നീതിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുക: ജെറുസലേം പാത്രിയര്‍ക്കീസ്

നീതിക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കുക: ജെറുസലേം പാത്രിയര്‍ക്കീസ്

വിശുദ്ധനാട്ടിലെ യുദ്ധം രൂക്ഷമാകുകയും മരണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഇവിടെ നീതിയും സമാധാനവും ഉണ്ടാകുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു ജെറുസലേം കത്തോലിക്കാ പാത്രിയര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസ്സബല്ല ലോകമെങ്ങുമുള്ള കത്തോലിക്കരോട് അഭ്യര്‍ത്ഥിച്ചു. ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവരുടെയും ആത്മീയ മാതൃഭൂമിയാണു ജെറുസലേം എന്നു പാത്രിയര്‍ക്കീസ് ഓര്‍മ്മിപ്പിച്ചു. എല്ലാവരും ആത്മീയമായി ജനിച്ചത് ഇവിടെയാണ്. നമ്മുടെ വിശ്വാസം വേരൂന്നിയിരിക്കുന്നത് ഈ മണ്ണിലാണ്. അതുകൊണ്ടു തന്നെ വിശുദ്ധനാട്ടിലെ സഹനങ്ങള്‍ ആഗോളസഭയ്ക്കാകെ വേദനാജനകമാണ് – പാത്രിയര്‍ക്കീസ് വിശദീകരിച്ചു.
ഈ അക്രമങ്ങള്‍ വിനാശങ്ങളും മരണങ്ങളും ശത്രുതയും വിദ്വേഷവും മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നു പാത്രിയര്‍ക്കീസ് പറഞ്ഞു. അക്രമങ്ങള്‍ കൊണ്ടു യാതൊരു പ്രശ്‌നവും പരിഹരിക്കപ്പെടില്ല. ഈ രാജ്യങ്ങളെയും ജനതകളെയും പതിറ്റാണ്ടുകളായി ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ ശരിക്കും അഭിമുഖീകരിക്കാതെ ഈ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടുകയില്ല. അല്ലാത്ത പരിഹാരങ്ങളെല്ലാം താത്കാലികങ്ങളായിരിക്കും. ജെറുസലേമാണു പ്രശ്‌നങ്ങളുടെ ഹൃദയം. ഇസ്രായേലി അധിവാസകേന്ദ്രങ്ങള്‍ കിഴക്കന്‍ ജറുസലേമില്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് കാതലായ കാര്യം. ഇത് ഇതിനകം തന്നെ തകര്‍ന്നിരിക്കുന്ന സന്തുലിതാവസ്ഥയെ കൂടുതല്‍ തകര്‍ക്കുന്ന തീരുമാനമാണ് – പാത്രിയര്‍ക്കീസ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org