6 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹാഗിയ സോഫിയക്കുള്ളില്‍ വച്ച് പാപ്പ പറഞ്ഞത്

6 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹാഗിയ സോഫിയക്കുള്ളില്‍ വച്ച് പാപ്പ പറഞ്ഞത്

ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റിയ ചരിത്രപരമായ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ "ഹാഗിയ സോഫിയയെ ഓര്‍ത്തു ഞാന്‍ വേദനിക്കുന്നു" എന്ന ഒരൊറ്റ വാക്യം മാത്രമാണ് പോപ്പ് ഫ്രാന്‍സിസ് ലോകത്തോടായി പറഞ്ഞത്. അത്രമേല്‍ പക്വവും എന്നാല്‍ എല്ലാ ആശയങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ കൊച്ചുവാക്യം. വെറുപ്പും വൈരാഗ്യവും കുറ്റപ്പെടുത്തലും ഒരല്പം പോലും ഇല്ലാത്ത ക്രൈസ്തവ പ്രതികരണം. ഞാന്‍ വേദനിക്കുന്നു എന്നു പറയുമ്പോള്‍ ആ വേദന എത്രത്തോളമുണ്ടെന്ന് ആ കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ത്ഥിക്കുകയും ചെയ്ത ഒരാളുടേതാണെന്ന് അറിയുമ്പോഴാണ് അതിന്‍റെ വലിപ്പം ഹൃദയങ്ങളെ തൊടുന്നത്.

തന്‍റെ മുന്‍ഗാമികളായ പോപ്പ് പോള്‍ ആറാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നിവര്‍ക്കുശേഷം 2014 നവംബര്‍ 29 ന് തന്‍റെ തുര്‍ക്കി സന്ദര്‍ശനവേളയിലാണ് ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ എന്ന മ്യൂസിയമായി രൂപമാറ്റം വന്ന കത്തീഡ്രല്‍ പാപ്പ സന്ദര്‍ശിച്ചത്. അന്ന് അവിടുത്തെ സന്ദര്‍ശക ഡയറിയില്‍ Αγία Σοφία του Θεού (ദൈവത്തിന്‍റെ ജ്ഞാനം) എന്ന് ഗ്രീക്കിലും തുടര്‍ന്ന് "Quam dilecta tabernacula tua Domine" ("സൈന്യങ്ങളുടെ കര്‍ത്താവേ അങ്ങയുടെ വാസസ്ഥലം എത്ര മനോഹരം"- സങ്കീ 83) എന്ന് ലാറ്റിനിലും എഴുതിയിട്ട് ഫ്രാന്‍സിസ് പാപ്പ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു. "ഓ ദൈവമേ നിന്‍റെ വാസസ്ഥലം എത്ര മനോഹരം. ഈ വിശുദ്ധ സ്ഥലത്തിന്‍റെ ശാന്ത സൗന്ദര്യം ധ്യാനിക്കുമ്പോള്‍ എന്‍റെ ആത്മാവ് സര്‍വ്വശക്തനായവനിലേക്ക് ഉയരുന്നു. സത്യത്തിന്‍റെയും നന്മയുടെയും സമാധാനത്തിന്‍റെയും പാതയിലൂടെ മാനവ ഹൃദയങ്ങളെ നീ തന്നെ എക്കാലവും നയിക്കണമേ."

6 വര്‍ഷങ്ങള്‍ക്കു മുമ്പ് പാപ്പ പറഞ്ഞ ഈ വാക്കുകളേക്കാള്‍ വലിയ എന്തു പ്രാര്‍ത്ഥനയാണ് ഹാഗിയ സോഫിയയെ ഓര്‍ത്തു നമുക്ക് ഈ വാര്‍ത്തകള്‍ക്കു നടുവില്‍ പ്രാര്‍ത്ഥിക്കാനുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org