കേന്ദ്ര-കേരള സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാണിക്കുന്നതു നീതികേട്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റബര്‍ കര്‍ഷകരോട് കാണിക്കുന്ന ക്രൂരസമീപനത്തിനും നീതികേടിനും അവസാനമുണ്ടാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കാലങ്ങളായി തുടരുന്ന റബറിന്‍റെ വിലത്തകര്‍ച്ചയില്‍ യാതൊരു ഇടപെടലുകളുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ 150 രൂപ വില സ്ഥിരതാപദ്ധതി പോലും 2019 മാര്‍ച്ചിനുശേഷം കര്‍ഷകന് ലഭ്യമാക്കാതെ അട്ടിമറിക്കപ്പെട്ടു. സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാപദ്ധതി പ്രഖ്യാപനം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരു കിലോഗ്രാമിന് റബറിന്‍റെ വിപണിവിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസതുക കര്‍ഷകന് ഇപ്പോള്‍ ലഭിക്കുന്നില്ല.

റബര്‍ ബോര്‍ഡും വ്യവസായികളും ചേര്‍ന്ന് നടത്തിയ റബര്‍മീറ്റ് മാമാങ്കവും പ്രഹസനമായി. ഏറ്റവും കുറഞ്ഞ ചെലവില്‍ വ്യവസായികള്‍ക്ക് പ്രകൃതിദത്ത റബര്‍ എത്തിച്ചുകൊടുക്കുന്ന ഏജന്‍റുമാരായി റബര്‍ ബോര്‍ഡ് അധഃപതിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത റബര്‍ ബോര്‍ഡിന്‍റെ റബര്‍ ഇറക്കുമതി, ഉല്‍പാദന, ഉപഭോഗ കണക്കുകള്‍ അനിയന്ത്രിത ഇറക്കുമതിക്ക് കാലങ്ങളായി അവസരമുണ്ടാക്കുന്നു. വിലത്തകര്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും മൂലം റബര്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടും വിലത്തകര്‍ച്ച നേരിടുന്നതിന്‍റെ പിന്നില്‍ ഇറക്കുമതിയിലൂടെ വന്‍ റബര്‍സ്റ്റോക്ക് ഇന്ത്യയിലുണ്ടെന്നുള്ളതിന്‍റെ തെളിവാണ്. കേന്ദ്രസര്‍ക്കാരിലേയ്ക്ക് ഇറക്കുമതിച്ചുങ്കത്തിലൂടെ ലഭിച്ച കോടികളുടെ ഒരു വിഹിതമെങ്കിലും കര്‍ഷകന് ലഭ്യമാക്കുവാന്‍ ശ്രമിക്കാതെ വാണിജ്യമന്ത്രാലയം തുടരുന്ന നിഷേധ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടിരിക്കുന്നു. കര്‍ഷകപ്രക്ഷോഭങ്ങള്‍ പോലും നിസാരവല്‍ക്കരിച്ച് ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഖജനാവിലെ പണം വീതംവെച്ചു കൊടുക്കുകയും അതിനായി കര്‍ഷകരുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടിത നീക്കമുണ്ടാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org