അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സഹൃദയ – കാരിത്താസ് പ്രവാസി ബന്ധു സെന്ററിനു തുടക്കമായി

അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സഹൃദയ – കാരിത്താസ് പ്രവാസി ബന്ധു സെന്ററിനു തുടക്കമായി

എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടേയും സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റിന്റേയും സഹകരണത്തോടെ എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളെക്കുറിച്ച് നടത്തിയ സര്‍വേയില്‍ 51 ശതമാനം പേരും സ്വന്തനാടുകളില്‍ സ്ഥലമോ കിടപ്പാടമോ ഇല്ലാത്തവരാണെന്ന് കണ്ടെത്തി. 16 ശതമാനം പേരും നാട്ടില്‍ കടബാധ്യതയുള്ളവരാണ്. 43 ശതമാനം തൊഴിലാളികള്‍ നിരക്ഷരരും. തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളാണ് ഇത്തരത്തില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നതെന്നും 2019 ഡിസംബറിലും 2020 ജനുവരിയിലുമായി സാമൂഹ്യപ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. അതിഥിതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വെബിനാറിലാണ് സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളില്‍ 74 ശതമാനത്തിനും സ്വന്തസ്ഥലവും വീടും നാട്ടിലില്ല. 31 ശതമാനം പേര്‍ കടബാധ്യതയുള്ളവരുമാണ്. ബംഗാളില്‍ നിന്നുള്ളവരില്‍ 48 ശതമാനത്തിനും അസമില്‍ നിന്നുള്ളവരില്‍ 33 ശതമാനത്തിനും നാട്ടില്‍ വീടും സ്ഥലവുമില്ലാത്തവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടികജാതി,പട്ടികവര്‍ഗ, ന്യുനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ് മൂ ന്നില്‍ രണ്ടു ഭാഗവും എറണാകുളം, ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ നടത്തിയ വിവരശേഖരണത്തില്‍ 41.6 ശതമാനം പേര്‍ വാടകക്കെട്ടിടങ്ങളിലാണ് താമസിക്കുന്നതെന്നും 0.5 ശതമാനത്തിനുമാത്രമേ സ്വന്തമായ താമസ സൗകര്യങ്ങള്‍ ഉള്ളുവെന്നും കണ്ടെത്തിയിട്ടുണ്ട്. 32.9 ശതമാനം പേര്‍ ജോലിസ്ഥലങ്ങളിലുള്ള സൗകര്യങ്ങള്‍ തന്നെ താമസത്തിനും ഉപയോഗിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍ ആനുകുല്യങ്ങളെക്കുറിച്ചൊന്നും കാര്യമായ അറിവുകള്‍ ഇവര്‍ക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന സുധാര്‍ പദ്ധതിയുടെ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്.

എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ വെബിനാറിന്റേയും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവാസി ബന്ധു എന്ന പേരില്‍ ആരംഭിക്കുന്ന മൈഗ്രന്റ്സ് റിസോഴ്സ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. അതിഥി തൊഴിലാളികളുടെ സാമൂഹ്യ, ആരോഗ്യ, സാമ്പത്തിക,പരിരക്ഷ ഉറപ്പുവരുത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസി ബന്ധു സെന്റര്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഠന റിപ്പോര്‍ട്ടിന്റെ പ്രകാശനം സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐ.എ.എസ്. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐ.എ.എസിന് നല്‍കി നിര്‍വഹിച്ചു.. സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ പഠനറിപ്പോര്‍ട്ട് വിശദീകരിച്ചു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, സതേണ്‍ റയില്‍വേ ഏരിയ മാനേജര്‍ നിതിന്‍ റോബര്‍ട്ട് ഐ.ആര്‍.എസ്., കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് മാവുങ്കല്‍ , നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ ഡോ.മാത്യു നമ്പേലി, കാരിത്താസ് അസി.ഡയറക്ടര്‍ ഫാ.ജോളി പുത്തന്‍പുര, സഹൃദയ ഡയറക്ടര്‍ ഫാ.ജോസഫ് കൊളുത്തുവെ ളളില്‍, അതിഥി തൊഴിലാളി പ്രതിനിധി കിഷോര്‍ ജെയിംസ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org