സ്പെഷ്യല്‍ ഒളിമ്പിക്സ് സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

സ്പെഷ്യല്‍ ഒളിമ്പിക്സ് സംഘം മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഭിന്നശേഷിക്കാര്‍ക്കുള്ള കായികോത്സവമായ സ്പെഷ്യല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നവരുടെ പ്രതിനിധി സംഘത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിച്ചു. ആനന്ദമാണ് എല്ലാ കായിക ഇനങ്ങളുടെയും ഹൃദയമെന്നു മാര്‍പാപ്പ താരങ്ങളോടു പറഞ്ഞു. ഒന്നിച്ചായിരിക്കുന്നതിന്‍റെയും ഒന്നിച്ചു കളിക്കുന്നതിന്‍റെയും സ്രഷ്ടാവ് അനുദിനം നല്‍കുന്ന ദാനങ്ങളില്‍ സന്തോഷിക്കുന്നതിന്‍റെയും ആനന്ദമാണത്. ചെറുതും ലളിതവുമായ കാര്യങ്ങളെപ്രതി സന്തോഷിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്കു നിങ്ങളില്‍ നിന്നു പഠിക്കാനുണ്ട് – മാര്‍പാപ്പ പറഞ്ഞു.

നമുക്കു മറികടക്കാനാകാത്ത തടസ്സങ്ങളൊന്നുമില്ലെന്ന് ഭിന്നശേഷിക്കാരായ താരങ്ങളുടെയും അവരുടെ സഹായികളുടെയും ഈ കൂടിച്ചേരല്‍ വ്യക്തമാക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സകലരേയും ഉള്‍ക്കൊള്ളുന്ന ഒരു സമൂഹസൃഷ്ടിക്കായി യത്നിക്കുന്നവര്‍ക്ക് നിങ്ങള്‍ പ്രത്യാശയുടെ അടയാളമാണ്. എല്ലാ ജീവനും അമൂല്യമാണ്. എല്ലാ വ്യക്തികളും ഓരോ സമ്മാനങ്ങളാണ്. ആരേയും ഒഴിവാക്കാത്ത, അതിര്‍ത്തികളില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സന്ദേശമാണ് നിങ്ങളുടെ ജീവിതം. സ്പോര്‍ട്സ് ശരീരത്തിനും മനസ്സിനും നല്ലതാണ്. നമ്മുടെ ജീവിതങ്ങളുടെ ഗുണമേന്മ ഉയര്‍ത്താന്‍ അതു സഹായിക്കുന്നു. ക്ഷമയും ശക്തിയും ധീരതയും വളര്‍ത്താന്‍ സഹായിക്കുന്നതാണ് നിരന്തരമായ പരിശീലനം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org