സ്ത്രീവിരുദ്ധ വിവേചനത്തിനും അക്രമങ്ങള്‍ക്കും എതിരെ പോരാടണം: വത്തിക്കാന്‍

സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം അക്രമങ്ങളേയും വിവേചനങ്ങളേയും കത്തോലിക്കാസഭ അപലപിക്കുന്നതായി യുഎന്നില്‍ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ് ബെര്‍ണഡിറ്റോ ഓസ പ്രസ്താവിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളേയും വിവേചനങ്ങളേയും ന്യായീകരിക്കുന്ന ദ്രോഹകരമായ വാര്‍പ്പുമാതൃകകളേയും സഭ നിരാകരിക്കുന്നതായി ആര്‍ച്ചുബിഷപ് വ്യക്തമാക്കി. സ്ത്രീകളുടെ പുരോഗതി എന്ന വിഷയത്തില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്.

മനുഷ്യരെ ചരക്കുകളെ പോലെ വ്യാപാരം ചെയ്യുന്നത് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമായി കണക്കാക്കപ്പെടണമെന്നും അതിനെതിരെ സകലരും പോരാടണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുള്ളതായി ആര്‍ച്ചുബിഷപ് അനുസ്മരിപ്പിച്ചു. അടിമത്തം ചരിത്രത്തിലെ ഒരു ദുരന്തസ്മരണയാണെന്നാണു പലരും ഇന്നു കരുതുന്നത്. എന്നാല്‍ അടിമകളാക്കപ്പെട്ട മനുഷ്യര്‍ ഏക്കാലത്തേക്കാളുമധികമായി ഇന്നുണ്ടെന്നതാണു യാഥാര്‍ത്ഥ്യം. ഇതിനെതിരെ പോരാടുന്ന കത്തോലിക്കാ കന്യാസ്ത്രീകളുടെ പ്രസ്ഥാനമായ തലീത്താകും അടക്കമുള്ളവര്‍ ശ്ലാഘിക്കപ്പെടേണ്ടവരാണ് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

സ്ത്രീകളെ അടിമകളാക്കുകയും തെരുവുകളില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്ന പ്രവണത തുടരുന്നതിനു കാരണം ഇവരെ ആവശ്യപ്പെടുന്ന പുരുഷന്മാരുള്ളതുകൊണ്ടാണെന്ന് ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ പ്രശ്നമവസാനിപ്പിക്കുന്നതിനുള്ള ശാശ്വതമായ മാര്‍ഗം പുരുഷന്മാരുടെ മനഃപരിവര്‍ത്തനം തന്നെയാണ്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അക്രമമുള്‍പ്പെടെ എല്ലാത്തരം അക്രമങ്ങളേയും ചെറുക്കുന്നതിനുള്ള നിയമസംവിധാനങ്ങള്‍ ഉണ്ടാകണം. ഭയം കൂടാതെ സ്ത്രീകള്‍ക്കു സമൂഹജീവിതത്തില്‍ പങ്കാളികളാകാന്‍ കഴിയണം – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org