മാധ്യമപ്രവര്‍ത്തകര്‍ മനസാക്ഷിയുടെ ശബ്ദമാകണം: മാര്‍പാപ്പ

മാധ്യമപ്രവര്‍ത്തകര്‍ മനസാക്ഷിയുടെ ശബ്ദമാകണം: മാര്‍പാപ്പ

മാധ്യമപ്രവര്‍ത്തകര്‍ മനസാക്ഷിയുടെ ശബ്ദമായി മാറണമെന്നു ഫ്രാന്‍സിസ് മാര്‍ പാപ്പ ആവശ്യപ്പെട്ടു. തിന്മയെ നന്മയില്‍നിന്നു വേര്‍തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തനമാണ് നമുക്കാവശ്യം. ഇതിനായി സഭയുടെ പ്രബോധനവുമായി സാഹോദര്യം വളര്‍ത്തിയെടുക്കാനും കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കണം – മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ കത്തോലിക്കാ വാര്‍ത്താ ഏജന്‍സികളുടെ സംഘടനയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ചരിത്രത്തിന്‍റെ രേഖപ്പെടുത്തലുകാരായ പത്രപ്രവര്‍ത്തകര്‍ വസ്തുതകളുടെ ഓര്‍മ്മകളെ പുനനിര്‍മ്മിക്കാന്‍ കടപ്പെട്ടിരിക്കുന്നു. സാമൂഹ്യ ഐക്യത്തിനു വേണ്ടിയും എന്തു വില കൊടുത്തും സത്യം പറയാന്‍ വേണ്ടിയും അവര്‍ ശ്രമിക്കണം. ശൂന്യമായ അനേകം വാക്കുകള്‍ക്കിടയില്‍ സത്യസന്ധമായ വാക്കുകളാണ് മാധ്യമരംഗത്ത് ആവശ്യമായിരിക്കുന്നത്. മനുഷ്യന്‍ തെരുവില്‍ മരിച്ചു വീഴുന്നത് വാര്‍ത്തയല്ലാതിരിക്കുകയും, ഓഹരിവിപണിയില്‍ സൂചിക രണ്ടു പോയിന്‍റ് താഴുന്നതിനെക്കുറിച്ച് എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. ശബ്ദമില്ലാത്തവര്‍ക്കു ശബ്ദം നല്‍കുക. സാമൂഹ്യസൗഹാര്‍ദ്ദം വളര്‍ത്തുന്ന സദ്വാര്‍ത്തകള്‍ പറയുക; യക്ഷിക്കഥകളല്ല, യഥാര്‍ത്ഥമായ നല്ല വാര്‍ത്തകള്‍ – മാര്‍പാപ്പ പറഞ്ഞു.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട മാനുവെല്‍ ലൊസാനോ ഗാരിദോയെ മാര്‍പാപ്പ അനുസ്മരിച്ചു. 28 വര്‍ഷം ചക്രക്കസേരയില്‍ കഴിഞ്ഞെങ്കിലും തന്‍റെ തൊഴിലിനെ അദ്ദേഹം എന്നും സ്നേഹിച്ചുവെന്നും അനുകരിക്കാന്‍ സാധിക്കുന്ന ഒരു നല്ല മാതൃകയാണ് അദ്ദേഹമെന്നും മാര്‍പാപ്പ പറഞ്ഞു. സെക്കുലര്‍ മാധ്യമങ്ങളിലെ കത്തോലിക്കാ പത്രപ്രവര്‍ത്തകരില്‍ ആദ്യമായി അള്‍ത്താരയിലേയ്ക്കുയര്‍ത്തപ്പെടുന്ന ജേണലിസ്റ്റാണ് ലോലോ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org