പൗരോഹിത്യ പ്രതിസന്ധി: ബെനഡിക്ട് പാപ്പായുടെ പുസ്തകം വരുന്നു

പൗരോഹിത്യ പ്രതിസന്ധി: ബെനഡിക്ട് പാപ്പായുടെ പുസ്തകം വരുന്നു

സഭയും പൗരോഹിത്യവും നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുള്ള വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍റെ പുസ്തകം അടുത്ത മാസം പ്രസിദ്ധീകരിക്കുന്നു. "ഹൃദയത്തിന്നാഴങ്ങളില്‍ നിന്ന്" എന്നു പേരിട്ടിട്ടുള്ള പുസ്തകം വത്തിക്കാന്‍ ആരാധനാകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറായുമായി ചേര്‍ന്നാണ് ബെനഡിക്ട് പതിനാറാമന്‍ രചിച്ചത്. ഇഗ്നേഷ്യസ് പ്രസ് ആണു പ്രസാധകര്‍. പുരോഹിതരുടെ ബ്രഹ്മചര്യത്തേയും വനിതാപരോഹിത്യത്തേയും സംബന്ധിച്ച സഭയുടെ പരമ്പരാഗത നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരിക്കും പുസ്തകമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ കണ്ടത്. ഈ വിഷയം പ്രധാനമായതിനാല്‍ പുസ്തകത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതു മാത്രമല്ല പുസ്തകത്തിന്‍റെ ഉള്ളടക്കമെന്നും പ്രസാധകര്‍ അറിയിച്ചു. "സഭയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പൗരോഹിത്യപ്രതിസന്ധിയെ കുറിച്ചുള്ളതാണു ഈ പുസ്തകം. എന്നാല്‍, അതിനേക്കാള്‍ ഉപരിയായി, സഭയുടെയും ക്രൈസ്തവ ശിഷ്യത്വത്തിന്‍റേയും സ്വഭാവത്തെക്കുറിച്ചുള്ളതാണ് ഇത്," പുസ്തകത്തിന്‍റെ ആദ്യ ഖണ്ഡികയില്‍ തന്നെ ബെനഡിക്ട് പതിനാറാമന്‍ ഇങ്ങനെ എഴുതിയിട്ടുള്ളതായി ഇഗ്നേഷ്യസ് പ്രസ് ഡയറക്ടര്‍ ഫാ. ജോസഫ് ഫെസ്സ്യോ പറഞ്ഞു.

പൗരോഹിത്യം അന്ധകാരഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നു തന്നെയാണ് ബെനഡിക്ട് പാപ്പായും കാര്‍ഡിനല്‍ സാറായും എഴുതുന്നതെന്നു പ്രസാധകരുടെ കുറിപ്പില്‍ പറയുന്നു. അനേകം ഉതപ്പുകളെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പൗരോഹിത്യത്തെ മുറിവേല്‍പിച്ചിട്ടുണ്ട്. ബ്രഹ്മചര്യത്തെക്കുറിച്ചുള്ള നിരന്തരമായ ചോദ്യം ചെയ്യല്‍ എല്ലാം ഉപേക്ഷിക്കാന്‍ കുറെ വൈദികരെ പ്രേരിപ്പിക്കുന്നുണ്ട്. അവര്‍ക്കു പ്രത്യാശ പകരുന്ന സന്ദേശമാണ് ഈ ഗ്രന്ഥത്തിന്‍റെ ഉള്ളടക്കം. പുരോഹിത ബ്രഹ്മചര്യത്തിന്‍റെ ബിബ്ലിക്കലും ആത്മീയവുമായ പ്രാധാന്യം ഇതില്‍ വിശദീകരിക്കപ്പെടുന്നു. വൈദികബ്രഹ്മചര്യം വെറുമൊരു സഭാത്മക നിയമത്തേക്കാള്‍ ഉപരിയാണ്. സഭാനവീകരണം പൗരോഹിത്യവിളിയെ സംബന്ധിച്ച ഒരു നവീകൃതധാരണയോടു ബന്ധിതമായിരിക്കണം. ഐച്ഛിക ബ്രഹ്മചര്യം യഥാര്‍ത്ഥ പൗരോഹിത്യത്തെ സംബന്ധിച്ച് ഐച്ഛികമല്ല – പ്രസാധകര്‍ വിശദീകരിച്ചു.

പൗരോഹിത്യത്തെ പുനഃസംഘടിപ്പിക്കണമെന്ന് ആമസോണ്‍ സിനഡില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ആവശ്യങ്ങളോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളതെന്നു അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org