സാര്‍വ്വത്രികമായ അടിസ്ഥാനവേതനം നിശ്ചയിക്കാന്‍ കോവിഡ് അവസരമാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സാര്‍വ്വത്രികമായ അടിസ്ഥാനവേതനം നിശ്ചയിക്കാന്‍ കോവിഡ് അവസരമാക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ
Published on

എല്ലാവര്‍ക്കും ഒരു അടിസ്ഥാനവേതനം സാര്‍വ്വത്രികമായി നിശ്ചയിക്കാന്‍ കോവിഡ് പ്രതിസന്ധി ഒരവസരമാക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. തെരുവുകച്ചവടക്കാര്‍, ആക്രി പെറുക്കുന്നവര്‍, ചെറുകിട കച്ചവടക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, കിടപ്പുരോഗികളുടെ പരിചാരകര്‍ തുടങ്ങിയവരെ പോലെ അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കു സ്ഥിരവരുമാനമില്ല. ലോക്ഡൗണുകള്‍ അവരെ സംബന്ധിച്ച് അസ്സഹനീയങ്ങളാണ്. അവരുടെ അനുദിന ജീവിതത്തിന് യാതൊരു നിയമപരിരക്ഷയുമില്ല. ഇവര്‍ നിര്‍വഹിക്കുന്ന അവശ്യസേവനങ്ങളെയും അതിന്‍റെ അന്തസ്സിനേയും മാനിക്കുന്ന ഒരു നടപടിയായിരിക്കും സാര്‍വ്വത്രിക അടിസ്ഥാന വേതനം. ബഹുജനപ്രസ്ഥാനങ്ങളെയും സംഘടനകളേയും അഭിസംബോധന ചെയ്തുകൊണ്ടയച്ച കത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

കോവിഡ് പോലെ മാനവവംശം നേരിടുന്ന വന്‍പ്രതിസന്ധികളെ നേരിടുവാന്‍ സര്‍ക്കാരിന്‍റെയോ വിപണിയുടെയോ മാത്രം നിയമങ്ങള്‍ക്കു കഴിയില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കി. കോവിഡ് കൊണ്ടു വന്നിരിക്കുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നു പറയാറുണ്ട്. ഈ യുദ്ധത്തിലെ അദൃശ്യരായ യോദ്ധാക്കളാണ് ബഹുജനസംഘടനകളുടെ പ്രവര്‍ത്തകര്‍. ഏറ്റവും അപകടകരമായ കിടങ്ങുകളില്‍ ഇറങ്ങി പോരാടുന്നത് സന്നദ്ധ പ്രവര്‍ത്തകരാണ്. മാനവൈക്യവും പ്രത്യാശയും കൂട്ടായ്മാബോധവും മാത്രമാണ് അവരുടെ ആയുധങ്ങള്‍ – മാര്‍പാപ്പ വിശദീകരിച്ചു.

ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍, രോഗികള്‍, വയോധികര്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവരെ മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു. പ്രകൃതിയെ നശിപ്പിക്കാതെ, ഉദ്ഘോഷണങ്ങള്‍ നടത്താതെ, ആളുകളുടെ ആവശ്യങ്ങളെ ചൂഷണം ചെയ്യാതെ ആരോഗ്യകരമായ ആഹാരം ഉത്പാദിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുകയാണു കര്‍ഷകര്‍. സ്വര്‍ഗീയ പിതാവ് ഇവരെ കാണുകയും വിലമതിക്കുകയും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org