ലൗദാത്തോ സി കര്‍മ്മപദ്ധതി മാര്‍പാപ്പ അവതരിപ്പിച്ചു

ലൗദാത്തോ സി കര്‍മ്മപദ്ധതി മാര്‍പാപ്പ അവതരിപ്പിച്ചു

ഏഴു വര്‍ഷം നീണ്ടു നില്‍ക്കുന്ന വത്തിക്കാന്റെ ലൗദാത്തോ സി കര്‍മ്മപദ്ധതി ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിച്ചു. സന്യാസസഭകള്‍ മുതല്‍ കത്തോലിക്കാ വിദ്യാലയങ്ങളും ആശുപത്രികളും വരെയുള്ള കത്തോലിക്കാസഭയുടെ വിവിധ മേഖലകളിലെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കു വേണ്ടി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ഈ കര്‍മ്മപദ്ധതി. ഈ ലോകത്തിലെ നമ്മുടെ വാസം, ജീവിതശൈലി, പ്രകൃതിസ്രോതസ്സുകളുമായുള്ള ബന്ധം, മനുഷ്യകുലത്തെയും ജീവിതത്തെയും നോക്കിക്കാണുന്ന രീതി എന്നിവയെയെല്ലാം പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഒരു നവ പാരിസ്ഥിതികസമീപനം നമുക്കാവശ്യമാണെന്നു രേഖ അവതരിപ്പിച്ചുകൊണ്ടു മാര്‍പാപ്പ പ്രസ്താവിച്ചു.

ലൗദാത്തോ സി കര്‍മ്മവേദി എന്ന പേരിലുള്ള ഏഴു വര്‍ഷത്തെ പദ്ധതിയില്‍ ഏഴു മേഖലകള്‍ക്കായിരിക്കും ഊന്നല്‍ നല്‍കുക. കുടുംബങ്ങള്‍, ഇടവകകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍, സന്യാസസമൂഹങ്ങള്‍ എന്നിവയാണവ. കര്‍മ്മപദ്ധതിക്ക് ഏഴു ലക്ഷ്യങ്ങളും ഉണ്ട്. ഭൂമിയുടെ കരച്ചില്‍ കേള്‍ക്കുക, പാവപ്പെട്ടവരുടെ കരച്ചില്‍ കേള്‍ക്കുക, പാരിസ്ഥിതിക സാമ്പത്തികശാസ്ത്രം, ലളിതജീവിതശൈലികള്‍ സ്വീകരിക്കുക, പാരിസ്ഥിതിക വിദ്യാഭ്യാസം, പാരിസ്ഥിതിക ആത്മീയത, സമൂഹപങ്കാളിത്തം എന്നിവയാണവ.

നമ്മുടെ സ്വാര്‍ത്ഥതയും ഉദാസീനതയും നിരുത്തരവാദിത്വവും നമ്മുടെ മക്കളുടെ ഭാവിയെ ഭീഷണിപ്പെടുത്തുകയാണെന്നു പാപ്പാ മുന്നറിയിപ്പു നല്‍കി. അതുകൊണ്ട് ഞാനെന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നു: ഭൂമീമാതാവിനു നമുക്കു കരുതലേകാം. പാരിസ്ഥിതിക സുസ്ഥിരതയുള്ള ഒരു ജീവിതശൈലിയും സമൂഹവും നമുക്ക് ഉദ്ഘാടനം ചെയ്യാം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org