കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രവാസി അപ്പസ്തോലേറ്റ്

കാഞ്ഞിരപ്പള്ളി രൂപതയില്‍ പ്രവാസി അപ്പസ്തോലേറ്റ്

* നാല്പത്തിമൂന്നാം രൂപതാദിനം ആഘോഷിച്ചു

കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്തോലേറ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നടത്തി. രൂപതയ്ക്ക് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പഠിക്കുകയും ജോലി ചെയ്യുകയും വസിക്കുകയും ചെയ്യുന്നവരുടെയും പ്രവാസജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുമായ രൂപതാംഗങ്ങളുടെ കൂട്ടായ്മയാണ് പ്രവാസി അപ്പസ്തോലേറ്റ്. മാറുന്ന സാമൂഹ്യ വ്യവസ്ഥിതികളുടെയും ആഗോളവത്കരണത്തിന്‍റെയും ഭാഗമായി ജോലി, പഠന സാധ്യതകള്‍ തേടി ഇന്നത്തെ തലമുറ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കും കുടിയേറുന്നത് ശക്തമാകുമ്പോള്‍ അവര്‍ക്ക് സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുക അപ്പസ്തോലേറ്റ് ലക്ഷ്യമിടുന്നു. പ്രവാസ ജീവിതത്തിനുശേഷം മടങ്ങിവന്നിരിക്കുന്നവരുടെ പ്രവര്‍ത്തനപരിചയവും വൈദഗ്ദ്ധ്യവും പരമാവധി ഉപയോഗപ്പെടുത്തുവാനും രാജ്യാന്തരതലത്തിലുള്ള കൂടുതല്‍ അറിവുകളും സാധ്യതകളും പങ്കുവയ്ക്കുവാനും തൊഴില്‍ അവസരങ്ങള്‍, കാര്‍ഷിക കുടിയേറ്റങ്ങള്‍, നിയമപ്രശ്നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയുവാനും അപ്പസ്തോലേറ്റ് അവസരം നല്‍കും. വിവിധ വിദേശരാജ്യങ്ങളില്‍ നമ്മുടെ നാടിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടി കാര്‍ഷികപ്രതിസന്ധിയെ അതിജീവിച്ച് വരുമാനസാധ്യതകള്‍ കണ്ടെത്തുവാന്‍ പ്രവാസി അപ്പസ്തോലേറ്റിലൂടെ അവസരമൊരുങ്ങുമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്പത്തിമൂന്നാം രൂപതാദിനാഘോഷങ്ങള്‍ കൂവപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വേളയിലായിരുന്നു പ്രവാസി അപ്പസ്തോലേറ്റിന്‍റെ പ്രഖ്യാപനം. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശ്വാസവും ജാഗ്രതയും കൂട്ടായ്മയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപനസന്ദേശം നല്‍കി. തദവസരത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ വെളിച്ചിയാനി, പെരുവന്താനം, മുണ്ടിയെരുമ എന്നീ മൂന്നു പുതിയ ഫൊറോനകളുടെ രൂപീകരണവും നടന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വികാരിജനറാളും ചാന്‍സലറുമായ റവ. ഡോ. കുര്യന്‍ താമരശ്ശേരി നിര്‍വ്വഹിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയില്‍ 10 ഫൊറോനകളാണ് നിലവിലുള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org