ഭീകരവാദവും യുദ്ധവും ഉണ്ടാക്കുന്നതു നഷ്ടം മാത്രം

ഭീകരവാദവും യുദ്ധവും ഉണ്ടാക്കുന്നതു നഷ്ടം മാത്രം

യുദ്ധവും ഭീകരവാദവും എപ്പോഴും നഷ്ടം മാത്രമേ ഉണ്ടാക്കുകയേയുള്ളൂവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജനീവാ പ്രഖ്യാപനങ്ങളുടെ എഴുപതാം വാര്‍ഷികത്തിന്‍റെ പശ്ചാത്തലത്തില്‍ സെ. പീറ്റേഴ്സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷം തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ബലപ്രയോഗങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുകയും യുദ്ധകാലത്തെ പൗരന്മാരുടേയും തടവുകാരുടേയും സംരക്ഷണം ലക്ഷ്യം വയ്ക്കുന്നതുമായ സുപ്രധാന അന്താരാഷ്ട്ര നിയമോപാധികളാണ് ജനീവാ പ്രഖ്യാപനങ്ങളെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1949 ആഗസ്റ്റ് 12-നാണ് ജനീവാ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത്.

നിരായുധരായ മനുഷ്യരേയും ആശുപത്രികള്‍, സ്കൂളുകള്‍, ആരാധനാലയങ്ങള്‍, അഭയാര്‍ത്ഥികേന്ദ്രങ്ങള്‍ തുടങ്ങിയവയേയും സംരക്ഷിക്കുന്നതിനു പ്രത്യേക പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നു മാര്‍പാപ്പ പ്രസ്താവിച്ചു. കഴിഞ്ഞ മാസം ലിബിയയില്‍ കുടിയേറ്റക്കാരെ സൂക്ഷിച്ച സ്ഥലത്തുണ്ടായിരുന്ന അമ്പതിലേറെ പേര്‍ ഒരു വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കാര്യം മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സിറിയന്‍ ആഭ്യന്തരയുദ്ധത്തിനിടെ ആശുപത്രികളും സ്കൂളുകളും ആക്രമണലക്ഷ്യങ്ങളായി മാറി. 2018-ലെ സംഘര്‍ഷത്തിനിടെ സിറിയയില്‍ 300 ലേറെ ആരോഗ്യസേവനകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശരംഗത്തുള്ള ഡോക്ടര്‍മാരുടെ ഒരു സംഘടന പറയുകയുണ്ടായി. ഈ സാഹചര്യത്തില്‍ സായുധ സംഘര്‍ഷങ്ങളുടെ ഇരകളുടെ ജീവനും അന്തസ്സും സംരക്ഷിക്കപ്പെടുക എന്ന അനിവാര്യമായ ആവശ്യകതയെ കുറിച്ചു കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ ജനീവാ പ്രഖ്യാപനത്തിന്‍റെ വാര്‍ഷികത്തിനു കഴിയട്ടെയെന്നു മാര്‍പാപ്പ ആശംസിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org