പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ മനസ്സിൽ മായാതെ സുഗതകുമാരി ടീച്ചർ

പരിയാപുരം സെൻ്റ് മേരീസ് സ്കൂളിലെ വിദ്യാർഥികളുടെ മനസ്സിൽ മായാതെ സുഗതകുമാരി ടീച്ചർ

'മരക്കവിയെന്നു വിളിച്ചോളൂ… എനിക്ക് അഭിമാനമേയുള്ളൂ'


 

ഫോട്ടോ അടിക്കുറിപ്പ്: പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സുഗതകുമാരി ടീച്ചർക്കൊപ്പം (ഫയൽ ചിത്രം)


അങ്ങാടിപ്പുറം: സാഹിത്യത്തിൻ്റെ പൂമണം നിറയുന്ന തുഞ്ചൻപറമ്പിൽ മലയാളത്തിൻ്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കൊപ്പം കൂട്ടുകൂടാനും ഉപദേശങ്ങൾ സ്വീകരിക്കാനും കഴിഞ്ഞത് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾക്ക് നിറമുള്ള ഓർമ.
2011 ഫെബ്രുവരിയിൽ നടന്ന തുഞ്ചൻ സാഹിത്യോത്സവത്തിനിടെയാണ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ അറുപതുപേർക്കൊപ്പം ടീച്ചർ മുഖാമുഖത്തിനിരുന്നത്. ടീച്ചറുടെ വേർപാടിൻ്റെ വേദനയിലും ആ വാക്കുകൾ  ഇവരുടെ മനസ്സിൽ മുഴങ്ങുന്നു.
'ഒരു പ്രധാനകാര്യം നിങ്ങളോട് ആദ്യം പറയാനുണ്ട്'- ടീച്ചർ സംഭാഷണത്തിനു തുടക്കമിട്ടു. "മലയാളം നമ്മുടെ അമ്മയാണ് അമ്മയെ മറന്നുള്ള കളിക്ക് എൻ്റെ മക്കൾ കൂട്ടുനിൽക്കരുത്. കൊഞ്ചിപ്പറഞ്ഞാൽ മലയാളമാവില്ല. ഇതര ഭാഷകളും നിങ്ങൾ പഠിക്കണം. പക്ഷേ അമ്മയ്ക്കുള്ള ഇല ആദ്യം വയ്ക്കണം."
പലരും മരക്കവി എന്ന് വിളിച്ചു കളിയാക്കുമ്പോൾ ടീച്ചർക്ക് വിഷമമുണ്ടോ എന്നതായിരുന്നു കെ.ടി. ലീനയുടെ ചോദ്യം. "അതു കേൾക്കുമ്പോൾ എനിക്കഭിമാനമാണ്. എത്രയോ വർഷമായി ഞാനിതു കേൾക്കുന്നു. ഒ.എൻ.വിയും കടമ്മനിട്ടയുമൊക്കെ ഇങ്ങനെ വിളി കേൾക്കുന്നവരാണ്. സൈലൻ്റ് വാലിയുടെ  സംരക്ഷണത്തിനായി ഞങ്ങൾ പോരാടിയപ്പോൾ കൂട്ടിന് ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടായിരുന്നില്ല. പക്ഷേ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുണച്ചു. വനനിയമം കൊണ്ടുവരാൻ കഴിഞ്ഞു.  അതുകൊണ്ട് കുറച്ചു കാടെങ്കിലും ഇപ്പോൾ ബാക്കിയുണ്ട്."
ടീച്ചർ നടത്തുന്ന അഭയ എന്ന സ്ഥാപനത്തെക്കുറിച്ച് പലരും ആക്ഷേപം പറയുന്നത്  മാധ്യമങ്ങളിലൂടെ അറിഞ്ഞെന്ന് ഷിജില നെസ്ഫിൻ.
"മോള് പറഞ്ഞത് ശരിയാണ്. നല്ലത് ചെയ്താലും ചീത്തയേ പറയൂ. തെരുവിൽ അനാഥമാക്കപ്പെട്ട പെൺകുട്ടികളും സ്ത്രീകളുമാണ് അവിടുള്ളത്. ഞാൻ അവരെയെല്ലാം കരാട്ടെ പഠിപ്പിക്കുന്നുണ്ട്. കാലം വല്ലാത്തതാണ്. സ്വയരക്ഷക്ക് കുട്ടികൾ തയാറാവണം. സ്കൂളുകളിൽ കരാട്ടെ പോലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കാൻ നിങ്ങൾ അധ്യാപകരോട് പറയണം."
 ടീച്ചറുടെ മുഖത്ത് എപ്പോഴും സങ്കടമാണല്ലോ. ഇതിനു കാരണമെന്തെന്നായിരുന്നു പി. ഫാത്തിമ ജംഷീനയ്ക്ക് അറിയേണ്ടത്.
"കുഞ്ഞുങ്ങളെ കാണുമ്പോഴാണ് എനിക്ക് ചിരിക്കാൻ കഴിയുന്നത്. ദുഃഖമുള്ളവരാണ് എൻ്റെ ചുറ്റിലും. അവരുടെ വേദനയുടെയും കണ്ണീരിൻ്റെയും ഒപ്പം നിൽക്കുമ്പോൾ എങ്ങനെ ചിരിവരും?"
 എഴുതിത്തുടങ്ങിയ കാലത്തെക്കുറിച്ചായിരുന്നു  പി. ഫഹിമയുടെ ചോദ്യം.
"കോളജിൽ പഠിക്കുന്ന കാലത്തൊക്കെ എഴുതാൻ ഭയങ്കര പേടിയായിരുന്നു. മഹത്തായ രചനകൾക്ക് മുമ്പിൽ ഞാനാര് എന്ന ചോദ്യമായിരുന്നു മനസ്സിൽ. കവിതയെഴുതിയാൽ ആൺകുട്ടികൾ കളിയാക്കുമായിരുന്നു. പല പ്രമുഖരുടെയും പ്രോത്സാഹനമാണ് എഴുത്തിലേക്ക് വഴിതിരിച്ചത്."
ടീച്ചറെഴുതിയ നോവിക്കല്ലേ എന്ന കവിത വായിച്ച് ഒരുപാടു സങ്കടപ്പെട്ടെന്ന് കെ. അരുന്ധതി.
"ധാരാളം കുട്ടികൾ അത് വായിച്ചു കരഞ്ഞിട്ടുണ്ട്. സത്യത്തിൽ അത് മുതിർന്നവർക്കുള്ളതാണ്. അത് കുട്ടികൾക്കുള്ള പുസ്തകത്തിൽ ചേർക്കേണ്ടിയിരുന്നില്ല."
 ഇന്നത്തെ സമൂഹത്തെക്കുറിച്ച് ടീച്ചറുടെ അഭിപ്രായമെന്താണ്? ചോദിച്ചത് എ. അശ്വതിയാണ്.
"നല്ല അഭിപ്രായമില്ല. മദ്യത്തിലും ലഹരിപദാർത്ഥങ്ങളിലും മുങ്ങിക്കുളിച്ചിരിക്കുകയാണ് സമൂഹം. പണത്തിൻ്റെ അഹങ്കാരമാണെങ്ങും. ഗതിയില്ലാത്തവരോട് പുച്ഛവും. വിദേശത്തുപോയി അഞ്ചക്കശമ്പളവും പറ്റി ജീവിതം പൊടിപൊടിക്കാനാണ് കൊതി. പെൺകുട്ടികൾ ഒന്നുറപ്പിക്കണം. മദ്യപനായ ഒരുത്തനേയും വിവാഹം കഴിക്കരുത്."
 കയ്യടിയോടെയാണ് ടീച്ചറുടെ അഭിപ്രായത്തെ കുട്ടികൾ എതിരേറ്റത്. ടീച്ചറുടെ ആവശ്യപ്രകാരം സി. ശ്രീലക്ഷ്മി കവിത ചൊല്ലി.
"കവിതയുടെ പിന്നിൽ ജന്മങ്ങളുടെ തപസ്യയുണ്ട്. വെയിലിലും നിലാവിറ്റു വീഴുന്നതാണ് കവിത. കുട്ടികൾ എല്ലാവരും കവിത ചൊല്ലാൻ പഠിക്കണം. പാഠപുസ്തകം മാത്രം പഠിച്ചാൽ പോര. അടുത്ത തവണ വരുമ്പോൾ നിങ്ങൾ എല്ലാവരും എന്നെ കവിത ചൊല്ലിക്കേൾപ്പിക്കണം." ടീച്ചർ പറഞ്ഞു നിർത്തി.
ഇനി കവിതചൊല്ലാനും കേൾക്കാനും നേർവഴി കാട്ടാനും ടീച്ചറില്ലല്ലോ എന്ന സങ്കടമാണ് എല്ലാവർക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org