സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ 26-ാമത് ദേശീയ സെമിനാര്‍

സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ 26-ാമത് ദേശീയ സെമിനാര്‍

രാജ്യത്തെ ആതുരസേവന മേഖലയില്‍ സിസ്റ്റര്‍ ഡോക്ടേഴ്സിന്‍റെ നിസ്വാത്ഥ സേവനങ്ങള്‍ മഹത്തരമെന്നു നടന്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ 26-ാമത് ത്രിദിന ദേശീയ സെമിനാര്‍ ആലുവ രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാവൃതം സ്വീകരിച്ച ഡോക്ടര്‍മാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു നിശ്ചയ ദാര്‍ഢ്യത്തോടെ പിന്നോക്ക മേഖലകളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും പരിചരണം ഒരുക്കുന്നതു നന്മയുടെ തെളിവാണ്. തങ്ങളെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ക്കപ്പുറം മറ്റുള്ളവര്‍ക്കു പ്രചോദനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം. അടിസ്ഥാന ആരോഗ്യസൗകര്യങ്ങള്‍ അപ്രാപ്യമായവര്‍ക്ക് ഇവര്‍ പ്രതീക്ഷയുടെ കിരണമാണെന്നും മമ്മൂട്ടി പറഞ്ഞു.

സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും മമ്മൂട്ടി നിര്‍വഹിച്ചു. ആര്‍ച്ചു ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അധ്യക്ഷനായിരുന്നു. ആര്‍ച്ചുബിഷപ് പ്രകാശ് മല്ലവരപ്പു, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറം ദേശീയ അധ്യക്ഷ സിസ്റ്റര്‍ ഡോ. ബീന മാധവത്ത്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സന്‍ വാഴപ്പിള്ളി സിഎംഐ, ചായ് ഡയറക്ടര്‍ ജനറല്‍ റവ ഡോ. മാത്യു ഏബ്രഹാം, ഡോ. ആന്‍റണി റോബര്‍ട്ട് ചാള്‍സ്, ഫാ. ജൂലിയസ് അറയ്ക്കല്‍ , റവ. മദര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ അല്‍ഫോന്‍സ് മേരി എന്നിവരും പങ്കെടുത്തു.

ആതുരസേവന മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും എന്നതായിരുന്നു സെമിനാറിന്‍റെ മുഖ്യവിഷയം. ഇന്ത്യയിലെ പ്രമുഖ ഡോക്ടര്‍മാര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. രാജഗിരി ആശുപത്രിയും സിസ്റ്റര്‍ ഡോക്ടേഴ്സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നായി 200 ല്‍പരം ഡോക്ടര്‍മാരായ സിസ്റ്റേഴ്സ് പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org