ക്വാറന്‍റീനില്‍ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍

മുറികള്‍ക്കുള്ളിലൊതുങ്ങുന്ന ക്വാറന്‍റീന്‍ നാളുകളില്‍ മനോഹരമായ പാട്ടൊരുക്കി റോമിലെ മലയാളി വൈദികര്‍. തങ്ങള്‍ താമസിക്കുന്നിടത്തുനിന്നു പുറത്തിറങ്ങാതെ ഒരുക്കിയ 'ഹീല്‍ അസ് ഓ ലോര്‍ഡ്' എന്ന വീഡിയോ ഗാനം രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു യുട്യൂബിള്‍ ഹിറ്റായിരിക്കുകയാണ്. ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍റെ സ്കോളര്‍ഷിപ്പോടുകൂടി റോമിലെ ഡമഷീനോ കോളജില്‍ ഉന്നതപഠനം നടത്തുന്ന സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം വൈദികരാണു പാട്ടിനു പിന്നില്‍. ഇവര്‍ താമസിക്കുന്നിടത്തു ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍ ആരാധനയുണ്ട്. അതില്‍നിന്നാണു പാട്ടൊരുക്കാനുള്ള പ്രചോദനം കിട്ടിയതെന്നു വരികളെഴുതിയ എറണാകുളം – അങ്കമാലി അതിരൂപതാംഗമായ ഫാ. നിബിന്‍ കുരിശുങ്കല്‍ പറഞ്ഞു. സഹപാഠികളായ ഫാ. റെനില്‍ കാരത്തറയെയും ഫാ. പോള്‍ റോബിനെയും ചേര്‍ത്താണു ഈണമൊരുക്കിയത്.

ഫാ. നിബിന്‍റെ സ്വിറ്റ്സര്‍ലന്‍റിലുള്ള സുഹൃത്ത് ജിയോ ഏബ്രഹാമിനു പാട്ട് അയച്ചുകൊടുത്തു. അദ്ദേഹത്തിനൊപ്പം കാതറിന്‍ സിമ്മെര്‍മാനും ഇയാന് ജെയ്ദനും ചേര്‍ന്നു പാട്ടിനു ശബ്ദം നല്കി. ഓര്‍ക്കസ്ട്രേഷന്‍ സ്വിറ്റ്സര്‍ലന്‍റില്‍ പൂര്‍ത്തിയാക്കി.

റോമിലെ കോളജ് കാമ്പസിനോടു ചേര്‍ന്നുള്ള താമസസ്ഥലത്തും ചുറ്റുപാടുകളിലുമായി ഗാനത്തിന്‍റെ വീഡിയോ ചിത്രീകരണം പൂര്‍ത്തിയാക്കി. ഫാ. ജെറി അലക്സ് കാമറയും ഫാ. ജോബിന്‍സ് എഡിറ്റിംഗും നടത്തി. ക്വാറന്‍റീന്‍ നിയമങ്ങള്‍ പാലിച്ച്, ഒരാള്‍ പോലും ഗേറ്റിനു പുറത്തു പോകാതെ പ്രാര്‍ത്ഥനാ ചൈതന്യത്തിലായിരുന്നു ഗാനത്തിന്‍റെ ചിത്രീകരണവും അനുബന്ധ ജോലികളും നടത്തിയത്. കോളജിന്‍റെ റെക്ടര്‍ ഒസിഡി വൈദികനായ റവ. ഡോ. വര്‍ഗീസ് കുരിശുതറ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

പാട്ടിന്‍റെ യുട്യൂബ് ലിങ്ക്: https://youtu.be/P2dZgfpeArE

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org