പതിനായിരം പാല്‍പാക്കറ്റുകളുമായി പഞ്ചാബില്‍ കേരള സാന്നിധ്യം

പതിനായിരം പാല്‍പാക്കറ്റുകളുമായി പഞ്ചാബില്‍ കേരള സാന്നിധ്യം

ലോക്ക്ഡൗണില്‍ വിഷമിക്കുന്ന പഞ്ചാബിലെ മുക്തസറിലെ പാവപ്പെട്ടവര്‍ക്ക് പാല്‍പാക്കറ്റുകളുമായി കേരളത്തില്‍ വേരുകളുള്ള സന്യാസസഭ. സെന്‍റ് തെരേസ് ഓഫ് ലിസ്യു സഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുക്തസറിലെ ലിറ്റില്‍ ഫ്ളവര്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി, ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍, ലിറ്റില്‍ ഫ്ളവര്‍ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഓരാഴ്ചയോളം പാല്‍ വിതരണം നടത്തിയത്. ഇരുപതോളം വോളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവരുടെ ഭവനങ്ങളില്‍ പാല്‍പാക്കറ്റുകള്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്ന് സഭയുടെ മുന്‍ സുപ്പീരിയര്‍ ഫാ. മാത്യു കുമ്പുക്കല്‍ പറഞ്ഞു. പാല്‍ വിതരണം വീണ്ടും തുടരുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സന്യാസ സഭയുടെ നേതൃത്വത്തിലൂടെയുള്ള പാല്‍ വിതരണത്തിന്‍റെ ഉദ്ഘാടനം ജില്ലാ പൊലീസ് സൂപ്രണ്ട് രാജ് ബെച്ചന്‍ സിംഗ് സന്ധു നിര്‍വഹിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രാദേശിക ക്രൈസ്തവ സമൂഹം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

പാല്‍പാക്കറ്റുകള്‍ക്കു പുറമെ വിറ്റാമിന്‍ ഗുളികകളും വിതരണം ചെയ്തതായി ഫാ. കുമ്പുക്കല്‍ പറഞ്ഞു. മുനിസിപ്പല്‍ ഓഫീസില്‍ നിന്നു ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. പൊലീസ് സേനയ്ക്കുവേണ്ടി ആയിരം ക്ലിനിക്കല്‍ മാസ്ക്കുകളും ഫാ. കുമ്പുക്കല്‍ പൊലീസ് സൂപ്രണ്ടിനു കൈമാറി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org