2020-ല്‍ കൂടുതല്‍ വനിതകള്‍ വത്തിക്കാന്‍ പദവികളിലെത്താന്‍ സാദ്ധ്യത

2020-ല്‍ കൂടുതല്‍ വനിതകള്‍ വത്തിക്കാന്‍ പദവികളിലെത്താന്‍ സാദ്ധ്യത

പുതുവര്‍ഷത്തില്‍ റോമന്‍ കൂരിയായിലെ കൂടുതല്‍ പദവികളിലേയ്ക്ക് വനിതകള്‍ നിയമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നു സഭാനിരീക്ഷകര്‍ കരുതുന്നു. സ്ത്രീകളുടെ അന്തസ്സിനെ മാനിക്കുകയും അവര്‍ക്കെതിരായ അക്രമങ്ങളും ചൂഷണങ്ങളും അവസാനിപ്പിക്കുകയും വേണമെന്നു പുതുവര്‍ഷസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നു. പൊതുസമൂഹത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സഭ സ്ത്രീയും അമ്മയുമാണെന്ന് ദൈവമാതാവിന്‍റെ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിക്കിടയില്‍ പാപ്പാ പറഞ്ഞു.

കൂരിയായിലെ വനിതാപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഈ പ്രസംഗങ്ങളില്‍ പ്രകടമായി ഒന്നും പറഞ്ഞില്ല. പക്ഷേ കൂരിയാ പരിഷ്കരണം സംബന്ധിച്ച പുതിയ രേഖയും ആമസോണ്‍ സിനഡിന്‍റെ ഭാഗമായ അപ്പസ്തോലിക പ്രഖ്യാപനവും വൈകാതെ പുറത്തിറങ്ങും. അല്മായര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യവും ഉത്തരവാദിത്വവും സഭാകാര്യാലയങ്ങളില്‍ ലഭ്യമാകുമെന്ന സൂചന കൂരിയാ പരിഷ്കരണ രേഖയുടെ കരടുരൂപത്തിലുണ്ട്.

കൂരിയായുടെ സമഗ്രപരിഷ്കരണം ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇപ്പോള്‍ തന്നെ ചില മാറ്റങ്ങള്‍ അല്മായ/വനിതാ പങ്കാളിത്തങ്ങളുടെ കാര്യത്തില്‍ വരുത്തിക്കഴിഞ്ഞിട്ടുണ്ട്. മാധ്യമകാര്യാലയത്തിന്‍റെ അദ്ധ്യക്ഷനായി ചരിത്രത്തിലാദ്യമായി അല്മായന്‍ നിയമിക്കപ്പെട്ടു. അല്മായ-കുടുംബ കാര്യാലയത്തില്‍ രണ്ടു വനിതകള്‍ അണ്ടര്‍ സെക്രട്ടറിമാരായി. സമര്‍പ്പിത കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറിയായി കന്യാസ്ത്രീയെ നിയമിക്കുന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പതിവു പാലിച്ചു. മെത്രാന്‍ സിനഡിന്‍റെ സെക്രട്ടേറിയറ്റില്‍ കണ്‍സല്‍ട്ടന്‍റുമാരായി നിയമിച്ച ആറു പേരില്‍ അഞ്ചു പേരും വനിതകളായിരുന്നു. ഈ പദവിയില്‍ വനിതകള്‍ നിയമിക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു താനും. പ്രതീകാത്മകവും അതേസമയം ഫലപ്രദവുമായ ഒരു നടപടിയാണ് ഈ നിയമനങ്ങളെന്ന് ഈ കണ്‍സല്‍ട്ടന്‍റുമാരിലൊരാളായ സിസ്റ്റര്‍ നതാലീ ബെക്വാര്‍ട്ട് പറഞ്ഞു. ചെറുപ്പക്കാരായ കൂടുതല്‍ പേര്‍, യുവതികള്‍ മാത്രമല്ല യുവാക്കള്‍ പോലും എല്ലാ തലങ്ങളിലും വനിതാപങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നവരായിരിക്കെ മാറ്റങ്ങള്‍ തീര്‍ച്ചയായും വരുമെന്ന് സിസ്റ്റള്‍ ബെക്വാര്‍ട്ട് അഭിപ്രായപ്പെട്ടു. ഇത്തരം നിയമനങ്ങള്‍ക്കു പുറമെ കൂരിയായുടെ വാര്‍ഷികധ്യാനത്തിനു സ്ത്രീയെ നിയോഗിക്കുന്നതു പോലെയുള്ള നടപടികളും ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org