മാസ്ക് നിര്‍മാണത്തിലൂടെ സ്ത്രീകള്‍ക്കു വരുമാന മാര്‍ഗമൊരുക്കി സഹൃദയ

മാസ്ക് നിര്‍മാണത്തിലൂടെ സ്ത്രീകള്‍ക്കു വരുമാന മാര്‍ഗമൊരുക്കി സഹൃദയ

കൊച്ചി: ലോക്ഡൗണില്‍ മാസ്ക് നിര്‍മാണം വനിതകള്‍ക്കു സ്വയം തൊഴിലിനും വരുമാനത്തിനുമുള്ള അവസരമാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയാണു, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മാസ്കുകളുടെ നിര്‍മാണത്തിലൂടെ സ്ത്രീകള്‍ക്കു വരുമാനത്തിനു വഴി തുറന്നിട്ടത്.

തയ്യല്‍ രംഗത്തുള്ള സ്വയം സഹായ സംഘാംഗങ്ങളിലൂടെ രണ്ടു ലക്ഷത്തിലേറെ മാസ്കുകളാണു ലോക് ഡൗണ്‍ ഘട്ടത്തില്‍ സഹൃദയ തയ്യാറാക്കിക്കഴിഞ്ഞത്. മൂന്നു ലെയറുകളുള്ള സര്‍ജിക്കല്‍ മാസ്കും പുനരുപയോഗിക്കാനാവുന്ന തുണി കൊണ്ടുള്ള മാസ്കുകളും തയ്യാറാക്കുന്നുണ്ട്.

എറണാകുളം, അങ്കമാലി, കാലടി, പറവൂര്‍, ചേര്‍ത്തല മേഖലകളിലെ സംഘങ്ങളിലെ മൂന്നൂറിലേറെ വനിതകള്‍ക്കു മാസ്കിനുള്ള തുണി സഹൃദയ എത്തിച്ചു നല്കും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മാസ്കുകള്‍ വാഹനം എത്തി ശേഖരിക്കും. വീട്ടുജോലികള്‍ക്കു ശേഷമുള്ള സമയം മാസ്ക് തയ്യാറാക്കുന്നതിലൂടെ ദിവസേന 250, 500 രൂപ വരുമാനം ഉണ്ടാക്കാനാകുന്നുണ്ടെന്നു സ്ത്രീകള്‍ പറഞ്ഞു.

മാസ്കുകള്‍ക്കു ക്ഷാമവും അമിതവില ഈടാക്കുന്നെന്ന പരാതിയും അറിഞ്ഞതിനെത്തുടര്‍ന്നാണു സഹൃദയ ഈ സംരംഭത്തിന് തുടക്കമിട്ടതെന്നു ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെളളില്‍ പറഞ്ഞു.

മാസ്ക് നിര്‍മാണത്തിനുള്ള പരിശീലനം ഓണ്‍ലൈനിലൂടെയാണു നല്കിയത്. തയ്യാറാക്കിയ മാസ്കുകള്‍ വിവിധ സന്നദ്ധ സംഘടനകളുടെയും ഇടവകകളുടെയും നേതൃത്വത്തിലാണു വിതരണം ചെയ്യുന്നത്. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും സഹൃദയ മാസ്കുകള്‍ വിതരണം ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org