പ.മാതാവിനോടുള്ള ഭക്തി ക്രൈസ്തവരുടെ കടമ ഫ്രാന്‍സിസ് മാര്‍പാപ്പ

പ.മാതാവിനോടുള്ള ഭക്തി ക്രൈസ്തവരുടെ കടമ ഫ്രാന്‍സിസ് മാര്‍പാപ്പ

പ. കന്യകാമാതാവിനോടുള്ള ഭക്തി വെറുതെ നല്ലൊരു കാര്യം എന്ന നിലയ്ക്കല്ല കാണേണ്ടതെന്നും ഒരു ക്രിസ്ത്യാനിയുടെ കടമയാണതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മരിയഭക്തി വെറുമൊരു ആത്മീയ ഉപചാരമല്ല, ക്രൈസ്തവജീവിതത്തിന്‍റെ അവശ്യഘടകമാണ്. മാതാവിന്‍റെ ദാനം, എല്ലാ മാതാക്കളുടേയും സ്ത്രീകളുടെയും ദാനങ്ങള്‍ സഭയ്ക്ക് ഏറ്റവും അമൂല്യമാണ്. നമ്മുടെ വിശ്വാസം കേവലം ഒരാശയമോ പ്രബോധനമോ ആയി ചുരുക്കാന്‍ സാധിക്കില്ല. നമുക്കെല്ലാം ഒരു മാതൃഹൃദയം ആവശ്യമുണ്ട്. ദൈവത്തിന്‍റെ ആര്‍ദ്രസ്നേഹം സൂക്ഷിക്കുന്നതെങ്ങനെ എന്നറിയാനും നമുക്കു ചുറ്റുമുള്ളവരുടെ ഹൃദയമിടിപ്പുകളറിയാനും ഇതാവശ്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു. നവവത്സരദിനത്തില്‍ ദൈവമാതാവിന്‍റെ തിരുനാള്‍ ദിനത്തോടനുബന്ധിച്ച ദിവ്യബലിയര്‍പ്പിച്ച് സെ. പീറ്റേഴ്സ് ബസിലിക്കയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ക്രിസ്തുമസിനെ കുറിച്ചുള്ള ബൈബിള്‍ വിവരണങ്ങളില്‍ മറിയം ഒന്നും സംസാരിക്കുന്നില്ലെന്നു മാര്‍പാപ്പ ചൂ ണ്ടിക്കാട്ടി. മാതാവ് എല്ലാം ഹൃദയത്തില്‍ സംഗ്രഹിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്തു. മറിയത്തിന്‍റെ ഈ നിശബ്ദതയില്‍ നിന്നു നമുക്കു പലതും പഠിക്കാനുണ്ട്. പൊള്ളയായ ബഹളങ്ങളില്‍ നിന്നു നമ്മുടെ ആത്മാക്കളെ സ്വതന്ത്രമാക്കി നിറുത്താന്‍ നമുക്കു സാധിക്കണം. നിശബ്ദത പാലിക്കുമ്പോള്‍ യേശു നമ്മുടെ ഹൃദയങ്ങളോടു സംസാരിക്കുന്നു. അവന്‍റെ എളിമ നമ്മുടെ അഹങ്കാരത്തെ ശമിപ്പിക്കുന്നു. അവന്‍റെ ആര്‍ദ്രത നമ്മുടെ കഠിനഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. ഇതാണ് മറിയത്തിന്‍റെ രഹസ്യം. ഈ മാര്‍ഗത്തില്‍ നാം മറിയത്തെ അനുകരിക്കണം-മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org