സന്നദ്ധ സേവനത്തിന് ചങ്ങനാശേരി അതിരൂപത യില്‍ നിന്നും ആയിരത്തിലധികം യുവാക്കള്‍

ചങ്ങനാശേരി: കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന സന്നദ്ധസേവന സംഘത്തില്‍ ചങ്ങനാശേരി അതിരൂപതയില്‍ നിന്നും വൈദികരടക്കം ആയിരത്തിലധികം യുവാക്കള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു.

അതിരൂപതയുടെ കീഴിലുള്ള വിവിധ സംഘടനകളിലെ അംഗങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസമായി ഈ രജിസ്ട്രേഷന്‍ നടപടികള്‍ക്കു വേണ്ടി ശ്രമിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങള്‍മൂലം പലര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ മൂലമാണ് കുറച്ചുപേര്‍ക്കെങ്കിലും ഇപ്രകാരം സന്നദ്ധ സേവനത്തിന് അവസരമുണ്ടായതെന്ന് അതിരൂപതാ പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍ അറിയിച്ചു.

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ സാമൂഹിക പ്രതിബദ്ധതയോടെ മുന്നിട്ടിറങ്ങിയവരെ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭിനന്ദിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിച്ചു കൊണ്ട് കൂടുതല്‍ ആളുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭക്ഷണമില്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും ആരും വിഷമിക്കുന്നില്ലെന്ന് നമ്മള്‍ ഉറപ്പ് വരുത്തണമെന്നും ഗവണ്‍മെന്‍റ് പ്രവര്‍ത്തനങ്ങളോടും നിര്‍ദ്ദേശങ്ങളോടും പൂര്‍ണമായി സഹകരിച്ച് ഈ മഹാവിപത്തിന്‍റെ ആഘാതം പരമാവധി കുറയ്ക്കുവാന്‍ വിശ്വാസിസമൂഹം സജ്ജരാകണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org