സഭാപ്രബോധനങ്ങളെ സംരക്ഷിക്കുക സഭയുടെ കടമ -കാര്‍ഡിനല്‍ ലദാരിയ

സഭാപ്രബോധനങ്ങളെ സംരക്ഷിക്കുക സഭയുടെ കടമ -കാര്‍ഡിനല്‍ ലദാരിയ

അപ്പസ്‌തോലന്മാരില്‍ നിന്നു കൈമാറി കിട്ടിയ സഭാപ്രബോധനങ്ങളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുക കത്തോലിക്കാസഭയുടെ കടമയാണെന്നു വത്തിക്കാന്‍ വിശ്വാസകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലുയി ലദാരിയ ഫെറര്‍ പ്രസ്താവിച്ചു. 'ശരിയായ പ്രബോധനം' എന്നു നാം വിളിക്കുന്ന കാര്യങ്ങള്‍ 1542 ല്‍ വിശ്വാസകാര്യാലയം സ്ഥാപിതമാകുന്നതിനും മുമ്പു തന്നെ ഉള്ളതാണ്. പുതിയ നിയമത്തിലാണ് അതിന്റെ വേരുകള്‍ എന്നതു മറക്കരുത്. അപ്പസ്‌തോലന്മാരുടെ പ്രബോധനത്തെ പുതിയ തലമുറകളിലേയ്ക്കു കൈമാറ്റം ചെയ്യുക സഭയുടെ കടമയാണ്.- ഒരു അഭിമുഖ സംഭാഷണത്തില്‍ കാര്‍ഡിനല്‍ ലദാരിയ വിശദീകരിച്ചു.
സഭയുടെ വിശ്വാസ പ്രബോധനത്തിന്റെ സംരക്ഷണമെന്ന ദൗത്യം നിര്‍വഹിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്കിടെ പല മാറ്റങ്ങളും വന്നിട്ടുണ്ടെന്നു കാര്‍ഡിനല്‍ സൂചിപ്പിച്ചു. ഇനിയും അതിനു മാറ്റം വരും. പക്ഷേ അപ്പസ്‌തോലന്മാര്‍ പകര്‍ന്ന വിശ്വാസസംഹിതയോടുള്ള വിശ്വസ്തത എന്നും ഒരേപോലെ തുടരും. -കാര്‍ഡിനല്‍ വിശദീകരിച്ചു.
1542 ല്‍ പോള്‍ മൂന്നാമന്‍ മാര്‍പാപ്പയാണ് വിശ്വാസ കാര്യാലയം സ്ഥാപിച്ചത്. അന്ന് അതിന്റെ പേര് സുപ്രീം സേക്രഡ് കോണ്‍ഗ്രിഗേഷന്‍ ഓഫ് റോമന്‍ ആന്‍ഡ് യൂണിവേഴ്‌സല്‍ ഇന്‍ക്വിസിഷന്‍ എന്നായിരുന്നു. പാഷണ്ഡത സംബന്ധിച്ച വിചാരണകളിലെ പരമോന്നത കോടതി ആയിട്ടാണ് അക്കാലത്ത് ഈ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. അധാര്‍മ്മികവും പാഷണ്ഡതയുമെന്നു വിലയിരുത്തുന്ന രചനകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്ന പതിവും പഴയ കാലത്ത് ഈ കാര്യാലയത്തിനുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ദൗത്യം ഇന്ന് ഈ കാര്യാലയത്തിന് ഇല്ലെന്നു കാര്‍ഡനല്‍ ഓര്‍മ്മിപ്പിച്ചു. 1948 ലാണ് അത്തരമൊരു പട്ടിക അവസാനമായി പ്രസിദ്ധീകരിച്ചത്. 1966 ല്‍ ഔപചാരികമായി തന്നെ അത് അവസാനിപ്പിക്കുകയും ചെയ്തു.
കാര്‍ഡിനല്‍ ലദാരിയ ഈശോസഭാംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org