സത്യദീപം വാരികയുടെ നവതി സമാപനവും കര്‍ദിനാള്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡുദാനവും

സത്യദീപം വാരികയുടെ നവതി സമാപനവും കര്‍ദിനാള്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡുദാനവും
Published on

സത്യദീപം വാരികയുടെ നവതിയാഘോഷങ്ങളുടെ സമാപനവും കര്‍ദിനാള്‍ ആന്‍റണി പടിയറ മാധ്യമ അവാര്‍ഡുദാനവും ജൂലൈ 2-ന് ഞായറാഴ്ച കലൂര്‍ റിന്യുവല്‍ സെന്‍ററില്‍ നടക്കും. നവതിയോടനുബന്ധിച്ചു നടത്തിയ സാഹിത്യമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും തദവസരത്തില്‍ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടര മണിക്കു ചേരുന്ന സമ്മേളനം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും സത്യദീപം വാരികയുടെ രക്ഷാധികാരിയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. സൂസൈപാക്യം അനുഗ്രഹപ്രഭാഷണവും മലയാളമനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണവും നടത്തും. തിരുവല്ല മലങ്കര രൂപത സഹായമെത്രാന്‍ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, സത്യദീപം ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ട്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, മാനേജിംഗ് ഡയറക്ടര്‍ ഫാ. സെന്‍ കല്ലുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ പടിയറ അവാര്‍ഡുകള്‍ കര്‍ദിനാള്‍ ആലഞ്ചേരിയും സാഹിത്യമത്സര സമ്മാനങ്ങള്‍ ആര്‍ച്ചുബിഷപ് സൂസപാക്യവും വിതരണം ചെയ്യും.

രാവിലെ റിന്യുവല്‍ സെന്‍റര്‍ ചാപ്പലില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയില്‍ എറണാകുളം – അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് "സത്യദീപത്തിന്‍റെ ദര്‍ശനപാരമ്പര്യവും ഭാവിനിയോഗവും" എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ ഫാ. പോള്‍ തേലക്കാട്ട്, ഫാ. വര്‍ഗീസ് തൊട്ടിയില്‍, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. "സത്യദീപത്തിന്‍റെ ദൗത്യം: സഭയിലും സമൂഹത്തിലും" എന്ന പാനല്‍ ചര്‍ച്ചയില്‍ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, പ്രൊഫ. ലിറ്റി ചാക്കോ, മാര്‍ഷല്‍ ഫ്രാങ്ക് എന്നിവര്‍ പങ്കെടുക്കും. മോണ്‍. ആന്‍റണി നരികുളം മോഡറേറ്ററായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org