്നുന്നു.

''കുഞ്ഞേ, അതെല്ലാം നിന്നെപ്പോലെയുള്ള മഞ്ഞുകണങ്ങളാണ്. അവര്‍ക്കു സ്വന്തമായി പ്രകാശിക്കാന്‍ കഴിവില്ല. ആ കാണുന്ന വലിയ നക്ഷത്രത്തിന്റെ പ്രകാശം തട്ടി പ്രതിഫലിക്കുന്ന താണ്. അതുപോലെ നീയും പ്രകാശിക്കുന്നുണ്ട്. നിനക്കതു മനസ്സിലാകുന്നില്ലെന്നു മാത്രം. ഒന്നുമല്ലാത്ത നിന്നെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രകാശിപ്പിക്കുന്ന പ്രകാശഗോപുരമാണു ഞാന്‍. പ്രിയ കുഞ്ഞേ, ഞാനാണു യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവര്‍ അന്ധകാരത്തില്‍ നടക്കുന്നില്ല. നിന്റെ നുറുങ്ങുവെട്ടം മറ്റുള്ളവര്‍ക്കു നയന മനോഹരമാണ്. നീ നല്‍കുന്ന കുളിര്‍മ ആസ്വാദ്യകരവും നിന്റെ ജലകണിക സസ്യലതാതികള്‍ക്ക് ജീവദായകവുമാണ്. പ്രകാശവും കുളിര്‍മയും ജലവും നല്‍കുന്ന നീ ദൈവത്തിന്റെ മുമ്പില്‍ മഹത്വപ്പെടും. നിന്നെപ്പോലെ മനുഷ്യര്‍ക്കും സ്വയമേവ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ഇന്നു പുഷ്പിക്കുന്നതും നാളെ തീയിലെറിയപ്പെടുന്നതുമായ വയലിലെ പുഷ്പം പോലെ അല്പായുസുകളാണെന്ന് അവര്‍ മനസ്സിലാക്കണം. നിങ്ങള്‍ ഒന്നിച്ചു പ്രകാശിച്ചു നില്‍ക്കുന്നതുപോലെ മനുഷ്യരും സ്‌നേഹത്തില്‍ ഒന്നിച്ചു വസിക്കണം.

മഞ്ഞുതുള്ളിയുടെ മുഖഭാവം മാറി, പുഞ്ചിരിതൂകി, സന്തോഷത്താല്‍ മിഴികള്‍ ഈറനണിഞ്ഞു. തന്നെ കൊണ്ടു കഴിയാവുന്ന വിധം പ്രകാശം പരത്തുവാന്‍ സാധിക്കുന്നുണ്ടല്ലോ എന്നോര്‍ത്തു സംതൃപ്തിയോടെ നിന്നു. താന്‍ കണ്ടത് ഒരു സ്വപ്‌നമായിരുന്നോ എന്നോര്‍ത്തു നോക്കി. അല്ല സ്വപ്‌നമായിരുന്നില്ല. യാഥാര്‍ത്ഥ്യമായിരുന്നു.

നമ്മളോരോരുത്തരും അതുപോലെ മഞ്ഞുതുള്ളികളായി മാറണം. സമൂഹത്തിനു പ്രകാശമാകണം, മറ്റുള്ളവര്‍ക്കു കുളിര്‍മയേകണം, മഞ്ഞുതുള്ളി കണക്കെ നിര്‍മ്മലമായി അലിഞ്ഞില്ലാതാകണം. ഒരു കടുകുമണിയോളം മാത്രം വലിപ്പമുള്ള വെറുമൊരു ജലകണമായ തന്റെ സങ്കടങ്ങള്‍ പോലും മനസ്സിലാക്കുകയും, ഇത്രയധികം കരുതലോടെ ഞങ്ങളെ നോക്കുകയും ചെയ്യുന്ന ലോക രക്ഷകനെ നോക്കി ആ മഞ്ഞുതുള്ളി പാടി...

  • ഹാപ്പി ക്രിസ്മസ്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org