ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ സന്ദര്‍ശിക്കും

ഏഷ്യന്‍ രാജ്യമായ മ്യാന്‍മറിലേയ്ക്ക് ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സ ന്ദര്‍ശനം ഉണ്ടായേക്കുമെന്നു വാര്‍ ത്ത. വത്തിക്കാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആലോചനകളുണ്ടായെങ്കിലും ബിജെപി ഗവണ്‍മെന്‍റിന്‍റെ നിസ്സഹകരണ സമീപനത്തെ തുടര്‍ന്ന് അതിനുള്ള പദ്ധതികള്‍ റദ്ദാക്കിയെന്നും അതു മൂലമാണ് അപ്രതീക്ഷിതമായി മാന്‍മറിലേയ്ക്കുള്ള സന്ദര്‍ശനം തീരുമാനിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. മ്യാന്‍മറിന്‍റെ ഐതിഹാസിക നേതാവ് ഓംഗ് സാന്‍ സ്യുകി ഈയിടെ മാര്‍പാപ്പയെ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണതോതിലുള്ള നയതന്ത്രബന്ധം ആരംഭിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. മ്യാന്‍മറിലേയ്ക്കുള്ള ആദ്യത്തെ പേപ്പല്‍ സന്ദര്‍ശനമായിരിക്കും ഇത്. മ്യാന്‍മറിലെ റോഹിംഗ്യ വംശജരായ 10 ലക്ഷത്തോളം മുസ്ലീങ്ങള്‍ വലിയ വിവേചനം നേരിടുന്നതിന്‍റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പയുടെ വരവ് സമാധാനസ്ഥാപനത്തിനു സഹായകരമായേക്കുമെന്ന പ്രത്യാശ പലരും പങ്കുവയ്ക്കുന്നുണ്ട്. മ്യാന്‍മറില്‍ ഭൂരിപക്ഷമുള്ള ബുദ്ധമതക്കാര്‍ റോഹിംഗ്യ വംശജരോടു പൊതുവില്‍ ശത്രുതാപരമായ സമീപനമാണു പുലര്‍ത്തി വരുന്നത്. റോഹിംഗ്യകള്‍ എന്നൊരു വാക്കു ഉച്ചരിക്കുകയാണെങ്കില്‍ മാര്‍പാപ്പ ഇവിടെ വരേണ്ടതില്ല എന്ന പ്രചാരണം തീവ്ര ബുദ്ധമതകേന്ദ്രങ്ങളില്‍ നിന്ന് ഇതിനകം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

മ്യാന്‍മറില്‍ കത്തോലിക്കാസഭ എത്തിച്ചേര്‍ന്നതിന്‍റെ 500-ാം വാര്‍ഷികമാഘോഷിച്ച 2014-ല്‍ തങ്ങള്‍ മാര്‍പാപ്പയെ മ്യാന്‍മറിലേയ്ക്കു ക്ഷണിച്ചിരുന്നുവെന്നും ഇപ്പോഴത്തെ സന്ദര്‍ശനത്തെ കുറിച്ച് വത്തിക്കാനില്‍ നിന്ന് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ കത്തോലിക്കാ മെത്രാന്‍ സംഘം, അതേ സമയം സന്ദര്‍ശനത്തിനു സാദ്ധ്യതയുണ്ടെന്നു സൂചിപ്പിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനം ഈ വര്‍ഷം സ്ഥിരീകരിച്ചിട്ടുള്ളതാണ്. മ്യാന്‍മറില്‍ 7 ലക്ഷം ക ത്തോലിക്കരാണുള്ളത്. 16 മെത്രാന്മാരും 700 വൈദികരും 2,200 സന്യസ്തരുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org