ഫ്രാന്‍സിസ് പാപ്പായുടെ യു എ ഇ സന്ദര്‍ശനം കത്തോലിക്കാ-മുസ്ലീം ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു വിലയിരുത്തല്‍

ഫ്രാന്‍സിസ് പാപ്പായുടെ യു എ ഇ സന്ദര്‍ശനം കത്തോലിക്കാ-മുസ്ലീം ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു വിലയിരുത്തല്‍

ഫ്രാന്‍സിസ് മാര്‍പാപ്പ മുസ്ലീം രാജ്യമായ യുഎഇയിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിനു ലഭിച്ച വന്‍സ്വീകാര്യത കത്തോലിക്കാ-മുസ്ലീം ബന്ധങ്ങളെ ശക്തിപ്പെടുത്തുമെന്നു അന്താരാഷ്ട്രകാര്യ നിരീക്ഷകര്‍ വിലയിരുത്തുന്നു. സന്ദര്‍ശനത്തിനുള്ള ഒരുക്കത്തിനിടയിലും സന്ദര്‍ശനവേളയിലും പ്രകടമായ സന്തോഷകരമായ അന്തരീക്ഷവും പരസ്പരാദരവും ശ്രദ്ധേയമായിരുന്നു. യുഎഇ കിരീടാവകാശി മാര്‍പാപ്പയെ സന്ദര്‍ശനത്തിനു ക്ഷണിച്ചതും സന്ദര്‍ശനം സ്വീകരിച്ചു മാര്‍പാപ്പ എത്തിയപ്പോള്‍ കീഴ്വഴക്കങ്ങള്‍ മറികടന്ന് ഉന്നതമായ ആദരവു നല്‍കി പരിഗണിച്ചതും സഭയോടു മുസ്ലീം ലോകത്തിനുള്ള ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുമെന്നു കരുതപ്പെടുന്നു.

ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം അഹ്മദ് അല്‍ തയിബ് മാര്‍പാപ്പയെ കാണുകയും ഇരുവരും ചേര്‍ന്ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. സുന്നി മുസ്ലീങ്ങളുടെ പരമോന്നത മതപണ്ഡിതനായി പരിഗണിക്കപ്പെടുന്ന ഗ്രാന്‍ഡ് ഇമാം മാര്‍പാപ്പയോടു ചേര്‍ന്ന് മതഭീകരവാദത്തെ ശക്തമായി അപലപിച്ചു. നീതിക്കും സാഹോദര്യത്തിനും വേണ്ടിയുള്ള ഇരുമതനേതാക്കളുടെയും സംയുക്തമായ ആഹ്വാനം ചരിത്രപരമാണ്.

സന്ദര്‍ശനത്തിന്‍റെ ആദ്യദിനത്തിലാണ് മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും മതസൗഹാര്‍ദയോഗങ്ങളും നടന്നത്. രണ്ടാം ദിനം കത്തോലിക്കരുടെ പരമാദ്ധ്യക്ഷനെന്ന നിലയിലുള്ള പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. അബുദാബി സയിദ് സ്പോര്‍ട്സ് സിറ്റിയിലെ തുറന്ന വേദിയിലാണ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായുള്ള സമൂഹബലിയര്‍പ്പണം നടന്നത്. ഇതിനായി എത്തിച്ചേര്‍ന്നത് 1.8 ലക്ഷം വിശ്വാസികളാണ്. കത്തോലിക്കാസഭയിലെ വിവിധ പൗരസ്ത്യസഭകളായ കല്‍ദായ, ഗ്രീക് മെല്‍ക്കൈറ്റ്, മാരോണൈറ്റ്, സിറിയന്‍, സീറോ മലബാര്‍, സീറോ മലങ്കര എന്നീ സഭകളിലെ വിശ്വാസികളും മേലദ്ധ്യക്ഷന്മാരും ലാറ്റിന്‍ വിശ്വാസികള്‍ക്കൊപ്പം സന്ദര്‍ശനപരിപാടികളില്‍ പങ്കെടുത്തിരുന്നു. പരിപാടികള്‍ സംഘടിപ്പിച്ച അറേബ്യന്‍ വികാരിയാത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ക്കും പങ്കെടുത്ത പൗരസ്ത്യ സഭകളുടെ പാത്രിയര്‍ക്കീസുമാര്‍ക്കും മേജര്‍ ആര്‍ച്ചുബിഷപ്പുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാര്‍പാപ്പ നന്ദി പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org