ഓണ്‍ലൈനായി ഞായറാഴ്ചകളിലെ വിശ്വാസ പരിശീലന ക്ലാസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ വിശ്വാസപരിശീലനം വിവിധ രൂപതകളില്‍ ഓണ്‍ലൈനായി ആരംഭിക്കുന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഓണ്‍ലൈന്‍, യുട്യൂബ് സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്ലാസുകള്‍ നടക്കും. വീട് വിശ്വാസ പരിശീലന കളരി എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള വീഡിയോകളും അനുബന്ധ പ്രവര്‍ത്തനങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ഇതിന്‍റെ  ഭാഗമായി പാഠപുസ്തകങ്ങള്‍ അധ്യാപകര്‍, കുട്ടികളുടെ വീടുകളിലെത്തിക്കും. പുതിയ സാഹചര്യത്തില്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപതകള്‍ക്കു നല്കിയതായി സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഡോമൂസ് കാറ്റ് (വീടുകളിലെ വിശ്വാസ പരിശീലനം) എന്ന പേരിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക. ഞായറാഴ്ചകളില്‍ വീടുകളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികള്‍ വിശ്വാസപരിശീലനം നടത്തുന്ന രീതിയിലാണു ഡോമൂസ് കാറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. ഞായറാഴ്ചകളില്‍ നിശ്ചിത പാഠങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്‍റെ യുട്യൂബ് ചാനലില്‍ ലഭ്യമാക്കും. പതിനാറു ഫൊറോനകളിലെ തെരഞ്ഞെടുത്ത ഇടവകകളിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പാഠപുസ്തകത്തെ ആധാരമാക്കിയുള്ള ക്ലാസുകളുടെ ചിത്രീകരണവും എഡിറ്റിംഗ് ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു.

ഞായറാഴ്ചകളില്‍ രാവിലെ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു മുന്നോടിയായുള്ള കാറ്റക്കിസം അസംബ്ലിയും ബൈബിള്‍ പ്രതിഷ്ഠയും വചനവായനയും വീടുകളിലെ പ്രാര്‍ത്ഥനാമുറിയില്‍ നടത്തണം.

ഓണ്‍ലൈന്‍ വിശ്വാസ പരിശീലനത്തിനു മുന്നോടിയായി അധ്യാപകരുടെ പ്രാര്‍ത്ഥനാദിനവും കുട്ടികള്‍ക്കുള്ള ധ്യാനവും ഓണ്‍ലൈന്‍ വഴി നടത്തിയതായി അതിരൂപത ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org