റോമാ നഗരവീഥികളിലൂടെ പ്രാര്‍ത്ഥനാമന്ത്രങ്ങളുരുവിട്ടു പാപ്പാ

റോമാ നഗരവീഥികളിലൂടെ  പ്രാര്‍ത്ഥനാമന്ത്രങ്ങളുരുവിട്ടു പാപ്പാ
Published on

ലോകം കൊറോണാ പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലാകുകയും ഇറ്റലിയില്‍ ജനജീവിതം സ്തംഭനാവസ്ഥയിലെത്തുകയും ചെയ്തിരിക്കെ ഫ്രാന്‍സിസ് മാര്‍പാപ്പ അപ്രതീക്ഷിതമായി നഗരവീഥികളിലൂടെ ഇറങ്ങി നടക്കുകയും വി. മേരി മജോറെ ബസിലിക്കയിലും സാന്‍ മാഴ്സെലോ പള്ളിയിലും കയറി പ്രാര്‍ത്ഥിക്കുകയും ചെയ്തു. റോമാ നഗരവാസികളുടെ സംരക്ഷകയായി വിശ്വസിക്കപ്പെടുന്ന പ. മാതാവിന്‍റെ സവിശേഷചിത്രം സ്ഥിതി ചെയ്യുന്ന ദേവാലയമാണ് വി. മേരി മെജോറെ ബസിലിക്ക. ഈ ചിത്രത്തിനു മുമ്പില്‍ മാര്‍പാപ്പ 20 മിനിറ്റ് പ്രാര്‍ത്ഥനയില്‍ മുഴുകി.

ബസിലിക്കയില്‍ നിന്നിറങ്ങിയ പാപ്പ അര മൈല്‍ അകലെയുള്ള വി. മാഴ് സെലോ ദേവാലയത്തിലേയ്ക്കു നടന്നു പോയി. അവിടെയുള്ള പ്രസിദ്ധമായ ക്രൂശിതരൂപത്തിനു മുമ്പില്‍ മാര്‍പാപ്പ പ്രാര്‍ത്ഥനാനിരതനായി. ഒരു തീപിടിത്തത്തില്‍ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്നതാണ് ഈ കുരിശ്. 1522 ല്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഈ കുരിശു വഹിച്ചു റോമന്‍ നഗരവീഥികളിലൂടെ പ്രാര്‍ത്ഥനാപ്രദക്ഷിണം നടത്തിയിരുന്നു. വി. മേരി മെജോറെ ബസിലിക്കയിലെ പ. മാതാവിന്‍റെ ചിത്രവും സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്നതാണ്. ആറാം നൂറ്റാണ്ടിലെ പ്ലേഗ് കാലത്ത് ഗ്രിഗറി ഒന്നാമന്‍ പാപ്പ ഈ ചിത്രവുമായി റോമിലൂടെ പ്രദക്ഷിണം നടത്തിയെന്നാണു ചരിത്രം.

ജനങ്ങള്‍ക്കു പ്രത്യാശയും ധൈര്യവും പകരുന്നതിനാണ് താമസസ്ഥലത്തു നിന്നു പുറത്തിറങ്ങിയുള്ള ഈ കാല്‍നടയാത്രയ്ക്കു ഫ്രാന്‍സിസ് പാപ്പാ തയ്യാറായതെന്ന് വി. മേരി മെജോ റെ ബസിലിക്കയിലെ വൈദികനായ ഫാ. എലിയോ ലോപ്സ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org